Sunday, 18 September 2016

പത്മാ ലക്ഷ്മിക്കും ലക്ഷ്മി മേനോനും പിന്‍ഗാമികള്‍ ഏറെ; ലോക ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ മോഡലുകളുടെ നിറവും നടപ്പും തരംഗമാകുന്നു; മദാമ്മമാര്‍ നിറഞ്ഞുനില്‍ക്കുന്ന റാമ്ബില്‍ ചുവടുവെക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് കൈയടി



അന്താരാഷ്ട്ര ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ സുന്ദരിമാരുടെ സാന്നിധ്യം വളരെ വിരളമാണ്. പത്മ ലക്ഷ്മിയെയോ ലക്ഷ്മി മോനോനെയോ പോലെ പേരെടുത്ത മോഡലുകള്‍ കുറവ്. എന്നാല്‍, ആ സ്ഥിതിക്ക് മാറ്റം വരികയാണ്. അന്താരാഷ്ട്ര ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ സുന്ദരിമാരുടെ അഴകളവുകള്‍ തരംഗമായി മാറുകയാണെന്ന് ഈ രംഗത്തുനിന്നുള്ള പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നു.

മുംബൈയിലെയും ഡല്‍ഹിയിലെയും ഫാഷന്‍ സര്‍ക്യൂട്ടില്‍നിന്ന് പാരിസിലെയും മിലാനിലെയും ന്യുയോര്‍ക്കിലെയും റാമ്ബുകളിലേക്ക് കയറിച്ചെല്ലാന്‍ ഇന്ത്യന്‍ മോഡലുകള്‍ക്ക് വലിയ തടസ്സങ്ങളുണ്ടായിരുന്നു.
എന്നാല്‍, ഉജ്വല റൗട്ടിനെയും പത്മയെയും ലക്ഷ്മിയെയും പോലുള്ളവര്‍ ആ തടസ്സങ്ങള്‍ ഇല്ലാതാക്കി.

മെലിഞ്ഞുനീണ്ട വെള്ളക്കാാരികള്‍ ക്യാറ്റ് വാക്ക് നടത്തുന്ന റാമ്ബുകളില്‍, ഇരുണ്ട നിറമുള്ള ഇന്ത്യന്‍ സുന്ദരിമാരാണ് ഹരം. നീലം ഗില്‍, കെല്ലി ഗെയ്ല്‍, സബ്രിന ബെഹി, പൂജ മോര്‍, ഭൂമിക അരോറ, നടാഷ രാമചന്ദ്രന്‍, സ്മിത ലസ്രാഡോ, രസിക നവേര്‍ തുടങ്ങിയ ഇന്ത്യന്‍ മോഡലുകള്‍ അന്താരാഷ്ട്ര ഫാഷന്‍ ഷോകളുടെ അവിഭാജ്യ ഘടകമായി മാറിത്തുടങ്ങി.

ഫാഷനെക്കുറിച്ചുള്ള ലോകത്തിന്റെ സങ്കല്‍പ്പങ്ങളും ഏറെ മാറിയെന്ന് ബസാര്‍ ഇന്ത്യയുടെ എഡിറ്റര്‍ നോണിറ്റ കല്‍റ പറയുന്നു. ലോകത്തിന്റെ ഏതുഭാഗത്തുനിന്നുള്ള സൗന്ദര്യവും ഇപ്പോള്‍ സ്വീകരിക്കപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ വരവോടെ, സൗന്ദര്യത്തിന് അതിരുകളില്ലാതായി.

ഐശ്വര്യ റായിയുടെ വരവാണ് ഇന്ത്യന്‍ മോഡലുകളുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമെന്ന് ഫാഷന്‍ കോറിയോഗ്രാഫര്‍ പ്രസാദ് ബിഡപ്പ പറയു്നു. ലോറീലിന്റെ മോഡലായി ഐശ്വര്യ വന്നതോടെ ഇന്ത്യന്‍ സൗന്ദര്യത്തെ അന്താരാഷ്ട്ര വേദികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നാല്‍, റാമ്ബുകളില്‍ ഇപ്പോഴുള്ളവരില്‍ ഏറെയും വിദേശത്ത് ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ വംശജരാണെന്നും ബിഡപ്പ പറയുന്നു.

എന്നാല്‍, പൂജ മോറിനെപ്പോലുള്ള മോഡലുകള്‍ ഈ പ്രവണതയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റെല്ല മക്കാര്‍ട്ടിനി, റോബര്‍ട്ടോ കവേല്ലി, ലൂയിസ് വുയ്ത്തോണ്‍, അലക്സാണ്ടര്‍ മക്വീന്‍ തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തരായ ഡിസൈനര്‍മാര്‍ പൂജയെ അവരുടെ മോഡലാക്കി. ഇറ്റാലിയന്‍ വോഗിന്റെയും ന്യൂമറോ ചൈനയുടെയും എഡിറ്റിന്റെയും മുഖചിത്രമായും പൂജ മാറി. അന്താരാഷ്ട്ര വേദിയില്‍ ഇന്നേറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യന്‍ മോഡല്‍ കൂടിയാണ് ഉത്തര്‍പ്രദേശുകാരിയായ പൂജ.

സിമ്മര്‍മാന്‍, ടെംപെര്‍ലി, പാല്‍മ ഹാര്‍ഡിങ്സ്, എമിലോ ഡി ലാ മോറേന, മിഷ നൂനോ എന്നീ ഡിസൈനര്‍മാരുടെ ഇഷ്ട മോഡലാണ് നടാഷ രാമചന്ദ്രന്‍ എന്ന പുണെക്കാരി. ഗസ്സിയബാദുകാരിയായ രസിക നവേര്‍ സ്മാഷ്ബോക്സ് കോസ്മെറ്റിക്സിന്റെയും സെഫോറ കാനഡയുടെയും മേബെല്ലിന്റെയുമൊക്കെ മോഡലാണ്.

No comments:

Post a Comment