പട്ടാളക്കാരുടെ ജീവന് പാക്കിസ്ഥാനോട് പകരം ചോദിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടോ? ഇപ്പോള്‍ അതിര്‍ത്തി കടന്നു ആക്രമിച്ചാല്‍ എന്തുസംഭവിക്കും?
ന്യൂഡല്‍ഹി: ഉറിയിലെ സൈനിക ക്യാമ്ബിനുനേര്‍ക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പകരം ചോദിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നു. എന്നാല്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ശക്തമായ തിരിച്ചടി നല്‍കാനുള്ള ശേഷി ഇന്ത്യന്‍ സേനയ്ക്കുണ്ടോ എന്ന കാര്യം അധികമാരും പരിശോധിച്ചുകണ്ടില്ല.
ഉറി ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.
പാക്കിസ്ഥാനെയാണ് അദ്ദേഹം ഉന്നംവെക്കുന്നതെന്ന് സ്പഷ്ടമാണ്. 17 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പാക്കിസ്ഥാനാണ് ഉത്തരവാദികളെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും തറപ്പിച്ച് പറയുന്നു.
അതിര്‍ത്തികടന്നുള്ള ഭീകരവാദം ശമിപ്പിക്കാന്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടത്? പാക് അധീന കാശ്മീരിലെ ഭീകര താവളങ്ങളില്‍ കനത്ത ആക്രമണം സംഘടിപ്പിക്കുകയെന്ന ലളിതമായ പോംവഴിയാണ് ഭൂരിഭാഗം പേരും നിര്‍ദ്ദേശിക്കുന്നത്. മണിപ്പിരില്‍ കഴിഞ്ഞവര്‍ഷം 18 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍, മ്യാന്മര്‍ അതിര്‍ത്തിയില്‍ സേന നടത്തിയ തിരിച്ചടി ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാല്‍, അതേ രീതി പാക്കിസ്ഥാനെതിരെയും ആവര്‍ത്തിക്കാനാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകത്തേറ്റവും ബഹുമാനിക്കപ്പെടുന്ന സൈന്യങ്ങളിലൊന്നാണ് ഇന്ത്യയുടേത്. പാക്കിസ്ഥാനെ കീഴ്പ്പെടുത്താന്‍ വലിയ ശ്രമമൊന്നും വേണ്ടിവരികയുമില്ല. എന്നാല്‍, അത്തരത്തിലൊരു നീക്കം നടത്തുന്നതിന് മുമ്ബ് പാക്കിസ്ഥാന്റെ ആണവശേഷിയെ കരുതലോടെ കാണേണ്ടിയിരിക്കുന്നു.
ആണവ ശേഷിയുള്ള പാക്കിസ്ഥാന് അതുപയോഗിക്കാന്‍ അത്രയൊന്നും കൂടിയാലോചനകള്‍ വേണ്ടിവരില്ല. മാത്രമല്ല, ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ചൈനയില്‍നിന്ന് പാക്കിസ്ഥാന് ലഭിക്കുന്ന പിന്തുണ കൂടി കണക്കിലെടുക്കേണ്ടിവരും. ഏറ്റവും സംഘര്‍ഷഭരിതമായ മേഖലയിലാണ് ഇതെന്ന കാര്യവും പരിഗണിക്കേണ്ടതായി വരും.
ആണവശേഷിയുള്ള പാക്കിസ്ഥാനും ചൈനയും അപ്പുറവും ഇപ്പുറവും നില്‍ക്കുന്നു എന്നതുതന്നെയാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ഏതു നീക്കവും മേഖലയെ ആണവ ഭീഷണിയിലേക്ക് തള്ളിവിടും. പാക്കിസ്ഥാനെതിരെ പൂര്‍ണതോതിലൊരു യുദ്ധം നടത്താന്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ സജ്ജമാണെന്നും പറയാനാവില്ല. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പ് അതിനുവേണ്ടി നടത്തേണ്ടതുണ്ട്.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മികച്ച പ്രതിഛായയാണ് ഇന്ത്യയുടേത്. ധൃതിപിടിച്ചെടുക്കുന്ന തീരുമാനം ഇന്ത്യയുടെ ഈ പ്രതിഛായക്കുതന്നെയാകും മങ്ങലേല്‍പ്പിക്കുക. ഭീകരവാദത്തെ ചെറുക്കാന്‍ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനൊപ്പം രാഷ്ട്രീയമായ പരിഹാര മാര്‍ഗങ്ങളും ആരായുന്നതിന് പിന്നില്‍, ഇതുകൂടിയുണ്ട്.
എന്നാല്‍, പാക് ഭീകരതയ്ക്ക് അറുതിവരുത്താന്‍ തിരിച്ചടിയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് നയതന്ത്ര വിദഗ്ധരടക്കം പറയുന്നു. മേഖലയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന ജി.പാര്‍ഥസാരഥി പറയുന്നു. സാര്‍ക്ക് രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്താനും ശ്രീലങ്കയും പാക്കിസ്ഥാന്‍ തീവ്രവാദത്തെ സ്പോണ്‍സര്‍ ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ ഒറ്റപ്പെടുത്തലിനെ രാഷ്ട്രീയമായി നേരിടാനും ഇന്ത്യ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
മൂന്നുവശവും നിയന്ത്രണരേഖയാല്‍ ചുറ്റപ്പെട്ട ഉറിയില്‍ പാക്കിസ്ഥാന്‍ നടത്തിയ സൈനിക ആക്രമണം 2002-ലെ കാലുചക്ക് ആക്രമണത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും ഇന്ത്യ സംയമനം പാലിക്കുമ്ബോള്‍ പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചടികള്‍ നല്‍കി ഇന്ത്യന്‍ സേനയുടെ ആത്മവിശ്വാസം ചോര്‍ത്തുകയാണെന്നും നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നു.
ആണവകവചമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളി. കൂടാതെ ചൈനയോടുള്ള അടുപ്പവും. എന്നാല്‍, ആണവ യുദ്ധത്തിലേക്ക് പോകാതെ, പാക്കിസ്ഥാന്‍ സേനയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുകള്‍ക്ക് ഇന്ത്യ തയ്യാറെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നവരുമുണ്ട്.
ഇന്ത്യന്‍ സേനയെയാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. അപ്പോള്‍ അതുപോലുള്ള തിരിച്ചടികള്‍ക്ക് ഇന്ത്യയും തയ്യാറാകണമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി കന്‍വല്‍ സിബല്‍ പറയുന്നു. യുദ്ധസമാനമായ സാഹചര്യമാണ് പാക്കിസ്ഥാന്‍ സൃഷ്ടിക്കുന്നത്. പാക്കിസ്ഥാന് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുന്നതിലൂടെ ഈ സാഹചര്യത്തിന് അയവുവരുത്താനാകുമെന്ന് അദ്ദേഹം പറയുന്നു.
No comments:
Post a Comment