അഭയാര്‍ത്ഥികളും നിയോനാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ജര്‍മനിയില്‍ പതിവാകുന്നു; 20ഓളം കുടിയേറ്റക്കാരെ തല്ലിയോടിച്ചത് നൂറോളം വരുന്ന സംഘം
അഭയാര്‍ത്ഥികളോട് തികഞ്ഞ ഉദാരത പുലര്‍ത്തി അവര്‍ക്ക് മുമ്ബില്‍ ജര്‍മനിയുടെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിട്ട ജര്‍മന്‍ ചാന്‍സലര്‍ ഏയ്ജല മെര്‍കലിന്റെ നടപടി രാജ്യത്തെ രണ്ട് ഭാഗങ്ങളാക്കി വിഭജിച്ചുവെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. അഭയാര്‍ത്ഥികളും അഭയാര്‍ത്ഥി വിരുദ്ധരുമാണീ രണ്ട് ഭാഗത്തുമായി നില കൊള്ളുന്നത്. ഇതേ തുടര്‍ന്ന് ഇവിടുത്തെ അഭയാര്‍ത്ഥികളും നിയോനാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാജ്യത്ത് പതിവ് സംഭവമായിരിക്കുകയാണ്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ സംഭവത്തില്‍ 20ഓളം വരുന്ന കുടിയേറ്റക്കാരെ തല്ലിയോടിച്ചിരിക്കുന്നത് നൂറോളം വരുന്ന നിയോനാസി സംഘമാണ്.
ബുധനാഴ്ച രാത്രിയാണ് കിഴക്കന്‍ ജര്‍മന്‍ പട്ടണമായ ബൗട്ട്സണില്‍ ഇരുവിഭാഗവും സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിയോനാസികളുടെ ആക്രമണത്തില്‍ നിന്നും അഭയാര്‍ത്ഥികളെ രക്ഷിക്കാന്‍ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.
അഭയാര്‍ത്ഥികള്‍ പ്രകോപനപരമായി പെരുമാറിയതിനെ തുടര്‍ന്നാണ് തീവ്രവലത് പക്ഷക്കാര്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഭയാര്‍ത്ഥികള്‍ ബോട്ടിലുകളും മറ്റും വലിച്ചെറിയുന്നത് കാണാമായിരുന്നു. പട്ടണത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അഭയാര്‍ത്ഥികളോടുള്ള തന്റെ തുറന്ന വാതില്‍ നയം മൂലം അടുത്ത കാലത്തായി തീവ്രവലത്പക്ഷ പാര്‍ട്ടിയായ എഎഫ്ഡിയില്‍ നിന്നും മെര്‍കലിന് ഭീഷണികള്‍ വര്‍ധിച്ച് വന്നു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തരം സംഘര്‍ഷങ്ങളും പെരുകുന്നത്. അഭയാര്‍ത്ഥികളെ ആക്രമിച്ചവര്‍ക്ക് നേരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇരു വിഭാഗക്കാരെയും പിരിച്ച് വിടാനായി പൊലീസ് പെപ്പര്‍ സ്്രേപ പ്രയോഗിക്കുകയും ചെയ്തിരുന്നു.
ഇവിടെ തുടര്‍ന്ന് ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് പൊലീസ് രാത്രിയിലും ഇവിടെ നിലകൊള്ളുന്നുണ്ടായിരുന്നു. ആക്രമണത്തിനിടെ ബോട്ടിലു കൊണ്ടുള്ള അടിയേറ്റ് 18കാരനായ മൊറോക്കോക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാവിനെയും കയറ്റിയുള്ള ആംബുലന്‍സിന് റോഡിലെ തടസങ്ങള്‍ കാരണം മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് ഹോസ്പിറ്റലിലേക്ക് പോയിരുന്നത്. നിയോ നാസികളായിരുന്നു റോഡ് തടസപ്പെടുത്തിയിരുന്നത്. ഇവിടെയുള്ള പ്രദേശവാസികളിലൊരാള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.കിഴക്കന്‍ ജര്‍മനി ഒരു പ്രത്യേക രാജ്യമായി നിലകൊണ്ടപ്പോള്‍ ബൗട്ട്സണില്‍ കുപ്രസിദ്ധമായ പൊലീസ് ജയിലുണ്ടായിരുന്നു. ഇവിടെ കുടിയേറ്റക്കാര്‍ക്കെതിരെ സ്ഥിരമായി ആക്രമണമുണ്ടാകുന്ന സ്ഥലവുമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അഭയാര്‍ത്ഥികളെ താമസിക്കാന്‍ പദ്ധതിയിട്ടിരുന്ന ഒരു ഹോട്ടല്‍ ഇവിടെ അഗ്നിക്കിരയാക്കിയിരുന്നു.
No comments:
Post a Comment