അനിശ്ചിതത്വങ്ങളുടെ കളിയാണ് ക്രിക്കറ്റ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ക്രിക്കറ്റിന്റെ സൗന്ദര്യവും ആരാധകരുടെ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്തേക്കു വളരുന്ന ഈ അനിശ്ചിതത്വം തന്നെ. ഇത്തരത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ എന്നും ആരാധകര്‍ക്ക് അവിശ്വസനീയമായ ചില കാഴ്ചകള്‍ സമ്മാനിച്ചിട്ടുണ്ട്.
ഇത്തരത്തില്‍, സംഭവിച്ച കാലഘട്ടത്തിനു മാറ്റം സംഭവിച്ചെങ്കിലും അവയിലെ സാമ്യതകള്‍കൊണ്ട് ആരാധകരെ അതിശയിപ്പിച്ച ചില ക്രിക്കറ്റ് നിമിഷങ്ങള്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണിവിടെ:
ആദ്യ ഏകദിന ഇരട്ടസെഞ്ചുറിയും ഏകദിന ലോകകപ്പ് ഇരട്ട സെഞ്ചുറിയും പിറന്നത് അഞ്ചുവര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരേ ദിവസം!
2010 ഫെബ്രുവരി 24. ഒരു കാലത്ത് അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന കാര്യം (ഏകദിനത്തില്‍ ഒരു താരത്തിന്റെ ഇരട്ടസെഞ്ചുറി) സംഭവിച്ച ദിവസം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ രണ്ടാം മല്‍സരം ഗ്വാളിയോറില്‍ നടക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 401 റണ്‍സെടുത്തു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പ്രകടനമായിരുന്നു മല്‍സരത്തിന്റെ സവിശേഷത. 147 പന്തുകള്‍ നേരിട്ട സച്ചിന്‍, 25 ബൗണ്ടറികളും മൂന്നു സിക്സും ഉള്‍പ്പെടെ 200 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മല്‍സരം ഇന്ത്യ 153 റണ്‍സിന് ജയിച്ചു!
2015 ഫെബ്രുവരി 24. ഏകദിന ലോകകപ്പിലെ പൂള്‍ ബി മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും സിംബാബ്വെയും ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 372 റണ്‍സെടുത്തു. ഏകദിന ലോകകപ്പിലെ കന്നി ഇരട്ടസെഞ്ചുറിയെന്ന നാഴികക്കല്ലു പിന്നിട്ട ക്രിസ് ഗെയ്‍ലിന്റെ ഇന്നിങ്സായിരുന്നു മല്‍സരത്തിന്റെ പ്രത്യേകത. 147 പന്തുകള്‍ നേരിട്ട ഗെയ്ല്‍, 10 ബൗണ്ടറികളും 16 സിക്സുമുള്‍പ്പെടെ 215 റണ്‍സെടുത്ത് പുറത്തായി. മഴ തടസപ്പെടുത്തിയ മല്‍സരം വിന്‍ഡീസ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 73 റണ്‍സിന് വിജയിച്ചു. ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയില്‍നിന്ന് ഏകദിന ലോകകപ്പിലെ ആദ്യ ഇരട്ടസെഞ്ചുറിയിലേക്കുള്ള ദൂരം കൃത്യം അഞ്ചു വര്‍ഷം!
ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിക്കപ്പെട്ട മൂന്നു തവണയും ഇന്ത്യ വിജയിച്ചത് ഒരേ റണ്‍മാര്‍ജിനില്‍!
• ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ രണ്ടാം മല്‍സരം ഗ്വാളിയോറില്‍ നടക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 401 റണ്‍സെടുത്തു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പ്രകടനമായിരുന്നു മല്‍സരത്തിന്റെ സവിശേഷത. 147 പന്തുകള്‍ നേരിട്ട സച്ചിന്‍, 25 ബൗണ്ടറികളും മൂന്നു സിക്സും ഉള്‍പ്പെടെ 200 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രണ്ടാമത് ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി. മല്‍സരം ഇന്ത്യ 153 റണ്‍സിന് ജയിച്ചു!
• 2011 ഡിസംബര്‍ എട്ടിന് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്ബരയിലെ നാലാം മല്‍സരം ഇന്‍ഡോറില്‍ നടക്കുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തു. ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയെന്ന (പുറത്താകാതെ 200) റെക്കോര്‍ഡ് കുറിച്ച സച്ചിന്റെ റണ്‍നേട്ടം ഇന്ത്യയുടെതന്നെ സെവാഗ് മറികടന്നതായിരുന്നു മല്‍സരത്തിന്റെ പ്രത്യേകത. 149 പന്തുകള്‍ നേരിട്ട സെവാഗ് 25 ബൗണ്ടറിയും ഏഴു സിക്സുമുള്‍പ്പെടെ 219 റണ്‍സെടുത്ത് പുറത്തായി. രണ്ടാമത് ബാറ്റു ചെയ്ത വിന്‍ഡീസ് 49.2 ഓവറില്‍ 265 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ വിജയം വീണ്ടും 153 റണ്‍സിന്!
