Friday, 16 September 2016

അലന് പിന്നാലെ പ്രിയങ്കയും പോയി; ചിറ്റാറില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ 15കാരിയുടെ വിയോഗത്തില്‍ തേങ്ങി കുടുംബം; നെഞ്ചു പൊട്ടുന്ന വേദനയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍



പത്തനംതിട്ട: ചിറ്റാറില്‍ ഓണത്തോട് അനുബന്ധിച്ച്‌ നടത്തിയ കാര്‍ണിവലിനിടെ ആകാശഊഞ്ഞാലില്‍ നിന്ന് വീണു പരുക്കേറ്റ് ചികില്‍സയിലായിരുന്ന പ്രിയങ്ക(15)യും മരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പ്രിയങ്ക ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ എട്ടിന് രാത്രി എട്ടുമണിയോടെയുണ്ടായ അപകടത്തില്‍ പ്രിയങ്കയും സഹോദരന്‍ അലന്‍ (5) മരിച്ചിരുന്നു. ഗുരുതരമായ പരുക്കുകളോടെ ചികില്‍സയിലായിരുന്നു പ്രിയങ്ക. ചിറ്റാര്‍ കുളത്തുങ്കല്‍ സജി-ലീന ദമ്ബതികളുടെ മക്കളാണ് ഇരുവരും.

പ്രിയങ്കയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സന്നദ്ധത അറിയിച്ചു. അവയവങ്ങള്‍ എടുക്കാനുള്ള ശസ്ത്രക്രിയ രാവിലെ 10 മണിക്ക് ആരംഭിച്ചു. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്കാകും അവയവങ്ങള്‍ നല്‍കുക.
ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പ്രിയങ്ക. മാതാപിതാക്കള്‍ നോക്കി നില്‍ക്കേയായിരുന്നു കുട്ടികളുടെ ദുരന്തം. മൂന്നുമക്കളാണ് സജിക്ക്.

അലന്റെ പിടിവാശി കാരണമാണ് കുട്ടികളെ ആകാശ ഊഞ്ഞാലില്‍ കയറ്റാന്‍ മാതാപിതാക്കള്‍ തുനിഞ്ഞത്. അലനും പ്രിയങ്കയും ഊഞ്ഞാലിന്റെ ഒരു തൊട്ടിയിലും രണ്ടാമത്തെ സഹോദരി നിമ്മി മറ്റൊരു തൊട്ടിയിലുമായിരുന്നു. ഊഞ്ഞാല്‍ വേഗം ആര്‍ജിച്ചപ്പോള്‍ 30 അടി ഉയരത്തില്‍ നിന്നും പിടിവിട്ടു അലന്‍ തെറിച്ചു പോവുകയായിരുന്നു. തെറിച്ചു പോയ അലനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രിയങ്കയും വീണത്. അലന്‍ മറ്റു തൊട്ടികളില്‍ അടിച്ചടിച്ചാണ് താഴെ വീണത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയുമാണ് കാര്‍ണ്ണിവെല്‍ നടന്നത്. ആറു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

No comments:

Post a Comment