Thursday, 15 September 2016

സിഖുകാരെയും അഫ്ഗാനികളെയും കണ്ടാല്‍ തിരിച്ചറിയാത്ത ഹോം ഓഫീസ് നിരവധി പേര്‍ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ട് നല്‍കി; മൂന്ന് പഞ്ചാബി യുവാക്കള്‍ ഒടുവില്‍ പിടിയിലായി



ഏതാണ്ട് ഒരേ പോലുള്ള താടിയും തലപ്പാവുമുള്ള സിഖുകാരെയും അഫ്ഗാനികളെയും കണ്ടാല്‍ ഹോം ഓഫീസിന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തല്‍ഫലമായി ഹോം ഓഫീസ് നിരവധി പേര്‍ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഒടുവില്‍ മൂന്ന് പഞ്ചാബി യുവാക്കള്‍ പിടിയിലായിട്ടുണ്ട്. ദല്‍ജിത്ത്കപൂര്‍ (41), ഹര്‍മിത്ത് കപൂര്‍(40), ദേവീന്ദര്‍ ചാവ്ല (42) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
2014 മെയ് മാസത്തിനും ജൂണ്‍ മാസത്തിനുമിടയില്‍ ഇവര്‍ തങ്ങളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് അഫ്ഗാനികള്‍ക്ക് നല്‍കുകയും അവരെ ഇവിടേക്ക് വരാന്‍ സഹായിക്കുകയുമായിരുന്നുവെന്നാണ് ഇന്നലെ നടന്ന വിചാരണയ്ക്കിടെ കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്.

തലപ്പാവ് ധരിച്ച്‌ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയെടുക്കാന്‍ അനുമതിയുള്ള സിഖുകാരെയും അനധികൃത മാര്‍ഗത്തിലൂടെ ഇവിടെയെത്തുന്ന അഫ്ഗാനികളെയും തമ്മില്‍ തങ്ങള്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് ബോര്‍ഡര്‍ ഒഫീഷ്യലുകള്‍ സമ്മതിച്ചിട്ടുമുണ്ട്. ഈ മൂന്ന് പേര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് നല്‍കി സഹായിച്ചതിനെ തുടര്‍ന്ന് 30ല്‍ പരം അഫ്ഗാനികള്‍ അനധികൃതമായി യുകെയിലേക്ക് കടന്ന് കയറിയിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ അഭയാര്‍ത്ഥികളെ അനധികൃത മാര്‍ഗത്തിലൂടെ യുകെയിലേക്ക് കടന്ന് കയറാന്‍ സഹായിച്ചുവെന്ന കേസില്‍ ഈ മൂന്ന് പേരെയും ഇന്നലെ ചേംബര്‍വെല്‍ ഗ്രീന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയിരുന്നത്.

ഈ മൂന്ന് പേരും അഫ്ഗാന്‍കാരെ അനധികൃതമായ മാര്‍ഗത്തിലൂടെ ഇവിടേക്ക് കടന്ന് കയറാന്‍ അനുവദിച്ചുവെന്നും നിയമാനുസൃതമായ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകളുള്ള സിഖ് സമുദായത്തിലെ അംഗങ്ങളായിരുന്നു ഇവരെന്നുമാണ് പ്രോസിക്യൂട്ടറാ എഡ്വാര്‍ഡ് അയ്ഡിന്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. ഇത് കരുതിക്കൂട്ടി ആസൂത്രണം ചെയ്തുള്ള കുറ്റ കൃത്യമാണെന്നും അദ്ദേഹം പറയുന്നു. ഈ മൂന്ന് പേരുടെയും പാസ്പോര്‍ട്ടുകള്‍ ഹോം ഓഫീസിന് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കപൂറുമാരോട് രേഖകള്‍ 24 മണിക്കൂറിനുള്ളിലും ചാവ്ലയോട് സെപ്റ്റംബര്‍ 26ന് ശേഷവും ഹാജരാക്കാനാണ് ഉത്തരവ്. ഇയാള്‍ കുടുംബത്തോടൊപ്പം തായ്ലന്‍ഡിലേക്കും ദുബൈയിലേക്കും ഹോളിഡേ ബുക്ക് ചെയ്തതിനാലാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ചാവ്ല താമസിക്കുന്നത് ഐസ്ലെവര്‍ത്തിലെ സമ്മര്‍വുഡ് റോഡിലാണ്.

ദല്‍ജിത്ത് കപൂറാകട്ടെ സൗത്താളിലെ ഫ്രെന്‍ഷാം ക്ലോസിലും ഹര്‍മിത്ത് കപൂര്‍ തോട്ടന്‍ഹാമിലെ സെവന്‍ സിസ്റ്റേര്‍സ് റോഡിലുമാണ് കഴിയുന്നത്. ഒക്ടോബര്‍ 13ന് ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതിയില്‍ പ്രീലിമിനറി ഹിയറിംഗിന് ഹാജരാകാനാണ് ഇവരോട് ഉത്തരവിട്ടിരിക്കുന്നത്.

No comments:

Post a Comment