Friday, 16 September 2016

കാന്‍സര്‍ ആണെന്നു തിരിച്ചറിഞ്ഞപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്തു ഡയറി എഴുതി മരണത്തെ വിളിച്ചു; വിവാഹത്തലേന്ന് മരണത്തിന് കീഴടങ്ങി; ഓര്‍ത്തിരിക്കാന്‍ ഒരു ജീവിതം



ഒരുവര്‍ഷത്തിലേറെയായി അപൂര്‍വമായ ബ്രെയിന്‍ ട്യൂമറിന് ചികിത്സ തേടുകയായിരുന്നു അന്ന സ്വാബി. രോഗിയാണെന്ന് തിരിച്ചറിഞ്ഞശേഷം ബ്ലോഗെഴുത്തിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അന്ന ഒടുവില്‍ മരണത്തിന് കീഴടങ്ങി. അതും ഒരുവര്‍ഷമായി പ്രണയത്തിലായിരുന്ന ആന്‍ഡി ബെല്ലുമായുള്ള വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ.

ഡുറമിലെ ന്യൂട്ടണ്‍ അയ്ക്ലിഫിലാണ് അന്ന ജീവിച്ചിരുന്നത്. അന്നയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചുവെങ്കിലും ആന്‍ഡിയുടെ കാത്തിരിപ്പ് വിഫലമായി.
ആന്‍ഡിയുമായുള്ള സ്വപ്ന വിവാഹത്തിന് കാത്തുനില്‍ക്കാതെ, കുടുംബവീട്ടില്‍വച്ചുതന്നെ അന്ന മരണത്തിന് കീഴടങ്ങി.

ട്യൂമര്‍ ആണെന്ന് തിരിച്ചറിഞ്ഞശേഷമാണ് അന്ന എഴുത്തിലേക്ക് കടന്നത്. മൈ ഹെഡ് ഫേസ്ബുക്ക് വാള്‍ എന്ന ബ്ലോഗിലൂടെ അവര്‍ ആരാധകരുമായി സംവദിച്ചു. 2015 ജനുവരിയിലാണ് അന്നയുടെ രോഗം തിരിച്ചറിഞ്ഞത്. തനിക്ക് പരമാവധി അനുവദിച്ചിട്ടുള്ളത് മൂന്നുവര്‍ഷം മാത്രമാണെന്നും അവര്‍ ബ്ലോഗില്‍ എഴുതിയിരുന്നു.

ഓരോ ദിവസത്തെയും അനുഭവമായിരുന്നു അന്നയുടെ ബ്ലോഗില്‍ ഉണ്ടായിരുന്നത്. ജൂലൈ എട്ടിനെഴുതിയ ബ്ലോഗില്‍ ആന്‍ഡിയുടെ ഭാര്യയാകുന്ന ദിവസം കാത്തിരിക്കുകയാണെന്ന് അന്ന എഴുതിയിരുന്നു. ബന്ധുക്കള്‍ അന്നയുടെ മരണവും ബ്ലോഗിലൂടെയാണ് ലോകത്തെ അറിയിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇക്കാലയളവില്‍ അന്ന വ്യാപൃതയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള പരിപാടികള്‍ക്കായി അന്ന സ്ഥാപിച്ച ജീവകാരുണ്യ സംഘടന 50000 പൗണ്ടിലേറെ സമാഹരിച്ചു. അന്നയുടെ മരണവാര്‍ത്ത പുറത്തുവന്നശേഷവും ഈ സംഘടനയുടെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുകയാണ്.

No comments:

Post a Comment