Thursday, 15 September 2016

ഭര്‍തൃമതിയെ പ്രണയിച്ച കാമുകന്മാരില്‍ ഒരാള്‍ രണ്ടാമനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിലിട്ടു; 'ദൃശ്യം' സ്റ്റൈലില്‍ മൊബൈല്‍ ഫോണ്‍ കര്‍ണാടകയ്ക്കുള്ള ലോറിയിലിട്ടു; പ്രതിയെ പിടിക്കാന്‍ ഫോണ്‍ തന്നെ തെളിവായി; സൗദിക്കു കടന്ന പ്രതിയെ തന്ത്രത്തില്‍ തിരിച്ചെത്തിച്ച്‌ അറസ്റ്റു ചെയ്ത് പൊലീസ്



കണ്ണൂര്‍: ഭര്‍തൃമതിയായ കാമുകിയെ സുഹൃത്ത് കൈവശപ്പെടുത്തിയതിലുള്ള പ്രതികാരമാണ് തളിപ്പറമ്ബ് ബക്കളത്തെ രജീഷിനെ കൊലപ്പെടുത്താന്‍ കാശി എന്ന വിളിപ്പേരുള്ള രാഗേഷിനെ പ്രേരിപ്പിച്ചത്. ബക്കളത്തെ വിദ്യാസമ്ബന്നയായ യുവതിയെയായിരുന്നു പ്രതിയായ പാച്ചേനി തറമ്മല്‍ രാഗേഷ് വിവാഹം കഴിച്ചിരുന്നത്. അക്കാലത്തു തന്നെ രാഗേഷിന് മറ്റൊരു യുവതിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് ഭാര്യക്ക് അറിവുണ്ടായിരുന്നു. അതോടെ ഇരുവരും തമ്മില്‍ കലഹവും പതിവായിരുന്നു.

ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്ബ് പൊലീസ് ഇടപെട്ട് ഇനി കാമുകിയുമായി ബന്ധപ്പെടില്ലെന്ന വ്യവസ്ഥയില്‍ അനുരഞ്ജനവും നടന്നു.
എന്നാല്‍ രാഗേഷ് വ്യവസ്ഥകള്‍ ലഘിച്ച്‌ കാമുകിയുമായുള്ള ബന്ധം തുടരുക തന്നെ ചെയ്തു. ഇതോടെ രാഗേഷുമായി ബന്ധം ഒഴിവാക്കി ഭാര്യ ഓസ്ട്രേലിയയിലേക്ക് ജോലിക്കു പോയി. ടാക്സി ഡ്രൈവറായിരുന്ന രാഗേഷ് ഗള്‍ഫില്‍ അല്പകാലം ജോലി ചെയ്തെങ്കിലും കാമുകിയുമായി അധികകാലം വിട്ടു നില്‍ക്കാനാവാത്തതിനാല്‍ തിരിച്ചു വരികയായിരുന്നു.

പറശ്ശിനിക്കടവ് എ.യു.പി. സ്ക്കൂളിലെ പ്യൂണായ ബക്കളം കാനൂല്‍ സ്വദേശി പി. പി. രജീഷ് സുഹൃത്തിന്റെ കാമുകിയെ വശത്താക്കാന്‍ ഇക്കാലത്ത് ശ്രമം തുടങ്ങിയിരുന്നു. മദ്യപാനശീലമുള്ള ഇരുവരും മദ്യപിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട രജീഷ് രാഗേഷിന്റെ കാമുകിയുടെ ഫോണ്‍ നമ്ബര്‍ തന്ത്രത്തില്‍ തട്ടിയെടുത്തിരുന്നു. അങ്ങനെ രജീഷ് രാഗേഷിന്റെ കാമുകിയുമായി അടുത്തു. 36 കാരനായ രാഗേഷിനേക്കാള്‍ 32 കാരനായ രജീഷുമായി അവള്‍ കൂടുതല്‍ അടുത്തു.

