Thursday, 15 September 2016

സൗമ്യ വധക്കേസില്‍ സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വിധി; ഗോവിന്ദച്ചാമിമാര്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ വേണം; കേസില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍



തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വിധി. സ്ത്രീകളിലും കുടുംബങ്ങളിലും ഞെട്ടലുണ്ടാക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം. ഗോവിന്ദച്ചാമിമാര്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ വേണം. കേന്ദ്ര സര്‍ക്കാരും ഇടപെടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷയാണ് ഗോവിന്ദച്ചാമിക്ക് വിധിച്ചിരുന്നത്.
സെഷന്‍സ് കോടതിയും ഹൈക്കോടതിയും എല്ലാ വശങ്ങളും പരിശോധിച്ചാണ് വധശിക്ഷയ്ക്ക് അര്‍ഹമായ വിലയിരുത്തല്‍ നടത്തിയത്. അതില്‍ നിന്ന് വ്യത്യസ്തമായ വിലയിരുത്തലാണ് സുപ്രീംകോടതി നടത്തിയത്. ഏഴുവര്‍ഷം കഠിനതടവ് എന്ന വിധി അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ ഗോവിച്ചാമിയുടെ വധശിക്ഷ അംഗീകരിപ്പിക്കുന്ന ഇടപെടല്‍ ഉണ്ടാകണമെന്നും കോടിയേരി വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്നു സര്‍ക്കാര്‍ പരിശോധിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസ് നടത്തിപ്പ് ആരംഭിച്ചത്. ഉയര്‍ന്ന നിയമപരിജ്ഞാനമുള്ള അഭിഭാഷകനായ ജോസഫ് തോമസിനെ യുഡിഎഫ് ആണ് നിയമിച്ചിരുന്നത്. അന്നത്തെ അഭിഭാഷകര്‍ ആണ് ഇപ്പോഴും. എല്‍ഡിഎഫിന്റെ കാലത്തും മാറ്റിയിട്ടില്ല. എന്തെല്ലാം സംഭവിച്ചെന്നു വിശദമായ പരിശോധന നടത്തണമെന്നും കോടിയേരി പറഞ്ഞു.

No comments:

Post a Comment