പ്രണയാഭ്യര്‍ത്ഥന തള്ളിയ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ രാംകുമാറിന്റെ ജയിലിലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; വൈദ്യുതി കമ്ബി കടിച്ച് ജീവനൊടുക്കിയെന്നത് തെറ്റെന്ന് വാദം; പൊലീസ് കൊന്നതെന്ന് ആരോപിച്ച് അഭിഭാഷകനും
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ ചെന്നൈയിലെ ഐടി ജിവനക്കാരി സ്വാതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്ന പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തെന്ന പൊലീസ് വാദം വിശ്വസിക്കാതെ ബന്ധുക്കള്‍ രംഗത്ത്. രാകുമാര്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം രാംകുമാറിനെ പൊലീസ് കൊന്നതെന്ന് അഭിഭാഷകന്‍. രാംകുമാറിന്റെ അഭിഭാഷകനായ രാംരാജാണ് ആരോപണം ഉന്നയിച്ചത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന വ്യക്തിയല്ല രാംകുമാറെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ഇന്നലെയും രാംകുമാറുമായി താന്‍ സംസാരിച്ചിരുന്നതാണ്. ജാമ്യം ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാംകുമാര്‍ എന്നും അഭിഭാഷന്‍ പറഞ്ഞു. ഇത് പൊലീസ് ചെയ്ത കൊലപാതകം തന്നെയാണെന്നും രാംരാജ് കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് രാംകുമാര്‍ ആത്മഹത്യ ചെയ്തത്. ഇതാണ് ആത്മഹത്യ ചെയ്തെന്ന വാദത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതും. കോടതി നടപടികളിലേക്ക് കടക്കും മുമ്ബ് രാംകുമാര്‍ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
വൈകുന്നേരം നാലരയോടെയാണ് രാംകുമാര്‍ ജീവനൊടുക്കിയതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. വൈദ്യുത കമ്ബിയില്‍ കടിച്ച് ജീവനൊടുക്കുകയായിരുന്നു. ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ രാംകുമാറിനെ റോയപേട്ട ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോയപേട്ട ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും പോസ്റ്റ്മോര്‍ട്ടം നടപടികള്‍. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൃതദേഹം കാണാന്‍ അവസരം നല്‍കും. അതിസുരക്ഷയുള്ള ജയിലില്‍ വിചാരണത്തടവുകാരന്‍ ആത്മഹത്യചെയ്ത സംഭവം ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ജയില്‍ എ.ഡി.ജി.പി. വിജയകുമാര്‍ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.
ജൂണ്‍ 24നാണ് സ്വാതിയെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ രാംകുമാര്‍ അരിവാള്‍കൊണ്ട് വെട്ടിക്കൊന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു കൊലപാതകം. സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രാംകുമാറാണ് കൊലയാളിയെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ചെന്നൈയില്‍നിന്നുള്ള പൊലീസ് സംഘം തിരുനല്‍വേലി ചെങ്കോട്ട മീനാക്ഷിപുരത്തെ വീട്ടില്‍നിന്ന് രാംകുമാറിനെ അറസ്റ്റുചെയ്തു.
ഞായറാഴ്ച രാംകുമാര്‍ പ്രഭാതഭക്ഷണം കഴിച്ചിരുന്നുവെന്നും ഉച്ചയ്ക്ക് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ എത്തിയില്ലെന്നും പറയുന്നുണ്ട്. ഈ ഇടവേളയിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. എന്‍ജിനീയറിങ് ബിരുദധാരിയായ രാംകുമാര്‍ ചെന്നൈയില്‍ ജോലിതേടി എത്തിയപ്പോഴാണ് സ്വാതിയെ പരിചയപ്പെടുന്നത്. പലതവണ പ്രണയാഭ്യര്‍ഥനയുമായി സമീപിച്ചെങ്കിലും സ്വാതി നിരസിച്ചു. ഇത് രാംകുമാറില്‍ പ്രതികാരമനോഭാവം ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.
കൊലപ്പെടുത്തിയതില്‍ പശ്ചാത്താപമുണ്ടെന്ന് ഇയാള്‍ പിന്നീട് പറഞ്ഞിരുന്നു. അതേസമയം സ്വാതിയെ കൊന്നത് രാംകുമാര്‍ അല്ലെന്നും പൊലീസ് എന്തൊക്കെയോ രഹസ്യങ്ങള്‍ മറച്ചുവയ്ക്കുന്നുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ദളിത് കുടുംബമായതിനാലാണ് തന്റെ കുടുംബത്തെ പ്രതിയാക്കുന്നതെന്നായിരുന്നു നേരത്തെ രാംകുമാറിന്റെ പിതാവ് ആരോപിച്ചിരുന്നത്.
No comments:
Post a Comment