Thursday, 15 September 2016

പ്രസവിച്ചപ്പോള്‍ പുറത്തുനിന്ന ബന്ധുക്കളോട് പറഞ്ഞത് ആണ്‍കുട്ടിയെന്ന്; കൈമാറിയത് പെണ്‍കുട്ടിയെ; ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ പെണ്‍കുട്ടിയുമായി മാച്ച്‌ ചെയ്തില്ല; സിംല ആശുപത്രിയില്‍ ഒരേ സമയം പിറന്ന എല്ലാ കുട്ടികളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉറച്ച്‌ പൊലീസ്



സിംല: സ്വന്തം കുഞ്ഞ് ഏതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കേണ്ട അവസ്ഥയിലാണ് സിംലയിലെ കുറച്ച്‌ മാതാപിതാക്കള്‍. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഉടലെടുത്ത തര്‍ക്കമാണ് ഇപ്പോള്‍ ഡിഎന്‍എ പരിശോധനയിലെത്തി നില്‍ക്കുന്നത്. പ്രസവമുറിക്ക് പുറത്തുകാത്തുനിന്ന ബന്ധുക്കളോട് ജനിച്ചത് ആണ്‍കുട്ടിയാണെന്ന് പറയുകയും പിന്നീട് പെണ്‍കുട്ടിയെ കൈമാറുകയും ചെയ്തതോടെയാണ് തര്‍ക്കത്തിന് തുടക്കം. മെയ് 26-ന് സിംലയിലെ കമലാ നെഹ്റു ആശുപത്രിയിലാണ് വിവാദത്തിന് തുടക്കം കുറിച്ചത്.

ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിലെ നഴ്സുകൂടിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. ആലസ്യത്തില്‍നിന്ന് ഉണര്‍പ്പോള്‍ ഒരു പെണ്‍കുഞ്ഞിനെ യുവതിക്ക് ആശുപത്രി അധികൃതര്‍ കൈമാറുകയും ചെയ്തു. എന്നാല്‍, പിറന്നത് ആണ്‍കുഞ്ഞാണെന്നാണ് പ്രസവസമയത്ത് തന്നോട് പറഞ്ഞതെന്ന് യുവതി അവകാശപ്പെട്ടതോടെ സംഗതി വിവാദമായി.

ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെയും യുവതിയുടെയും ഭര്‍ത്താവിന്റെയും ഡി.എന്‍.എ. സാമ്ബിളുകള്‍ ഹിമാചല്‍ പ്രദേശ് ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചു. ഡി.എന്‍.എ. പരിശോധനയില്‍ ഇവര്‍ക്ക് ലഭിച്ച പെണ്‍കുഞ്ഞ് ഇവരുടേതല്ലെന്ന് വ്യക്തമായി. ഇതോടെ, യുവതിയുടെ ഭര്‍ത്താവ് അനില്‍ കമാര്‍ പൊലീസില്‍ പരാതിപ്പെട്ടു.

പ്രസവസമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്ന ആയ തന്റെ ഭാര്യയോട് പറഞ്ഞത് ആണ്‍കുട്ടിയാണ് ജനിച്ചത് എന്നായിരുന്നുവെന്ന് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഡിഎന്‍എ പരിശോധനാ ഫലം കൂടി വന്നതോടെ, യഥാര്‍ഥ കുഞ്ഞിനെ കണ്ടെത്തേണ്ട ബാധ്യത പൊലീസിന്റെതായി. ഇതേത്തുടര്‍ന്നാണ് ആ ദിവസങ്ങളില്‍ കമല നെഹ്റു ആശുപത്രിയില്‍ പിറന്ന എല്ലാ കുഞ്ഞുങ്ങളെയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അതേസമയത്ത് ആശുപത്രിയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളോടെല്ലാം സാമ്ബിളുകള്‍ ഹാജരാക്കാന്‍ സിംല അഡീഷണല്‍ എസ്പി. ഭജന്‍ ദേവ് നിര്‍ദേശിച്ചു. സാമ്ബിളുകള്‍ നല്‍കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment