ഓസ്ട്രേലിയയില്‍ നിന്നും ബുര്‍കിനി ധരിച്ച് ഫ്രഞ്ച് ബീച്ചില്‍ എത്തിയ മുസ്ലിം യുവതിയെ നിമിഷനേരം കൊണ്ട് ആട്ടിപ്പായിച്ച് നാട്ടുകാര്‍; പാളിപ്പോയ ഒരു പരീക്ഷണത്തിന്റെ കഥ
ജൂലൈയില്‍ നൈസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം 30 ഫ്രഞ്ച് നഗരങ്ങളിലെ ബീച്ചുകളില്‍ സ്ത്രീകള്‍ ഫുള്‍ ലംഗ്ത് സ്വിം സ്യൂട്ട് ധരിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നുവല്ലോ. അതൊന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടിയാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള 23കാരിയാ സെയ്നബ് അല്‍ഷെല്‍ഹ് ബുര്‍കിനി ധരിച്ച് ഫ്രഞ്ച് ബീച്ചില്‍ എത്തിയിരുന്നത്. എന്നാല്‍ ഇവരെ നിമിഷനേരം കൊണ്ടാണ് ഇവിടുത്തെ നാട്ടുകാര്‍ ആട്ടിപ്പായിച്ചത്. ഇന്നലെ രാത്രിയിലെ ചാന്‍ സെവന്‍സ് പ്രോഗ്രാമിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫ്രാന്‍സിലെ മുസ്ലീങ്ങളോട് പിന്തുണ പ്രകടിപ്പിക്കുന്നതിനായിരുന്നു യുവതി ഈ പരീക്ഷണം നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി അല്‍ഷെല്‍ഹും അവരുടെ അമ്മയും തങ്ങളുടെ നീല ബുര്‍കിനിയും ധരിച്ചാണ് ഫ്രഞ്ച് റിവൈറയില്‍ എത്തിയിരുന്നത്. കൂടെ യുവതിയുടെ പിതാവുമുണ്ടായിരുന്നു.
ബുര്‍കിനി നിരോധനത്തെ ഫ്രാന്‍സിലെ ഉന്നത അഡ്മിനിസ്ട്രേറ്റീവ് കോടതി റദ്ദാക്കിയിരുന്നുവെങ്കിലും ബുര്‍കിനി ധരിച്ചെത്തിയവരോട് ഇവിടുത്തുകാര്‍ കടുത്ത അസഹിഷ്ണുതയായിരുന്നു പ്രകടിപ്പിച്ചിരുന്നത്. ബീച്ച് വിട്ട് പോകാന്‍ ഇവിടെയുള്ളവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. ഇല്ലെങ്കില്‍ തങ്ങള്‍ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞായിരുന്നു അവരുടെ ഭീഷണിയെന്നും അല്‍ഷെല്‍ഹ് പറയുന്നു. ബുര്‍കിനി നിരോധനത്തെ കോടതി തള്ളിക്കളഞ്ഞതില്‍ ഇവിടുത്തെ പ്രാദേശികവാസികള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളതെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. തീവ്രവാദവുമായും ഇസ്ലാമുമായും യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നും അല്‍ഷെല്‍ഹ് പറയുന്നു. ബുര്‍കിനിയെക്കുറിച്ച് ഇവിടുത്തുകാര്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമേകുന്നതിനായി ഇവിടുത്തെ ഒരു മുസ്ലിം സ്ത്രീയെ താന്‍ സമീപിച്ചിരുന്നുവെങ്കിലും അവര്‍ ഇതിനോട് സഹകരിച്ചില്ലെന്നും ഓസ്ട്രേലിയന്‍ യുവതി വെളിപ്പെടുത്തുന്നു.
ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും ബുര്‍കിനിയോടുള്ള പ്രതികരണമറിയാനുമായിരുന്നു താന്‍ ഈ വസ്ത്രം ധരിച്ച് ഫ്രാന്‍സില്‍ പോയതെന്നാണ് അല്‍ഷെല്‍ഹ് വിശദീകരിക്കുന്നത്. ബാസ്റ്റില്ലെ ദിവത്തില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പേരില്‍ ബുര്‍കിനി നിരോധിക്കുന്നത് നീതിരഹിതമാണെന്ന് ഫ്രഞ്ച് കോടതി വിധിച്ചിട്ടും നൈസിലും മറ്റ് നിരവധി ഫ്രഞ്ച് നഗരങ്ങളിലും നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളോട് അവ അഴിച്ച് മാറ്റാനും പിഴയീടാക്കാനും പൊലീസിന്റെ സഹായം ഇവിടങ്ങളില്‍ ഇപ്പോഴും തേടുന്നുമുണ്ട്.
താന്‍ 10 വയസ് മുതല്‍ ബുര്‍ഖ ധരിക്കുന്നുണ്ടെങ്കിലും കായിക ഇനങ്ങളിലടക്കം താന്‍ സജീവമാണെന്നാണ് അല്‍ഷെല്‍ഹ് പറയുന്നത്.തനിക്ക് 11 വയസുള്ളപ്പോള്‍ മുതല്‍ താന്‍ കരാട്ടെ പഠിക്കുന്നുണ്ടെന്നും ദേശീയ തലത്തില്‍ മത്സരിക്കുന്നുണ്ടെന്നും അതിനൊന്നും ബുര്‍ഖ തടസമായിട്ടില്ലെന്നും യുവതി വെളിപ്പെടുത്തുന്നു.ബുര്‍കിനിയുമായി ബന്ധപ്പെട്ട വിവാദങ്ങളും മറ്റും സംശയമുളവാക്കുന്നതും ഞെട്ടലുളവാക്കുന്നതുമാണെന്നാണ് ഓസ്ട്രേലിയയിലെ ബുര്‍കിനി നിര്‍മ്മാതാവായ അഹെഡ സാനെട്ടി പ്രതികരിച്ചിരിക്കുന്നത്.ഇത് മുസ്ലിം വസ്ത്രമല്ലെന്നും താനുണ്ടാക്കുന്ന 40 ശതമാനം സ്വിംസ്യൂട്ടുകളും വാങ്ങുന്നത് അമുസ്ലീങ്ങളാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
No comments:
Post a Comment