ടിക്കറ്റ് നല്‍കിയാല്‍ ഉടനടി കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തും; ഒരേ റൂട്ടില്‍ ഒരേസമയം ബസ്സുകളോടുന്നത് തടയാനാകും; 'മനോഹരമായ നടക്കാത്ത സ്വപ്ന'ത്തിന്റെ പേരില്‍ കെഎസ്‌ആര്‍ടിസി പാഴാക്കുന്നത് മാസംതോറും 15 ലക്ഷം; വന്‍തുക മുടക്കി വാങ്ങിയ 6200 ടിക്കറ്റ് മെഷീനുകള്‍ നോക്കുകുത്തിയായി
തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവ് തിന്നുമുടിക്കുന്ന വെള്ളാനയായി കെഎസ്‌ആര്‍ടിസി മാറിയിട്ട് കാലങ്ങളായി. ബസ്സുകളുടെ സ്പെയര്‍പാര്‍ട്ട് വാങ്ങുന്നതുമുതല്‍ പുത്തന്‍ ബസ്സുകള്‍ വാങ്ങുന്നതുവരെ അടിമുടി അഴിമതി ഇടപാടുകള്‍ ആരോപിക്കപ്പെട്ട കെഎസ്‌ആര്‍ടിസി ഒന്നരവര്‍ഷമായി ഉപയോഗിക്കാത്ത ഓണ്‍ലൈന്‍ ഇടപാടിന്റെ പേരില്‍ പ്രതിമാസം പതിനഞ്ചുലക്ഷം രൂപ പാഴാക്കുന്നതായി മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ ടിക്കറ്റെടുക്കുമ്ബോള്‍ തത്സമയം വിവരം കൈമാറുന്നതിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം തകരാറിലായി ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ പേരില്‍ കെഎസ്‌ആര്‍ടിസി 15 ലക്ഷം രൂപ ഓരോ മാസവും പാഴാക്കുകയാണിപ്പോള്‍.
അതേസമയം എന്തിനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയതെന്നുപോലും കെഎസ്‌ആര്‍ടിസിയില്‍ പലര്‍ക്കും അറിയില്ലെന്നതാണ് മറ്റൊരു വസ്തുത. 6200 ടിക്കറ്റ് മെഷീനുകള്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നതിനുവേണ്ടി വന്‍തുക ടെലിഫോണ്‍ കമ്ബനിക്ക് നല്‍കുന്നത്.
എന്നാല്‍, ഒറ്റമെഷീന്‍പോലും ഓണ്‍ലൈനായി നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇതിനായി സ്ഥാപിച്ച നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കാതായിട്ട് ഒന്നരവര്‍ഷം പിന്നിട്ടുകഴിഞ്ഞു. നിരത്തിലുള്ള ബസ്സുകളിലെ ടിക്കറ്റ് വിതരണം ഓണ്‍ലൈനായി നിരീക്ഷിക്കാനും ഒന്നിലധികം ദീര്‍ഘദൂരബസ്സുകള്‍ ഒരുമിച്ചുപോകുന്നത് തടയാനുമാണ് പുതിയസംവിധാനം എന്നു പറഞ്ഞാണ് ഈ സംവിധാനം കൊണ്ടുവന്നത്. പക്ഷേ, ഒരുകാലത്തും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനായി 11,500 രൂപ വീതം നല്‍കിയാണ് പുതിയ മെഷീനുകള്‍ വാങ്ങിയത്. ഇതിനായും ലക്ഷങ്ങള്‍ ചെലവിട്ടു. ടിക്കറ്റ് നല്‍കുമ്ബോള്‍ എസ്.എം.എസ്സിലൂടെ കണ്‍ട്രോള്‍റൂമില്‍ വിവരം ലഭിക്കുന്ന വിധത്തിലായിരുന്നു ക്രമീകരണം. എന്നാല്‍, ഒരുമാസംപോലും ഇത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. അതോടെ പാളിപ്പോയ പദ്ധതിയുടെ പേരില്‍ ഇപ്പോഴും മാസം 15 ലക്ഷം രൂപ കെഎസ്‌ആര്‍ടിസി ചെലവിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍.
ഈ മെഷീനുകള്‍ വാങ്ങിയതിലും പദ്ധതി നടപ്പാക്കിയതിലും വന്‍ തട്ടിപ്പുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. മെഷീനുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ തകരാറിലാണ്. ബാറ്ററി, കീപാഡ്, പൗച്ച് എന്നിവ മാറ്റിക്കൊടുക്കാന്‍ കമ്ബനി തയ്യാറായിട്ടില്ല. കരാര്‍പ്രകാരം ഇവ ഒരോവര്‍ഷവും മാറ്റേണ്ടിയിരുന്നുവെങ്കിലും അതില്‍ വീഴ്ചവന്നു. കമ്ബനിക്കെതിരെ നടപടിയെടുക്കാനും ഒരു നീക്കവും ഉണ്ടായില്ല.
