Friday, 16 September 2016

ഡയാന്‍ ജെയിംസ് യുകെഐപിയുടെ പുതിയ നേതാവ്



ലണ്ടന്‍• ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി(യുകെഐപി)യുടെ പുതിയ നേതാവായി യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ ഡയാന്‍ ജെയിംസിനെ തിരഞ്ഞെടുത്തു. രണ്ടുമാസം നീണ്ട പ്രചാരണങ്ങള്‍ക്കും വോട്ടെടുപ്പിനും ശേഷമാണ് യുകെഐപിക്കു പുതിയ നേതാവിനെ കണ്ടെത്താനായത്. നേതൃസ്ഥാനത്തേക്കു മല്‍സരരംഗത്തുണ്ടായിരുന്ന മറ്റു നാലുപേരെയും ബഹുദൂരം പിന്നിലാക്കിയാണ് ഡയാന്‍ ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടത്.

കുടിയേറ്റത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി, ബ്രിട്ടനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിര്‍ത്തണമെന്നു ശക്തമായി വാദിക്കുന്ന യുകെഐപിയുടെ 'മണ്ണിന്റെ മക്കള്‍ വാദ'ത്തിനു ബ്രിട്ടനിലെങ്ങും വന്‍ സ്വീകാര്യത ലഭിക്കുന്ന കാഴ്ചയാണ് അടുത്തിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും കണ്ടത്.
ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചതും യുകെഐപിയായിരുന്നു. ബ്രെക്സിറ്റിന്റെ മുഖ്യ പ്രചാരകരില്‍ പ്രമുഖനായിരുന്നു സ്ഥാനമൊഴിഞ്ഞ യുകെഐപി നേതാവ് നൈജല്‍ ഫെറാജ്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തു വരണമെന്നും യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍നിന്നും ബ്രിട്ടനിലേക്കുള്ള അനിയന്ത്രിത കുടിയേറ്റത്തിനു ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും വാദിച്ചു വളര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് യുകെഐപി. ബ്രെക്സിറ്റില്‍ ഇതിനായി ശക്തമായ പ്രചാരണം നടത്തിയ പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് ഹിതപരിശോധനാ ഫലം അനുകൂലമായതോടെ തന്റെ ലക്ഷ്യം സാക്ഷാത്കരിച്ചതായി പ്രഖ്യാപിച്ചു പാര്‍ട്ടി നേതൃത്വം ഒഴിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നേതാവിനെ കണ്ടെത്താനായി പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പു നടന്നത്.

പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ 8,451 വോട്ടു നേടിയാണ് ഡയാന്‍ ജെയിംസ് വിജയിച്ചത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ലിസ ഡഫിക്ക് 4,591 വോട്ടുമാത്രമേ ലഭിച്ചുള്ളൂ. മല്‍സരരംഗത്തുണ്ടായിരുന്ന മറ്റു സ്ഥാനാര്‍ഥികള്‍ക്ക് ഡയാന്‍ ജെയിംസിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല.

ബ്രിട്ടിഷ് ജനതയുടെ ഹിതമനുസരിച്ച്‌ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരാനുള്ള തീരുമാനം എത്രയും വേഗം പ്രാബല്യത്തിലാക്കണമെന്നു പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടികള്‍ക്കായി പ്രതിപക്ഷം കാത്തിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഭരണകക്ഷിയായ ടോറികളെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും തുറന്നടിച്ച ഡയാന്‍ ജെയിംസ് പാര്‍ട്ടിയുടെ തീവ്ര നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. ഹിതപരിശോധന എന്നത് വെറും 28 രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ഹീറ്റ്സ് മല്‍സരത്തിലെ വിജയമാണെന്നും ഇതിന്റെ ഫൈനല്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും ബ്രെക്സിന്റെ അനന്തര നടപടികളുടെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് അവര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സ്ഥാനമൊഴിഞ്ഞ നേതാവ് നൈജല്‍ ഫെറാജുമായി ആലോചിച്ചാകും തീരുമാനിക്കുകയെന്നും അദ്ദേഹത്തിന്റെ അനുഭവസമ്ബത്തും പാരമ്ബര്യവും പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 12 ശതമാനത്തിലേറെ വോട്ടു നേടിയ പുതിയ പാര്‍ട്ടിയാണ് യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി. നൈജല്‍ ഫെറാജിന്റെ നേതൃപാടവവും ബ്രിട്ടിഷ് വികാരം ആളിക്കത്തിക്കുന്ന പ്രസംഗവുമായിരുന്നു ഈ മുന്നേറ്റത്തിനു കാരണം. പാര്‍ലമെന്റില്‍ ഒരു സീറ്റേ നേടാനായുള്ളൂ എങ്കിലും പല സീറ്റിലും ജയം നിര്‍ണയിച്ചത് യുകെഐപിയായിരുന്നു. തുടര്‍ന്നു നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയിലും യുകെഐപിയുടെ നിലപാട് നിര്‍ണായകമായി.

അന്‍പത്തിയാറുകാരിയായ ഡയാന്‍ ജെയിംസ് പാര്‍ട്ടിയുടെ ആദ്യ വനിതാ അധ്യക്ഷയാണ്. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ അവര്‍ പാര്‍ട്ടിയില്‍ ഡപ്യൂട്ടി ചെയര്‍മാന്റെ പദവിയടക്കം നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചശേഷമാണ് ഇപ്പോള്‍ ഉന്നത നേതൃത്വത്തിലെത്തുന്നത്.

സ്ഥാനമൊഴിഞ്ഞ നേതാവ് നൈജല്‍ ഫെറാജും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമാണ്. പുതിയ നേതൃത്വത്തിന് ആവശ്യമായ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി ബ്രിട്ടനില്‍ തുടരുമെന്നും ഒരിക്കലും രാഷ്ട്രീയ വനവാസത്തിന് ഇല്ലെന്നും പുതിയ നേതാവിനെ അഭിനന്ദിച്ചുകൊണ്ട് നൈജല്‍ ഫെറാജ് വ്യക്തമാക്കി.

No comments:

Post a Comment