ഇന്ന് ശ്രീനാരായണ ജയന്തി; സാമൂഹിക, സാംസ്കാരിക സംഘടനകളുടേയും ഗുരുദേവ മഠങ്ങളുടേയും നേതൃത്വത്തില്‍ ലോകമെമ്ബാടും ഗുരുദേവജയന്തി ആഘോഷം നടക്കും; വിപുലമായ ജയന്തി ഘോഷയാത്ര വൈകിട്ട് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് ആരംഭിക്കും
തിരുവനന്തപുരം: ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ഗുരുദേവന്റെ 162-ാമത് ജയന്തി വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടേയും ഗുരുദേവ മഠങ്ങളുടേയും നേതൃത്വത്തില്‍ ലോകമെമ്ബാടും ഗുരുദേവജയന്തി ആഘോഷിക്കും. ലോകരാഷ്ട്രങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ ശ്രീനാരായണ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും ഗുരുദേവ മഠങ്ങളുടെയും നേതൃത്വത്തിലാണ് വിപുലമായ ജയന്തി ആഘോഷം. പ്രാര്‍ത്ഥനായജ്ഞങ്ങള്‍, ജയന്തി ഘോഷയാത്രകള്‍, പൊതുസമ്മേളനങ്ങള്‍, അന്നദാനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാസാംസ്കാരിക പരിപാടികള്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന ആഘോഷങ്ങളാണ് നടക്കുന്നത്.
ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്ബഴന്തിയില്‍ ഇന്ന് വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദേക്കര്‍ മുഖ്യാതിഥിയായിരിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, അബ്ദുള്‍ സമദ് സമദാനി, ഗോകുലം ഗോപാലന്‍, പാലോട് രവി, എല്‍. തുളസീധരന്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ ഗുരുസ്തവം രചനാശതാബ്ദി ആഘോഷം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത് അദ്ധ്യക്ഷനായിരിക്കും. വൈകിട്ട് 3.30ന് പാങ്ങപ്പാറ ഗുരുമന്ദിരത്തില്‍ നിന്ന് ആരംഭിക്കുന്ന മതസൗഹാര്‍ദ്ദ ഘോഷയാത്രയില്‍ മുകേഷ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വര്‍ണാഭമായ ഘോഷയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വര്‍ക്കല ശിവഗിരിയില്‍ നടക്കുന്ന വിശ്വശാന്തി സമ്മേളനം രാവിലെ 11ന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിക്ക് മുന്നില്‍ പണിയുന്ന അലങ്കാര ഗോപുരത്തിനും ഗവര്‍ണര്‍ തറക്കല്ലിടും. രാവിലെ 9.30ന് ജയന്തി ജപയജ്ഞം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി പരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി. ജോയി എം. എല്‍.എ, വര്‍ക്കല നഗരസഭാദ്ധ്യക്ഷ ബിന്ദു ഹരിദാസ്, കിളിമാനൂര്‍ ചന്ദ്രബാബു, സി. വിഷ്ണുഭക്തന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് ശിവഗിരിയില്‍ നിന്ന് തുടങ്ങുന്ന ജയന്തി ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തി രാത്രി മഹാസമാധിയില്‍ സമാപിക്കും.
എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ വിപുലമായ ജയന്തി ഘോഷയാത്ര വൈകിട്ട് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് തുടങ്ങി എസ്.എന്‍ കോളേജ് ഗ്രൗണ്ടില്‍ സമാപിക്കും. അരുവിപ്പുറം, മരുത്വാമല, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലും, ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍, ഗുരുക്ഷേത്രങ്ങള്‍, ഗുരുമന്ദിരങ്ങള്‍ എന്നിവിടങ്ങളിലും വിവിധ എസ്.എന്‍.ഡി.പി യൂണിയന്‍, ശാഖാ തലങ്ങളിലും ആഘോഷ പരിപാടികള്‍ നടക്കും.
No comments:
Post a Comment