Thursday, 15 September 2016

കുട്ടിക്കുറ്റവാളിയെ മുന്നില്‍നിര്‍ത്തി ദമ്ബതികളെ കെട്ടിയിട്ടു സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം; പ്രതികളില്‍ മൂന്നു പേര്‍ സംസ്ഥാനം വിട്ടുവെന്നു സൂചന; കസ്റ്റഡിയിലുള്ളയാളുടെ പങ്ക് സ്ഥിരീകരിക്കാനാകാതെ പൊലീസ്; തൊടുപുഴ നിവാസികള്‍ക്ക് ഭയം വിട്ടകലുന്നില്ല



തൊടുപുഴ: നഗരമധ്യത്തിലെ വീട്ടില്‍ പെട്രോള്‍ പമ്ബുടമയെയും ഭാര്യയെയും കഠാരമുനയില്‍ നിര്‍ത്തി കെട്ടിയിട്ട് പണവും സ്വര്‍ണാഭരണവും കവര്‍ച്ച ചെയ്ത സംഭവത്തിന്റെ നടുക്കം മാറാതെ നാട് വിറകൊള്ളുമ്ബോഴും പ്രതികളെക്കുറിച്ചുള്ള അനിശ്ചിതത്വം പൊലിസിനെ കുഴയ്ക്കുന്നു. ഒരു കുട്ടിക്കള്ളനെ മുന്നില്‍നിര്‍ത്തി നടത്തിയ കവര്‍ച്ചയില്‍ പ്രതിയെന്നു സംശയിക്കുന്ന ഇതരസംസ്ഥാനക്കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും സംഭവത്തില്‍ ഇയാളുടെ പങ്ക് ഇനിയും സ്ഥിരീകരിക്കാന്‍ കഴിയുന്ന സാഹചര്യമില്ല.
പ്രതികളെന്നു കരുതുന്ന മറ്റ് മൂന്നു പേരുടെയും വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലും അവര്‍ സംസ്ഥാനം വിട്ടുവെന്നാണ് നിഗമനം. കസ്റ്റഡിയിലുള്ളയാളും കൂട്ടാളികളും ഒഡീഷയില്‍നിന്നുള്ളവരാണ്.

അടിക്കടി മോഷണം പെരുകുന്ന തൊടുപുഴയില്‍ പൊലിസ് കനത്ത ജാഗ്രത കാട്ടുന്നുവെങ്കിലും ജനങ്ങള്‍ ഭയപ്പാടിലാണ്. ഇടുക്കി ജില്ലയിലെ ആദ്യ ബസ് സര്‍വീസ് ഉടമയായിരുന്ന പ്രകാശ് കൃഷ്ണന്‍ നായരുടെ മകനും പമ്ബ് ഉടമയും പ്രകാശ് ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിങ് പാര്‍ട്ണറുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണവിലാസം കെ ബാലചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബാലചന്ദ്ര(58)നെയും ഭാര്യ ശ്രീജ(51)യെയും വിളിച്ചുണര്‍ത്തി അതിക്രമിച്ചു കയറിയ തസ്കരസംഘം ഇരുവരെയും മര്‍ദിച്ചു വീടിനുള്ളില്‍ കൈകാലുകള്‍ ബന്ധിച്ചു വായില്‍ തുണി തിരുകിയ ശേഷമാണ് മോഷണം നടത്തിയത്.

