വാഹനത്തിനു പുറകില്‍ നിന്നും വസ്ത്രം മാറിയപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ തടഞ്ഞു; തോക്കില്‍ നിന്നും വെടിപൊട്ടിയത് മല്‍പിടുത്തത്തിനിടെ; വെടിപൊട്ടിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു: ഓണനാളില്‍ ചെറായി ബീച്ചില്‍ നടന്ന സംഭവത്തെ കുറിച്ച് കുടുംബനാഥന്‍ പറയുന്നു..
മുനമ്ബം: 'വാഹനത്തിനു പുറകില്‍നിന്ന് വസ്്ത്രം മാറിയപ്പോള്‍ പറ്റില്ലെന്നു പറഞ്ഞ് രണ്ടുപേരെത്തി. തുണി മാറുന്നതൊക്കെ ഹോട്ടലില്‍ മുറിയെടുത്തുശേഷം മതിയെന്ന് നിര്‍ദ്ദേശിച്ച് ആഗതര്‍ വിരട്ടി. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കയ്യേറ്റത്തിന് മുതിര്‍ന്നു. മല്‍പ്പിടുത്തത്തിനിടയില്‍ കൈയിലിരുന്ന പിസ്റ്റളില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു...'
ഓണം നാളില്‍ ചെറായി ബീച്ചില്‍ പരിഭ്രാന്തി പരത്തിയ നിറയൊഴിക്കല്‍ സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത കോതമംഗലം ഇരുമലപ്പടി കല്ലുങ്കല്‍ രാജുപോളിന്റെ( 62) മൊഴി ഇങ്ങനെ.
പിടിവലിക്കിടയില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് രാജുവിന്റെ ഇടതുകൈയിലെ വിരലിന് മുറിവേറ്റിരുന്നെന്നും അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും മുനമ്ബം പൊലീസ് അറിയിച്ചു.
തിരുവോണനാളില്‍ ഉച്ചക്ക് ഒരു മണിയോടെ ബീച്ച് വിട്ട് ഒന്നരകിലോമീറ്ററോളം വടക്കോട്ടുമാറി മുനമ്ബത്തേക്കു പോകുന്ന ഭാഗത്തെ തീരപ്രദേശത്തായിരുന്നു സംഭവം. ഭാര്യയ്ക്കും മകനുമൊപ്പമാണ് രാജു ബീച്ചിലെത്തിയത്. വെടിയൊച്ച കേട്ട് ബീച്ചിലെത്തിയ സന്ദര്‍ശകര്‍ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് മുനമ്ബം സ്റ്റേഷനില്‍ നിന്നെത്തിയ പൊലീസ് സംഘം തോക്കുമായി നിന്നിരുന്ന രാജുവിനെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ നിറയൊഴിച്ചതല്ലെന്നും പിടിവലിക്കിടയില്‍ ട്രിഗറില്‍ വിരല്‍ അമര്‍ന്നതിനെത്തുടര്‍ന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നെന്നും രാജു മൊഴി നല്‍കിയത്. തോക്കിന് ലൈസന്‍സ് ഉണ്ടെന്നുള്ള രാജുവിന്റെ അവകാശവാദം ശരിയാണെന്ന പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മറ്റാരും പരാതിക്കാരില്ലാത്ത സാഹചര്യത്തില്‍ നിറയൊഴിക്കല്‍ സംഭവത്തിന്റെ പേരില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തോക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
അവധിദിനങ്ങളില്‍ ബീച്ചില്‍ തിരക്കു വര്‍ദ്ധിക്കുന്ന സമയങ്ങളില്‍ പുറമേ നിന്നെത്തുന്നവര്‍ സമീപത്തെ മണല്‍ തീരത്തേക്ക് കുളിക്കാനും മറ്റും മാറുന്നത് പതിവായിട്ടുണ്ട്. ബീച്ച് വിട്ടുള്ള തീരദേശത്ത് അടുത്തടുത്ത് വീടുകളുമുണ്ട്. വിനോദ സഞ്ചാരികളുടെ ഈ കടന്നുകയറ്റം തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വൈഷമ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ ആരോപണമുന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. ഈ വസ്തുത കണക്കിലെടുക്കുമ്ബോള്‍ തീരദേശവാസികള്‍ തന്നെയാവാം രാജുവിനെ ആക്രമിക്കാനെത്തിയതെന്നാണ് പൊലീസ് അനുമാനം. കവര്‍ച്ചയോ മറ്റു ലക്ഷ്യങ്ങളോ ആക്രമണത്തിന് പിന്നിലില്ലെന്നാണ് പ്രാഥമികാന്വേഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളതെന്നും സംഭവത്തിനു ശേഷം ബീച്ചിലും പരിസരത്തും നിരീക്ഷണം ശക്തമാക്കിയതായും മുനമ്ബം പൊലീസ് അറിയിച്ചു.
No comments:
Post a Comment