Friday, 16 September 2016

പ്രീമിയര്‍ ലീഗില്‍ അട്ടിമറി, ലിവര്‍പൂള്‍ ചെല്‍സിയെ വീഴ്ത്തി



സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്: യുര്‍ഗന്‍ ക്ലോപിനു കീഴില്‍ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തികൊണ്ടിരിക്കുന്നത്. ഡോര്‍ട്ട്മുണ്ടിനെ യൂറോപ്യന്‍ ഫുട്ബോളിലെ കരുത്തരായി വാര്‍ത്തെടുത്ത ക്ലോപ്പിന് വെള്ളിയാഴ്ച സന്തോഷത്തിന്റെ ദിവസമായിരുന്നു. നിര്‍ണായകമായ മത്സരത്തില്‍ നാലു തവണ ചാംപ്യന്മാരായിട്ടുള്ള ചെല്‍സിയെ 1-2 എന്ന സ്കോറില്‍ മറികടക്കാന്‍ ലിവര്‍പൂളിന് സാധിച്ചു. അഞ്ചു മത്സരങ്ങളില്‍ നിന്നും പത്തു പോയിന്റുമായി ലിവര്‍പൂള്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്.


പതിനേഴാം മിനിറ്റില്‍ ക്രൊയേഷ്യന്‍ താരം ദെജാന്‍ ലോവ്രിനിലൂടെ ലിവര്‍പൂളാണ് ആദ്യം വലകുലുക്കിയത്. 36ാം മിനിറ്റില്‍ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ ലീഡ് ഉയര്‍ത്തി. കളിയുടെ 61ാം മിനിറ്റില്‍ സ്പെയിന്‍ ഫോര്‍വേര്‍ഡ് ഡീഗോ കോസ്റ്റ ചെല്‍സിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

ശനിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ ഹള്‍ ആഴ്സണലുമായും ലെയ്സെസ്റ്റര്‍ ബേര്‍ണിലിയുമായും മാഞ്ചസ്റ്റര്‍ സിറ്റി ബോണ്‍മൗത്തുമായും വെസ്റ്റ്ബ്രോം വെസ്റ്റ്ഹാമുമായും എവര്‍ട്ടണ്‍ മിഡില്‍സ്ബറോയുമായും ഏറ്റുമുട്ടും. നാലു മത്സരങ്ങളില്‍ നിന്നും പന്ത്രണ്ട് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും മുന്നിലുള്ളത്. ഇത്ര തന്നെ മത്സരങ്ങളില്‍ പത്തു പോയിന്റ് വീതമുള്ള എവര്‍ട്ടണ്‍ രണ്ടാമതും ചെല്‍സി മൂന്നാമതുമാണ്.

No comments:

Post a Comment