Thursday, 15 September 2016

'ഇത്തരം നീചന്മാരെ തൂക്കിലേറ്റണം; അതില്‍ കുറഞ്ഞ ശിക്ഷ അര്‍ഹിക്കുന്നില്ല; ക്രൂരതയ്ക്ക് ഇരയാകുന്നവര്‍ക്കു നീതി ലഭിക്കാന്‍ തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഈ ശിക്ഷ തന്നെ നല്‍കണം'; സൗമ്യ വധക്കേസ് വിധിയില്‍ ജിഷയുടെ അമ്മ രാജേശ്വരിക്കു പറയാനുള്ളത്



കോതമംഗലം: 'ഇത്തരം നീചന്മാരെ തൂക്കിലേറ്റണം. അതില്‍ക്കുറഞ്ഞ ഒരുശിക്ഷ അവര്‍ അര്‍ഹിക്കുന്നില്ല'. സൗമ്യകേസ്സിലെ ഞെട്ടിക്കുന്ന സുപ്രിം കോടതി വിധി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാജേശ്വരിയുടെ പ്രതികരണം ഇങ്ങനെ. കൊല്ലപ്പെട്ട മകള്‍ ജിഷക്ക് നീതി ലഭിക്കാന്‍ തടസ്സം നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഈ ശിക്ഷ തന്നെ നല്‍കണമെന്നും രാജേശ്വരി കണ്ണീരോടെ ആവശ്യപ്പെട്ടു.

സൗമ്യ കേസിലെ വിധിയെക്കുറിച്ച്‌ പ്രതികരണമാരായാന്‍ വീട്ടിലെത്തിയ മാദ്ധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
മകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തില്‍ അടിമുടി പാളിച്ചകളുണ്ടായെന്നും കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതുമൂലം പ്രതി അമിറുള്‍ രക്ഷപെടുന്ന സാഹചര്യമുണ്ടായാല്‍ അതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെയും തൂക്കിലേറ്റണമെന്നാണ് ഇവരുടെ ആവശ്യം.

സൗമ്യ കൊലക്കേസ്സിലെ സുപ്രീം കോടതി വിധി പെരുമ്ബാവൂര്‍ ജിഷ കേസ്സിലും ആവര്‍ത്തിക്കപ്പെടുന്നതിന് അനുകൂല സാദ്ധ്യതകളേറെയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുറുപ്പംപടി വട്ടോളിപ്പടിയില്‍ അമ്മ രാജേശ്വരിക്കൊപ്പം പുറംപോക്കില്‍ താമസിച്ചിരുന്ന നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ ജഡം വികൃതമാക്കിയ നിലയില്‍ ഈ വര്‍ഷം ഏപ്രില്‍ 28-ന് വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ആദ്യഘട്ട അന്വേഷണത്തിലെ പാളിച്ചകള്‍ മൂലം പ്രതി നാടുവിട്ടിരുന്നു. പിന്നീട് സംസ്ഥാന പൊലീസിലെ സര്‍വ്വ സന്നാഹങ്ങളും പ്രയോജപ്പെടുത്തി മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിലാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ് ബംഗാള്‍ സ്വദേശി അമിറുള്‍ ഇസ്ലാമിനെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

ഡി എന്‍ എ പരിശോധനാ ഫലവും സാഹചര്യത്തെളിവുകളും കണക്കിലെടുത്തായിരുന്നു അറസ്റ്റ്. മാറിവന്ന സാഹചര്യത്തില്‍ ഈ തെളിവുകള്‍ അമിറുളിന് ശിക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമല്ലെന്നാണ് നിനിയമവിദഗ്ധരുടെ അഭിപ്രായം. കൂട്ടുപ്രതി അമിറുള്‍ ഇസ്ലാമിന്റെ തിരോധാനം ,ജിഷയുടെ ജഡം കണ്ടെത്തിയ മുറിയിലെ അമിറുളിന്റെയും ജിഷയുടെയും അല്ലാത്ത വിരലടയാളം എന്നിവയ്ക്ക് ഇപ്പോഴും ഉത്തരം കണ്ടെത്താന്‍ അന്വേഷക സംഘത്തിനായിട്ടില്ല. ജിഷയുടെ നഖത്തിനിടയില്‍ നിന്നും കണ്ടെത്തിയ തൊലിയുടെ അംശത്തില്‍ നിന്നും കതകില്‍ പറ്റിയിരുന്ന രക്തക്കറയില്‍ നിന്നും കത്തിയുടെ പിടിക്കുള്ളില്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്നും ലഭിച്ച ഡിഎ എ അമിറുളിന്റെ ഡിഎന്‍എയുമായി യോജിക്കുന്നുണ്ടെന്നു മാത്രമാണ് എടുത്തുപറയാവുന്ന തെളിവ്. ഇതില്‍ നിന്നും അമിറുള്‍ ജിഷയെ കൊലപ്പെടുത്തിയെന്ന് ഒരുതരത്തിലും സ്ഥാപിക്കാന്‍ കഴിയിയില്ലെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍.

സൗമ്യകേസിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍ വിചാരണകോടതിയില്‍ തന്നെ ജിഷ കേസ്സിലെ പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാനിടയില്ലെന്നാണ് ഏറെപ്പേരുടെയും കണക്കുകൂട്ടല്‍.

No comments:

Post a Comment