Thursday, 15 September 2016

വെള്ള ഓഡി ഓടിച്ച്‌ എത്തിയ കുഞ്ചാക്കോ ബോബന്‍ ആദ്യം പുറത്തിറങ്ങി; പിന്നാലെ സുധീഷും മുത്തുമണിയും സിദ്ധാര്‍ത്ഥ് ശിവയും; ഓടേണ്ട.. ഓടേണ്ട.. ഓടിത്തളരേണ്ട.. പാടി വയോധിക ഓളം വച്ചു; സെല്‍ഫിയെടുക്കാന്‍ ഇടിച്ച്‌ അന്തേവാസികള്‍: ശാന്തിഭവനിലെ ഓണാഘോഷം ഇങ്ങനെ



ആലപ്പുഴ: കുഞ്ചോക്കോ ബോബന്‍ നായകനായ കൊച്ചൗവോ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നിര്‍മ്മാതാവായും നടനായും എത്തിയ സിനിമയെ കുടുംബ പ്രേക്ഷകരാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഓണം ആഘോഷിക്കാന്‍ സിനിമയുടെ അണിയറക്കാരും തയ്യാറായി. സിനിമയുടെ പ്രചരണാര്‍ത്ഥം ആലപ്പുഴ നഗരസഭയുടെ ശാന്തിമന്ദിരത്തില്‍ ഓണാഘോഷമൊരുക്കിയാണ് കുഞ്ചാക്കോയും കൂട്ടരും വ്യത്യസ്തരായത്.
കുഞ്ചാക്കോയെ കൂടാതെ നടന്‍ സുധീഷ്, സംവിധായകനും നടനുമായ സിദ്ധാര്‍ഥ ശിവ, നടി മുത്തുമണി തുടങ്ങിയവരാണ് എത്തിയത്.

താരങ്ങള്‍ തങ്ങളെ തേടിയെത്തിയത് വയോധികരായ അന്തേവാസികള്‍ക്കും ആശ്വാസമായി മാറി. കുഞ്ചാക്കോയും സംഘവും എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ മുതല്‍ തന്നെ അന്തേവാസികള്‍ കാത്തിരുപ്പായിരുന്നു. കുഞ്ചാക്കോയും കൂട്ടരും എത്തിയതോടെ ഈ ആവേശം അണപൊട്ടുകയും ചെയ്തു. കവാടത്തില്‍ മുഴങ്ങിയിരുന്ന നാസികഡോലിന്റെയും ആരാധകരുടെ ആവേശത്തിന്റെയും ശബ്ദഘോഷത്തിനിടയിലേക്ക് വെള്ള ഓഡികാര്‍ ഓടിച്ചാണ് ചാക്കോച്ചന്‍ എത്തിയത്.

ഡ്രൈവിങ് സീറ്റില്‍നിന്നു താരം ഇറങ്ങിയപ്പോഴേക്കും സമീപവാസികളും തടിച്ചുകൂടി ചാക്കോച്ചനെ വളഞ്ഞു. എല്ലാവര്‍ക്കും വേണ്ടത് ചാക്കോച്ചനൊപ്പമുള്ള സെല്‍ഫി. നിരവധി പേര്‍ ചാക്കോച്ചനൊപ്പം നിന്ന് സെല്‍ഫിയെടുത്തു. ഇതിനിടെ കാറിന്റെ മുന്‍ സീറ്റില്‍നിന്നു സിദ്ധാര്‍ഥ് ശിവയും പിറകില്‍ നിന്നും സുധീഷും മകനും മുത്തുമണിയും ഇറങ്ങി. ഇതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായി. തുടര്‍ന്ന് ചെറിയൊരു ഔപചാരിക യോഗത്തിന് ശേഷം താരങ്ങള്‍ അന്തേവാസികളുടെ അടുത്തേക്ക് നീങ്ങി. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ബീന കൊച്ചുബാവ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷോളി സിദ്ധകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മെഹബുബ്, മുന്‍ ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, കൗണ്‍സിലര്‍മാര്‍, നിര്‍മ്മാതാവ് അനീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അന്തേവാസികള്‍ക്കെല്ലാം കുഞ്ചാക്കോയും സഹതാരങ്ങളും കൂടി ഓണപ്പുടവയും നല്കി. ആദ്യത്തെ ഓണക്കോടി വാങ്ങാനെത്തിയ സരോജിനിയമ്മ കുഞ്ചാക്കോ ബോബനോട് സെറ്റില്‍ പണ്ട് താന്‍ വന്നപ്പോള്‍ കൈകൊണ്ട് ചെറുതായൊന്നു തട്ടിയ കാര്യം ഓര്‍മിപ്പിച്ച്‌ ഓടേണ്ട...ഓടേണ്ട... ഓടിത്തളരേണ്ട... എന്നു തുടങ്ങുന്ന പാട്ടുംപാടി. തല്ലിയതിനുള്ള പ്രായശ്ചിത്തമാണെന്നു കണക്കാക്കിക്കോളാന്‍ പറഞ്ഞ് കുഞ്ചാക്കോബോബന്‍ മുണ്ടും കൊടുത്തു.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ചാക്കോയുടെ കുടുംബത്തിന്റെ സിനിമാകമ്ബനിയായ ഉദയയുടെ ബാനറില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത്. സ്വന്തം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇവിടെ വരാന്‍ കഴിഞ്ഞതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയുമുണ്ട് താരങ്ങള്‍ മടങ്ങി.

No comments:

Post a Comment