കത്തികൊണ്ടുള്ള കുത്തേറ്റ ബാലചന്ദ്രനും വീടിനുള്ളില്‍ വലിച്ചിഴയ്ക്കപ്പെട്ട ശ്രീജയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 1.7 ലക്ഷം രൂപയും അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങളും ഐ പാഡും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളവയാണ് അപഹരിക്കപ്പെട്ടത്. കൈകാലുകള്‍ കെട്ടിയിടപ്പെട്ട ശ്രീജ, കാലിലെ കെട്ട് ബലം പ്രയോഗിച്ച്‌ ഊരിയശേഷം കൈയിലെ കെട്ട് സമീപത്തുകിടന്ന കത്തികൊണ്ട് അറുത്തുമാറ്റി ഭര്‍ത്താവിനെയും മോചിതനാക്കുകയായിരുന്നു. പിന്നീട് ബാലചന്ദ്രന്‍ അറിയിച്ചതനുസരിച്ച്‌ സുഹൃത്തും പിന്നീട് പൊലിസും എത്തി. പൊലിസിന്റെ ത്വരിതഗതിയിലുള്ള നീക്കങ്ങളാണ് പ്രതികളെന്നു സംശയിക്കുന്നവരിലേക്ക് എത്താനും ഒരാളെ കസ്റ്റഡിയിലെടുക്കാനും വഴിയൊരുക്കിയത്.
കേസുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി ജഹാംഗീറിനെ രാവിലെ ഷൊര്‍ണ്ണൂര്‍ റെയില്‍ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് തൊടുപുഴ ഡിവൈ. എസ്. പി: എന്‍. എന്‍ പ്രസാദ്, സി. ഐ: എന്‍. ജി ശ്രീമോന്‍, എസ്. ഐ: ജോബിന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല.

വീടിനു സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആഞ്ജനേയ ക്ഷേത്രം എന്നിവിടങ്ങളിലെ സിസി ടി. വി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത ബാഗുമായി നാലംഗ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് കിട്ടിയിട്ടുള്ളത്. പുലര്‍ച്ചെ 1.12നാണ് കാമറയില്‍ ചിത്രം പതിഞ്ഞത്. നാല്‍വര്‍ സംഘം വട്ടംകൂടിനിന്ന് ചര്‍ച്ച ചെയ്യുന്നതും വാഹനം ഇതുവഴി കടന്നുപോയപ്പോള്‍ ഇടവഴിയിലേക്ക് മാറിനിന്നശേഷം വീണ്ടും റോഡിലെത്തി നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബാഗ് പിടിച്ചിരിക്കുന്ന യുവാവ് പോകാന്‍ മടിച്ചു നില്‍ക്കുന്നതും മറ്റുള്ളവര്‍ ഇയാളുടെ കൈയില്‍ പിടിച്ച്‌ ബലമായി കൊണ്ടുപോകുന്നതും കാണാം. എന്നാല്‍ ഇവരുടെ മുഖം വ്യക്തമല്ല. നൈറ്റ് വിഷന്‍ ക്യാമറയല്ല ഇവിടെ സ്ഥാപിച്ചിരുന്നത്. അതിനാല്‍ ഏകദേശരൂപം മാത്രമാണ് വ്യക്തമാകുന്നത്.

കവര്‍ച്ചാ വിവരം സംഭവം നടന്ന് 40 മിനിറ്റിനു ശേഷമാണ് പൊലിസില്‍ അറിയിച്ചത്. ഉടന്‍ എസ്. ഐ വീട്ടിലെത്തി അന്വേഷണം നടത്തി. വീടിനു തൊട്ടുമുമ്ബിലായി തറയോട് ഫാക്ടറി പ്രവര്‍ത്തിക്കുന്നതു കണ്ട എസ്. ഐ, ഇവിടുത്തെ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. രമേശ് എന്ന തൊഴിലാളി സ്ഥലത്തില്ലെന്നു മനസിലായതിനെതുടര്‍ന്നു തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. രമേശ് കറുത്ത ബാഗ് സുഹൃത്തില്‍നിന്നും കടം വാങ്ങിയതായും വീട്ടില്‍ പോകുന്നുവെന്നു പറഞ്ഞതായും വിവരം കിട്ടി. രമേശും സമീപത്തു താമസിക്കുന്ന ചില ഇതരസംസ്ഥാനക്കാരും സ്ഥിരമായി ഇവിടെ മദ്യപിക്കാന്‍ ഒത്തുകൂടിയിരുന്നു.