രജീഷുമായുള്ള ബന്ധം മനസ്സിലാക്കിയ രാഗേഷ് കാമുകിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ മദ്ധ്യസ്ഥതയില്‍ പ്രശ്നം താത്കാലികമായി ഒത്തുതീര്‍ന്നു. എന്നാല്‍ പി.പി. രജീഷ് യുവതിയുമായുള്ള ബന്ധം പതിവുപോലെ തുടര്‍ന്നു. കാമുകി പൂര്‍ണ്ണമായും തന്നെ കൈവിട്ടെന്ന ചിന്ത പ്രതികാരമായി കാശി രാഗേഷില്‍ വളരുകയായിരുന്നു. അങ്ങനെയാണ് രജീഷിനെ ഇല്ലായ്മ ചെയ്യാന്‍ രാഗേഷ് തീരുമാനിച്ചത്.

കാമുകിയുമായി ബന്ധപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന സ്ക്കൂളില്‍ നിന്നും രജീഷിനെ സെപ്റ്റംബര്‍ 5 ാം തീയ്യതി രാഗേഷ് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. വാടക കാറില്‍ പര്‍ശ്ശിനിക്കടവ് പാലത്തിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ചതിനു ശേഷം ഇവര്‍ കാമുകിയെ ചൊല്ലി പരസ്പരം തര്‍ക്കിച്ചു. അതിനൊടുവില്‍ കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തി. തുടര്‍ന്ന് ടാക്സി കാറില്‍ ബക്കളത്തെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പ്രവര്‍ത്തനം നിലച്ച പ്ലൈവുഡ് കമ്ബനിക്ക് സമീപം ഉപയോഗ ശൂന്യമായ കിണറ്റില്‍ മൃതദേഹം കൊണ്ടിട്ടു.

തുടര്‍ന്ന് പ്രതി മാതമംഗലത്തെ സഹോദരീ വീട്ടിലേക്കുള്ള യാത്രയില്‍ കത്തിയും മുണ്ടും കാട്ടിലുപേക്ഷിച്ച ശേഷം തിരിച്ചു വരികയും രജീഷിന്റെ ഫോണ്‍ സിം മാറ്റിയ ശേഷം കര്‍ണ്ണാടകത്തിലേക്ക് പോവുകയായിരുന്ന ഒരു ലോറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്കൂളില്‍ നിന്നും പുറത്തുപോയ രജീഷിനെ കാണാതായതിനുശേഷവും ഫോണ്‍ പ്രവര്‍ത്തിച്ചത് പൊലീസ് അന്വേഷണത്തില്‍ തുമ്ബുണ്ടാക്കാന്‍ സഹായകമായി. മാത്രമല്ല രാഗേഷ് തൊട്ടടുത്ത ദിവസം തന്നെ സൗദിയിലേക്ക് പോവുകയും ചെയ്തു.

സൗദിയില്‍ സഹോദരന്റെ അടുക്കല്‍ അഭയം തേടിയ രാഗേഷിനെ തന്ത്രപൂര്‍വ്വം പൊലീസ് സഹോദരനെ ബന്ധപ്പെട്ടു തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. സൗദിയില്‍നിന്നു തിരിച്ചെത്തിയ രാഗേഷ് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഡയറിയില്‍ നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യം മറച്ചുവക്കാനും രാഗേഷ് നന്നായി പരിശ്രമിച്ചിരുന്നു. രജീഷ് ജീവനോടെയുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ സമീപകാലത്ത് ഇറങ്ങിയ ദൃശ്യം സിനിമയിലെ ദൃശ്യങ്ങളെ അനുകരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്തു. രജീഷിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി പാണപ്പുഴ കരിങ്കച്ചാലിലെ റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിലും കാറിലുണ്ടായിരുന്ന ടര്‍ക്കി ടൗവ്വലുകള്‍ രക്തം പുരണ്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഒരു കാമുകിയെ ചൊല്ലിയുണ്ടായ കലഹത്തില്‍ മൂന്ന് കുടുംബങ്ങളാണ് വഴിയാധാരമാവുന്നത്. പ്രതിയായ രാഗേഷിന്റെ ആദ്യ ഭാര്യയാണ് ഒന്നാമത്തെ ഇര. ഇപ്പോള്‍ കൊല്ലപ്പെട്ട രജീഷിന്റെ കുടുംബവും പ്രതിയുടെ കുടുംബവും ഇരകളായി.

No comments:

Post a Comment