Thursday, 15 September 2016

തമിഴ്നാട് ബന്ദ് ഇന്ന്; ജനജീവിതം തടസ്സപ്പെട്ടേക്കും



കാവേരിപ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും കര്‍ണാടകയിലെ തമിഴ്നാട്ടുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്.

ചെന്നൈ: കര്‍ഷകസംഘടനകള്‍ ഇന്ന് നടത്തുന്ന തമിഴ്നാട് ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. കാവേരി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കര്‍ണാടകയിലെ തമിഴ്നാട്ടുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്.

ചെന്നൈയില്‍ വെള്ളിയാഴ്ച രാവിലെ കടകള്‍ തുറന്നിട്ടുണ്ട്. ബസ്സുകളും സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. എന്നാല്‍ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ കടകള്‍ തുറക്കാന്‍ സമരാനുകൂലികള്‍ അനുവദിച്ചില്ല.
തഞ്ചാവൂരില്‍ 150 ഓളം സരമാനുകൂലികളെ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കി.

സ്വകാര്യ സ്കൂളുകള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് സ്കൂള്‍ ഉടമസ്ഥസംഘം അറിയിച്ചിട്ടുണ്ട്. പകരം ശനിയാഴ്ച തുറക്കും. വെള്ളിയാഴ്ച നടക്കേണ്ട പരീക്ഷകളും ശനിയാഴ്ച നടത്തും. നഴ്സറി, പ്രൈമറി, മെട്രിക്കുലേഷന്‍ സ്കൂളുകളാണ് അടച്ചിടുക. എന്നാല്‍, സ്കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
ബന്ദിന് പ്രതിപക്ഷകക്ഷികളും വണികര്‍സംഘങ്ങളിന്‍ പേരമൈപ്പ് സംസ്ഥാന പ്രസിഡന്റ് എ.എം. വിക്രമരാജയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചായക്കട ഉടമസ്ഥസംഘവും കടകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോള്‍ ബങ്ക് ഡീലേഴ്സ് അസോസിയേഷന്‍ സമരത്തിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 4,600 പെട്രോള്‍ ബങ്കുകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്ബനികള്‍ നടത്തുന്ന പെട്രോള്‍ ബങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോറി ഉടമസ്ഥ അസോസിയേഷനും ക്ഷീര ഉത്പാദനയൂണിയനും ബന്ദില്‍ പങ്കെടുക്കും. അന്തസ്സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യബസ്സുടമകളും സമരത്തോട് സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെന്നൈ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി.), സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എസ്.ഇ.ടി.സി.) എന്നിവയുടെ ബസ്സുകള്‍ സര്‍വീസ് നടത്തും. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. എന്നാല്‍, കര്‍ഷക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തില്‍ ചെന്നൈയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും റോഡുപരോധം നടക്കാന്‍ സാധ്യതയുണ്ട്.

ബന്ദിനോടനുബന്ധിച്ച്‌ കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഒരുലക്ഷം പോലീസുകാെര സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി നിയോഗിച്ചിട്ടുണ്ട്. ചെന്നൈയില്‍മാത്രം 15,000 പോലീസുകാെര നിയോഗിച്ചു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

No comments:

Post a Comment