ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി; 16 മാസത്തിനുള്ളില്‍ മോചിതനാകും
ന്യൂഡല്‍ഹി• ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്തെന്നു വ്യക്തമാക്കുന്ന തെളിവു ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു വ്യക്തമാക്കിയാണു സുപ്രീം കോടതിയുടെ വിധി. പ്രതിക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായി കോടതി വ്യക്തമാക്കി. മാനഭംഗക്കുറ്റത്തിന് ഏഴു വര്‍ഷം കഠിനതടവു മാത്രമാണു ഗോവിന്ദച്ചാമിക്കുള്ള ശിക്ഷ. ഈ വിധി നടപ്പായാല്‍ 16 മാസത്തിനുള്ളില്‍ ഗോവിന്ദച്ചാമി ജയില്‍ മോചിതനാകും. ഇതിനകം അഞ്ചുവര്‍ഷവും ഏഴുമാസവും ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞ പശ്ചാത്തലത്തിലാണിത്. കീഴ്ക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍. ബി.എ.ആളൂര്‍ തന്നെയാണു സുപ്രീം കോടതിയിലും ഹാജരായത്. സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രധാന വാദം. ഗോവിന്ദച്ചാമി കൊലപാതകം ചെയ്തുവെന്നതിനു തെളിവൊന്നുമില്ലെന്നു വിധിക്കുശേഷം ബി.എ.ആളൂര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ഇത്രയും നാള്‍ കണ്ടതു പൊലീസും പ്രോസിക്യൂഷനും ചേര്‍ന്നുനടത്തിയ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു വിധി. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു തെളിവുണ്ടോ എന്നു സുപ്രീം കോടതി പ്രോസിക്യൂഷനോടു ചോദിച്ചിരുന്നു. സൗമ്യയെ കൊലപ്പെടുത്താനായി ട്രെയിനില്‍നിന്നു തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ എവിടെയെന്നും കോടതി വാദം കേള്‍ക്കുന്നതിനിടെ ചോദിച്ചിരുന്നു.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിയാതെ വന്നപ്പോഴായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.
No comments:
Post a Comment