Friday, 16 September 2016

നര്‍സിങ്ങിന്റെ ഉത്തേജക മരുന്ന് വിവാദം സിബിഐ അന്വേഷിക്കും



ദില്ലി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് ഉള്‍പ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന വിവാദം സി.ബി.ഐ അന്വേഷിക്കാന്‍ തീരുമാനമായി. തന്നെ ചതിയില്‍പ്പെടുത്തിയതാണെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും നേരത്തെ നര്‍സിങ് ആവശ്യപ്പെട്ടിരുന്നു. നര്‍സിങ്ങിന്റെയും ഗുസ്തി ഫെഡറേഷന്റെയും അപേക്ഷ പരിഗണിച്ച്‌ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷന്‍ സിബിഐ അന്വേഷണം സ്ഥിരീകരിച്ചു. ഉത്തേജക മരുന്ന് വിവാദത്തിന്റെ യാഥാര്‍ഥ വസ്തുത പുറത്തുവരണമെന്നും ഇതിനായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ ഓഗസ്റ്റ് 28ന് പ്രധാനമന്ത്രിയെ കണ്ടിരുന്നതായും ബ്രിജ് ഭുഷന്‍ വ്യക്തമാക്കി.

നര്‍സിങ് യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് നാഡയുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ തന്നെ വഞ്ചിച്ചതാണെന്നും മന:പൂര്‍വം മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നര്‍സിങ് യാദവ് പറഞ്ഞതോടെ ഒളിമ്ബിക്സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍, ഒളിമ്ബിക്സ് മത്സരത്തിന്റെ തൊട്ടുമുന്‍പ് വാഡ അഞ്ചു വര്‍ഷത്തേക്ക് നര്‍സിങ്ങിനെ വിലക്കി.

ഇതോടെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നഷ്ടമായത്. നര്‍സിങിനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് ഒളിമ്ബിക്സുകളില്‍ മെഡല്‍ നേടിയിരുന്ന സുശീല്‍ കുമാറിന് അവസരം ലഭിച്ചിരുന്നില്ല. നര്‍സിങ്ങിനെ നാഡയുടെ പരിശോധനാഫലം വന്നതിന് പിന്നാലെ ഒഴിവാക്കിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് പകരക്കാരനെ അയക്കാന്‍ അവസരമുണ്ടാകുമായിരുന്നു.

No comments:

Post a Comment