Thursday, 15 September 2016

കടലില്‍ കുളിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീകളോടു അശ്ലീലം പറഞ്ഞു; ചോദ്യം ചെയ്ത വയോധികന്റെ കയ്യില്‍ യുവാക്കള്‍ കടിച്ചു; ആകാശത്തേക്കു വെടി വച്ചു കുടുംബനാഥന്റെ തിരിച്ചടി



വൈപ്പിന്‍: തിരുവോണത്തിനു കുടുംബത്തോടൊപ്പം കടലില്‍ കുളിക്കാനെത്തിയവരെ ശല്യം ചെയ്ത യുവാക്കളെ പ്രതിരോധിക്കാന്‍ വയോധികന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ചെറായി ബീച്ചിലായിരുന്നു സിനിമാക്കഥയേയും വെല്ലുന്ന സംഭവം അരങ്ങേറിയത്. കൂട്ടംകൂടി നിന്ന യുവാക്കള്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത വയോധികനെ കടിച്ചു പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് കയ്യേറ്റശ്രമത്തെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് വയോധികന്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ ആകാശത്തേക്കു വെടിയുതിര്‍ത്തത്.

തുടര്‍ന്ന്, തോക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് കയ്യേറ്റത്തിനു രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കോതമംഗലം ഇരുതലപ്പടി കല്ലുങ്കല്‍ രാജുപോള്‍ (62) ആണ് ആകാശത്തേക്കു വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. അതേസമയം ലൈസന്‍സ് ഉള്ള തോക്കാണ്, നിലത്ത് വീണപ്പോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിയതാണെന്ന് രാജു പോള്‍ പൊലീസിനോട് പറഞ്ഞു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി ബീച്ചിലെത്തിയതായിരുന്നു ഇദ്ദേഹം. കടലില്‍ കുളിച്ച ശേഷം വാഹനത്തിനടുത്തെത്തി വസ്ത്രം മാറുന്നതിനിടെ ബീച്ചിലുണ്ടായിരുന്ന രണ്ടുപേരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കയ്യാങ്കളിയായതോടെ ഇവര്‍ വയോധികന്റെ തോളിലും കൈവിരലുകളിലും കടിച്ചു. കടിവിടാതിരുന്നതിനെത്തുടര്‍ന്നു വേദന സഹിക്കാനാവാതെ വന്നതോടെ ഇയാള്‍ കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ എടുത്തു വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു സൂചനയെന്നാണ് പൊലീസ് പറയുന്നത്.

രാജു പോളിന്റെ കൈയില്‍ നിന്നും തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൈസന്‍സ് ഉണ്ടെന്ന് മൊഴി നല്‍കിയതിനാല്‍ ലൈസന്‍സ് ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കടിയേറ്റ് ഇയാളുടെ കയ്യില്‍ ആഴത്തില്‍ മുറിവുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ചെറായി സ്വദേശികളായ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

No comments:

Post a Comment