• 2014 നവംബര്‍ 13. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ നാലാം മല്‍സരം കൊല്‍ക്കത്തയില്‍ നടക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെടുത്തു. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് (219) ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ മറികടന്ന മല്‍സരമായിരുന്നു ഇത്. 173 പന്തുകള്‍ നേരിട്ട ശര്‍മ, 33 ബൗണ്ടറികളും ഒന്‍പത് സിക്സുമുള്‍പ്പെടെ 264 റണ്‍സെടുത്ത് പുറത്തായി. രണ്ടാമത് ബാറ്റു ചെയ്ത ശ്രീലങ്ക 43.1 ഓവറില്‍ 251 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ വിജയം വീണ്ടും 153 റണ്‍സിന്!
ഇരുപത്തിയാറില്‍ സച്ചിനും കോഹ്ലിക്കും 22 ഏകദിന സെഞ്ചുറികള്‍!
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനും പുതുതലമുറയുടെ ഇഷ്ടതാരം വിരാട് കോഹ്ലിക്കും 26 വയസു പൂര്‍ത്തിയാകുന്ന സമയത്ത് ഏകദിനത്തില്‍ 22 സെഞ്ചുറികളാണ് സ്വന്തം പേരിലുണ്ടായിരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്, പ്രത്യേകിച്ചും ടെസ്റ്റില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് ഹൈദരാബാദുകാരനായ വി.വി.എസ്.ലക്ഷ്മണും കര്‍ണാടകക്കാരനായ രാഹുല്‍ ദ്രാവിഡും. ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ തോളിലേറ്റി ഇവര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയങ്ങള്‍ എത്രയോ അധികമാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ഇന്നിങ്സില്‍ ഫോളോ ഓണ്‍ ചെയ്ത ഇന്ത്യയെ സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവച്ച് വിജയത്തിലെത്തിച്ച ഇരുവരുടെയും ഇന്നിങ്സ് മറക്കാന്‍ ആര്‍ക്കു കഴിയും. ഇത്തരം സമാനതകള്‍ക്കു പുറമെ ഇരുവരും തമ്മില്‍ മറ്റു ചില സാമ്യങ്ങളുമുണ്ട്. അവയിതാ:
• 1996ലാണ് ഇരുവരുടെയും രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം.
• ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങിനിന്നത് നീണ്ട 16 വര്‍ഷങ്ങള്‍.
• ഇരുവരും കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടു തവണ 300 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളികളായി.
• ഒരേ വേദിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒരേ മല്‍സരത്തിലായിരുന്നു ഇരുവരുടെയും അവസാന ടെസ്റ്റ് സെഞ്ചുറി.
• ടെസ്റ്റ് ക്രിക്കറ്റില്‍ ഉയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരുടെയും പേരിലാണ്.
• ഇരുവരുടെയും അവസാന ടെസ്റ്റ് പരമ്ബര ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.
• ഇരുവരുടെയും അവസാന വിദേശ ടെസ്റ്റ് പരമ്ബരയും ഓസ്ട്രേലിയന്‍ മണ്ണിലായിരുന്നു.
• അപൂര്‍വമായി മാത്രം ബോള്‍ ചെയ്തിരുന്ന ഇരുവരും തങ്ങളുടെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേടിയത് ഒരേ മല്‍സരത്തിലാണെന്ന അപൂര്‍വതയുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഇത്.
അലക് സ്റ്റ്യുവാര്‍ട്ടിന്റെ ജനന തീയതിയും റണ്‍നേട്ടവും ഒരുപോലെ വന്ന് ഞെട്ടിച്ചപ്പോള്‍!
1963 ഏപ്രില്‍ എട്ടിനായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം അലക് സ്റ്റ്യുവാര്‍ട്ടിന്റെ ജനനം. അതായത് 8-4-63ന്. ടെസ്റ്റ് ക്രിക്കറ്റില്‍ അലക് സ്റ്റ്യുവാര്‍ട്ടിന്റെ റണ്‍നേട്ടം ഇങ്ങനെ 8463!
ധോണിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ആദ്യ ഏകദിന സെഞ്ചുറിയും
പരിമതി ഓവര്‍ ക്രിക്കറ്റ് മല്‍സരങ്ങളിലെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ആദ്യ ഏകദിന സെഞ്ചുറിയും അദ്ദേഹത്തിന്റെ അഞ്ചാം മല്‍സരത്തിലായിരുന്നു. മാത്രമല്ല, ഈ സെഞ്ചുറികള്‍ രണ്ടും പാക്കിസ്ഥാനെതിരെയായിരുന്നു. തീര്‍ന്നില്ല സമാനതകള്‍. ഇരു മല്‍സരങ്ങളിലും ധോണി നേടിയത് 148 റണ്‍സ്!
No comments:
Post a Comment