അടുത്തുതന്നെ താമസമുള്ള ജഹാംഗീറിനെക്കുറിച്ചു തിരക്കിയപ്പോള്‍ രണ്ടു ദിവസത്തേക്ക് കറങ്ങാന്‍ പോകുകയാണെന്നു പറഞ്ഞ് ഇയാള്‍ സ്ഥലം വിട്ടതായും മനസിലായി. ഉടന്‍തന്നെ ഇയാളുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്തു. ഇതിനിടെ സിസി ടി. വി ദൃശ്യങ്ങള്‍ ബാലചന്ദ്രനെ കാട്ടിക്കൊടുക്കുകയും പ്രതികള്‍ ഇവരാണെന്നു ബോധ്യപ്പെടുകയും ചെയ്തു. നാല്‍വര്‍ സംഘം തൊടുപുഴയില്‍നിന്നു ഓട്ടോറിക്ഷയില്‍ മൂവാറ്റുപുഴയിലെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ടാക്സിയില്‍ ആലുവയിലേക്ക് പോയെന്നാണ് അനുമാനം.

ഇടുക്കി ജില്ലാ പൊലിസ് മേധാവി എ. വി ജോര്‍ജ് ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ കയറിയ ട്രെയിന്‍ ഷൊര്‍ണൂരില്‍ പിടിച്ചിട്ട് പരിശോധന നടത്തി. എന്നാല്‍ പ്രതികളെന്നു സംശയിക്കുന്നവരെ കിട്ടിയില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ തെരച്ചിലില്‍ ജഹാംഗീര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു കുടുങ്ങി. എന്നാല്‍ ഇതുവരെ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. സിസി ടി. വി ദൃശ്യങ്ങളില്‍ കാണുന്ന ഉയരം കൂടിയ വ്യക്തി ജഹാംഗീറാണെന്നു പൊലിസ് കരുതുന്നു. ഓട്ടോഡ്രൈവറെയും ബാലചന്ദ്രനെയും ശ്രീജയെയും കാണിച്ച്‌ ഇയാള്‍ തന്നെയാണോ പ്രതിയെന്നു ഉറപ്പാക്കിയശേഷമാകും തുടര്‍നടപടികള്‍. മറ്റ് മൂന്നുപേരുടെ ഒഡീഷയിലെ വീടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്. കേരള പൊലിസ് അവിടെയെത്തി നിരീക്ഷണം നടത്തുന്നുണ്ട്.

സമീപമുള്ള വീടുകളിലെ കുട്ടികള്‍ ഓണാഘോഷത്തിലായതിനാല്‍ രാത്രി പതിനൊന്നരയോടെയാണ് കിടന്നതെന്നു ബാലചന്ദ്രന്‍ പറഞ്ഞു. പിന്നീട് കോളിങ് ബെല്‍ കേട്ട് എഴുന്നേറ്റു ജനാലയിലൂടെ നോക്കിയപ്പോള്‍ കൗമാരക്കാരനായ ഇതരസംസ്ഥാനക്കാരന്‍ പരിഭ്രാന്തിയോടെ പുറത്തു നില്‍ക്കുന്നതുകണ്ട് എന്തെങ്കിലും സഹായത്തിനെത്തിയതാകാമെന്നു കരുതി വാതില്‍ പെട്ടെന്നു തുറക്കുകയായിരുന്നു. തറയോട് കമ്ബനിയിലെ ജോലിക്കാരനാകാമെന്നാണ് ധരിച്ചത്. ശ്രീജയും ഒപ്പം എഴുന്നേറ്റുവന്നു. വാതില്‍ തുറന്നയുടന്‍ മറഞ്ഞുനിന്നു മൂന്നും പേരുംകൂടി ചേര്‍ന്ന് ബാലചന്ദ്രനെയും ശ്രീജയെയും തള്ളി താഴെയിട്ടു. തുടര്‍ന്നു ടെലിഫോണ്‍ കേബിളും തുണിയും കൊണ്ട് രണ്ടുപേരുടെയും കൈകാലുകള്‍ കെട്ടിയിട്ടു.
എതിര്‍ക്കാന്‍ ശ്രമിച്ച ബാലചന്ദ്രന്റെ മുതികിന് കുത്തേറ്റു.