ആദ്യഘട്ടത്തില്‍ 4200 രൂപ വിലയുള്ള ടിക്കറ്റ് മെഷീനുകളാണ് മുമ്ബ് കെ.എസ്.ആര്‍.ടി.സി. ഉപയോഗിച്ചിരുന്നത്. ഇവയുടെ മൂന്നുവര്‍ഷത്തെ അറ്റകുറ്റപ്പണിയും സൗജന്യമായി വിതരണക്കാര്‍ നിര്‍വഹിച്ചിരുന്നു. അഞ്ചുവര്‍ഷത്തോളം മെഷീനുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇതിനുശേഷമാണ് പുതിയ മെഷീനുകള്‍ വാങ്ങിയത്. ഓണ്‍ലൈന്‍വഴി ബന്ധിപ്പിക്കാമെന്നും ഇതോടെ ടിക്കറ്റ് നല്‍കുന്ന വേളയില്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ എത്തുമെന്നുമുള്ള വാദം ഉയര്‍ത്തി നടത്തിയ നീക്കം എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ചില ഉന്നതോദ്യോഗസ്ഥര്‍ വന്‍തുക കമ്മിഷന്‍ വാങ്ങിയാണ് പുതിയ മെഷീനുകള്‍ വാങ്ങിയതെന്നും മെഷീന്‍ നല്‍കിയ കമ്ബനിക്കെതിരെയുള്ള നടപടികള്‍ അട്ടിമറിക്കുന്നത് ചീഫ് ഓഫീസിലെ ചില ഉദ്യോഗസ്ഥരാണെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. പുതിയ മെഷീന്‍ ഉപയോഗിക്കാന്‍ കാര്യമായ പരിശീലനം നല്‍കാതിരുന്നതോടെയാണ് പദ്ധതി പാളിയതെന്ന ആക്ഷേപം ശക്തമാണെങ്കിലും ഇത്തരത്തില്‍ ഓണ്‍ലൈന്‍ നിരീക്ഷണം നടത്തിയതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടായതെന്ന ചോദ്യത്തിന് ഇപ്പോഴും കെഎസ്‌ആര്‍ടിസി അധികൃതര്‍ക്ക് ഉത്തരമില്ല.
ബ്ലൂടൂത്ത് കണക്ടിവിറ്റിയും സിംകാര്‍ഡും ഉള്ള ടിക്കറ്റ് മെഷീനുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ടിക്കറ്റ് വിതരണം ഓണ്‍ലൈനില്‍ നിരീക്ഷിക്കുന്നതിന്റെ ആവശ്യമെന്തെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. മുമ്ബ് പേപ്പര്‍ ടിക്കറ്റ് നല്‍കിയിരുന്ന കാലത്ത് നടന്നിരുന്ന വ്യാജ ടിക്കറ്റ് തട്ടിപ്പുകള്‍ ടിക്കറ്റ് മെഷീന്‍ വന്നതോടെ ഇല്ലാതായിരുന്നു. ഇതല്ലാതെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്ന വേളയില്‍ അതിന്റെ എസ്‌എംഎസ് കണ്‍ട്രോള്‍ റൂമില്‍ അറിഞ്ഞതുകൊണ്ട് എന്തു പ്രയോജനമെന്നതാണ് ഉയരുന്ന ചോദ്യം.
യാത്രകഴിഞ്ഞ് ടിക്കറ്റ് മെഷനീകള്‍ സ്റ്റേഷനിലെത്തുമ്ബോള്‍ അതു പരിശോധിച്ചാല്‍ എത്ര ടിക്കറ്റ് നല്‍കിയെന്നും എത്ര തുക കളക്ഷനുണ്ടെന്നുമുള്ള വിവരങ്ങള്‍ അറിയാമെന്നിരിക്കെ, പുതിയ മെഷീനുകള്‍ വാങ്ങിയും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ലക്ഷങ്ങള്‍ മുടക്കിയും നടത്തിയ പരിഷ്കാരം പാടെ പാളിയത് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുകയാണ്.
ഇതിനുപുറമെ മറ്റൊരു പാഴ്ച്ചെലവു കൂടി വരുത്താനാണ് ഇപ്പോള്‍ കെഎസ്‌ആര്‍ടിസിയുടെ നീക്കമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ഇപ്പോള്‍ വന്‍തുക മുടക്കി ബസ്സുകളില്‍ ജിപിഎസ് സംവിധാനം കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണെന്നും ഇതും ഭാവിയില്‍ മറ്റൊരു പാഴ്ച്ചലവായി മാറുമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. ഇപ്പോള്‍ അനാവശ്യ ചെലവായി മാറിയ ടിക്കറ്റ് മെഷീന്‍ ഇടപാടിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് ജിപിഎസ് ഇടപാടിനും കുടപിടിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
No comments:
Post a Comment