Thursday, 15 September 2016

വിമാനത്തിന് അകത്ത് മാത്രമല്ല പുറത്തും ഫോട്ടോ എടുക്കുന്നത് വിലക്കി; വിമാന യാത്ര കുളമാകാതിരിക്കാന്‍ പുതിയ നിബന്ധനകള്‍ അറിയുക



ന്യൂഡല്‍ഹി: വിമാനത്തില്‍ കയറിയാല്‍ ഒരു സെല്‍ഫി ചിത്രമെടുത്ത് അത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുക എന്നത് മലയാളി യാത്രക്കാര്‍ അടക്കമുള്ളവരുടെ ശീലമാണ്. ഇതുവരെ ഇക്കാര്യത്തില്‍ കാര്യമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ഇനി മുതല്‍ കാര്യങ്ങള്‍ മാറുകയാണ്. ഇങ്ങനെ പതിവുശീലം വച്ച്‌ വിമാനത്തിനകത്തു വച്ച്‌ സെല്‍ഫിയെടുത്താല്‍ ഇനി പുലിവാല് പിടിച്ചേക്കും. സുരക്ഷാ ഭീഷണിയെന്ന കാരണത്താല്‍ വിമാനത്തിനു സമീപത്തെ യാത്രക്കാരുടെയും ജീവനക്കാരുടെയും ഫോട്ടോയെടുക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറത്തിറങ്ങി.
ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിയന്ത്രണം കൊണ്ടുവന്നത്.

വിമാനത്തിനകത്തെ ചിത്രം, വിഡിയോ പകര്‍ത്തുന്നത് സംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫോട്ടോഗ്രാഫി വിലക്കിയതെന്ന് ഡിജിസിഎ അറിയിച്ചു. യാത്രക്കാരെ കൂടാതെ വിമാനത്തിലെ ജോലിക്കാര്‍ക്കും ഫോട്ടോയെടുക്കുന്നതിനു വിലക്കുണ്ട്. വിമാനത്തിനകത്തും പുറത്തുമുള്ള സെല്‍ഫി പകര്‍ത്തുന്നത് മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ചിലര്‍ കോക്ക് പിറ്റില്‍ കയറിവരെ ഫോട്ടോ പകര്‍ത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു.

വിമാനത്തിനുള്ളില്‍വച്ച്‌ ജീവനക്കാര്‍ സെല്‍ഫി എടുക്കാനും, യാത്രക്കാരെ ഫോട്ടോ എടുക്കാന്‍പോലും അനുവദിക്കരുതെന്നുമാണ് നിര്‍ദ്ദേശം. സുരക്ഷാകാരണങ്ങളാലാണ് വിമാനത്തിലെ കോക്ക്പിറ്റില്‍ ഉള്‍പ്പടെ സെല്‍ഫി നിരോധിക്കാന്‍ തീരുമാനിച്ചത്. 1997ലെ എ ഐ സി 3 പ്രൊവിഷന്‍ പ്രകാരമാണ് സെല്‍ഫി നിരോധിച്ചിരിക്കുന്നത്. എയര്‍ സേഫ്റ്റി സര്‍ക്കുലറില്‍ സെല്‍ഫി നിരോധനത്തിന്റെ വിവരം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വ്യക്തമാക്കിയിട്ടുള്ളത്.

സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും ഉപയോഗം വ്യാപകമായതോടെ, യാത്രക്കാരും, എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരുമൊക്കെ വിമാനത്തിനുള്ളില്‍വച്ച്‌ സെല്‍ഫി എടുക്കുന്നത് സ്ഥിരമായിട്ടുണ്ട്. എന്നാല്‍ ഇത് സുരക്ഷയെ ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിമാനത്തിന്റെ ഉള്‍വശത്തെ ചിത്രങ്ങള്‍ ഭീകരരുടെ കൈവശം എത്തുന്നത് വിമാനറാഞ്ചല്‍ ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.

No comments:

Post a Comment