മുഖമടച്ചു വീണ ബലചന്ദ്രന്റെ നെറ്റി തറയിലിടിച്ച്‌ പൊട്ടി. തുടര്‍ന്ന് അദ്ദേഹത്തെ സോഫയോടു ചേര്‍ത്ത് കെട്ടിയിട്ടു. വായില്‍ തുണിയും തിരുകി. ഇരുവരെയും ഭീഷണിപ്പെടുത്തി പണമെവിടെയെന്നു അക്രമികള്‍ ചോദിച്ചു. ബാലചന്ദ്രന്റെ മാല ഊരിവാങ്ങിയശേഷം ശ്രീജയെ രണ്ടുപേര്‍ അടുത്ത മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പണം എവിടെയാണെന്നു പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്നു അക്രമികള്‍ പറഞ്ഞു. തുടര്‍ന്നു ശ്രീജ പണം വച്ചിരുന്നു ഷെല്‍ഫ് കാട്ടിക്കൊടുത്തു. പെട്രോള്‍ പമ്ബിലെ കലക്ഷന്‍ തുകയായ 1.7 ലക്ഷം രൂപയാണ് സംഘം ഷെല്‍ഫില്‍നിന്നു അപഹരിച്ചത്. ശ്രീജയുടെ വളകള്‍ രണ്ടും ഊരി വാങ്ങിയശേഷം വലിച്ചിഴച്ച്‌ ബാലചന്ദ്രന്റെ അടുത്തു കിടത്തി. ഇനിയും പണമുണ്ടോ എന്നു ചോദിച്ചു കഴുത്തില്‍ കഠാര വച്ചതോടെ ശ്രീജ ബോധം കെട്ടു. ഹാളിലെ മേശ തുറന്ന് അതില്‍നിന്നും 1500 രൂപയും എടുത്തശേഷം മോഷ്ടാക്കള്‍ ഇറങ്ങിപ്പോയി. പ്രതികള്‍ ഹിന്ദിയും ഇംഗ്ലീഷുമാണ് സംസാരിച്ചത്. ബാലചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ഏകമകള്‍ ജനകി ലണ്ടനിലാണ്.

ബാലചന്ദ്രനെ കൃത്യമായി നിരീക്ഷിച്ചശേഷമാണ് സംഘം കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു പൊലിസ് പറഞ്ഞു. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ ഭയം ഒട്ടും അകന്നിട്ടില്ല. രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ മുപ്പതോളം മോഷണങ്ങളാണ് തൊടുപുഴയില്‍ ഉണ്ടായത്. രാത്രികാല പട്രോളിങ് ഉള്‍പ്പെടെ ശക്തമായ നീക്കങ്ങളാണ് പൊലിസിന്റേത്. എന്നാല്‍ ഒരു മോഷണക്കേസിലെ പ്രതി മാത്രമാണ് ഇതുവരെ കുടുങ്ങിയത്. അതിനാല്‍ത്തന്നെ ജനങ്ങളുടെ ഭയം പെട്ടെന്നു മാറ്റാനാകില്ല. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കവര്‍ച്ചകളില്‍നിന്നും ഭിന്നമായി കുട്ടിക്കുറ്റവാളിയെ മുന്നില്‍ നിര്‍ത്തിയുള്ള തൊടുപുഴ കവര്‍ച്ച പ്രൊഫണല്‍ സംഘങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.

No comments:

Post a Comment