Thursday, 15 September 2016

കലക്ടര്‍ ബ്രോ, സാഹിത്യത്തെ ആദരിക്കണമെന്ന് പറയുന്നില്ല, ഇങ്ങനെ അപമാനിക്കരുത്...പ്ലീസ്....; കോഴിക്കോട് കലക്ടര്‍ പ്രശാന്തിന് കവയത്രി ആര്യാ ഗോപിയുടെ അപേക്ഷ; മറുപടിയുമായി കലക്ടര്‍ 'ബ്രോ' യും



കോഴിക്കോട് കളക്ടറെക്കുറിച്ച്‌ എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രമാണ്. പലപ്പോഴും കളക്ടര്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് കളക്ടര്‍ ബ്രോ എന്ന വിളിപ്പേര് വന്നതും. എഴുത്തുകാരെ കോഴിക്കോട് ജില്ലാ കളക്ടര്‍ വിളിച്ചുവരുത്തി അപമാനിച്ചെന്ന ആരോപണവുമായി യുവ കവയത്രി ആര്യാ ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. കോഴിക്കോട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണം 2016 എന്ന പരിപാടിയില്‍ എഴുത്തുകാര്‍ക്ക് അപമാനിതരാകേണ്ടിവന്നെന്ന ആരോപണമാണ് ആര്യ ഉന്നയിക്കുന്നത്.
കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് ആര്യയുടെ ആരോപണം. നമുക്ക് ശരിക്കും കവികളേയും എഴുത്തുക്കാരെയുമൊക്കെ ആവശ്യമുണ്ടോ? മിമിക്രിക്കാരും സീരിയല്‍ക്കാരും സിനിമക്കാരും ഗാനമേളക്കാരുമൊക്കെ പോരേ.. എന്നു ആര്യ ചോദിക്കുന്നു.

ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

എത്രയും ബഹുമാനപ്പെട്ട കലക്ടര്‍ ബ്രോ അറിയുന്നതിന്,
ഇന്നലെ കോഴിക്കോട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണാഘോഷത്തില്‍ പങ്കെടുത്ത ഒരു കവിയാണ് ഞാന്‍. ഒരു സംശയം, നമുക്ക് ശരിക്കും കവികളേയും എഴുത്തുക്കാരെയുമൊക്കെ ആവശ്യമുണ്ടോ? മിമിക്രിക്കാരും സീരിയല്‍ക്കാരും സിനിമക്കാരും ഗാനമേളക്കാരുമൊക്കെ പോരേ... ജില്ലാ ഭരണകൂടത്തിന്റയും നിലപാട് ഇതാണോ? അല്ലെങ്കില്‍ എന്തിനായിരുന്നു ആരും വരില്ലായെന്നുറപ്പുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വായുവും വെളിച്ചവും കയറാത്ത, ശബ്ദത്തേക്കാള്‍ മുഴക്കമുള്ള, പ്രത്യേകിച്ചൊരാകൃതിയുമില്ലാത്ത, ഉയരം ശരിയാക്കാന്‍ പോലും ആകാത്ത ഒരു മൈക്കു മാത്രമുള്ള ഓഡിറ്റോറിയത്തില്‍ ഓണം സാഹിത്യോത്സവം കൊണ്ടു വന്നു വച്ചത്.

താങ്ങള്‍ക്കറിയാമെന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. മുമ്ബൊക്കെ, ടൗണ്‍ഹാളിലെ നിറഞ്ഞ സദസിനു മുന്നിലാണ് കോഴിക്കോട്ടെ കവികള്‍ ഓണത്തിനു കവിത ചൊല്ലിയിരുന്നത്. അന്നൊക്കെ അതു കേള്‍ക്കാന്‍ ആളുകള്‍ വന്നിട്ടുണ്ട്. കവിത കേട്ടാനന്ദിച്ച്‌ കൈയടിച്ചിട്ടുണ്ട്, പ്രതിഷേധിച്ച്‌ കൂവിയിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. ഇനിയിതൊന്നും വേണ്ടായെന്നു ജില്ലാഭരണകൂടം തീരുമാനിച്ചതാണോ? കോഴിക്കോട്ടുക്കാരന്‍ കവിതയും നല്ല സംസാരവും കേള്‍ക്കേണ്ടായെന്ന് ഭരണകൂടം തീരുമാനിക്കുന്നത് തന്നെയല്ലേ ഭരണകൂടഫാസിസം.കവിതയും സാഹിത്യവുമൊന്നും ഒരു കാലത്തും ജനകീയ കലയായിരുന്നില്ല. എന്നാല്‍, അതു കാലത്തേ അതിജീവിക്കുന്ന ജീവല്‍ സന്ദേശമാണ്. ഇന്നലെ ഉദ്ഘാടനം നടത്തി ശ്രീ ടി പി രാജിവന്‍ സാര്‍ (TP Rajeevan -Thachompoyil Rajeevan) പറഞ്ഞതു പോലെ തോല്‍പ്പിക്കപ്പെടുന്നവന്റെ അവസാനത്തെ നിലവിളിയാണ്. ഇതൊന്നുമില്ലെങ്കില്‍ കാലം കെട്ടുപ്പോകും.

ഏതെങ്കിലും ഒരു കോമഡി ഷോയില്‍ മുഖം കാണിച്ചവരെ കൂട്ടിക്കൊണ്ടു വരാന്‍ കാറയ്ക്കുകയും വഴിയില്‍ കാത്തു നില്‍ക്കുകയും ചെയ്യുന്ന ഭരണകൂടം കവികള്‍ നടന്നും ഓട്ടോയിലും വരുമെന്നു കരുതുന്നതെന്തു മനോഭാവം കൊണ്ടാണ്? ഓണം ഇന്നും ഒരു മതേതര ആഘോഷമായി നില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ കവികള്‍ക്കു വലിയ പങ്കുണ്ട്. മാവേലി നാടു വാണിടും കാലം മനുഷ്യരെല്ലാരുമൊന്നു പോലെ... എന്നു ഇപ്പോഴും പേരറിയാത്ത കവിയെഴുതിയിരുന്നില്ലെങ്കില്‍ ഓണത്തെ നിര്‍വചിക്കുവാന്‍ വല്ലാതെ ബുദ്ധിമുട്ടാകുമായിരുന്നു. പിന്നെ പറഞ്ഞ പണം കൈയില്‍ കിട്ടാതെ സ്റ്റേജില്‍ കയറാത്ത സിനിമാക്കാരെയും പാട്ടുക്കാരെയും കോമഡിക്കാരെയും പോലെ ഞങ്ങള്‍ പണം ഗൗനിക്കാതെ വരുന്നുണ്ടെങ്കില്‍ അതു കവിത പണത്തിനു മേലെയാണെന്ന ഉറച്ച വിശ്വാസം കൊണ്ടു മാത്രമാണ്.
ഇങ്ങനെ അപമാനിക്കാനാണെങ്കില്‍ ഇനിയുമിതു നടത്തണമെന്ന് ഞങ്ങള്‍ക്കു യാതൊരു നിര്‍ബന്ധവുമില്ല. നാലാളു കൂടുന്നിടത്തു ഉച്ചത്തില്‍ കവിതചൊല്ലാന്‍ ഞങ്ങള്‍ക്കു മടിയില്ല. ഭരണകൂടം അനുവദിച്ചു തന്ന ഔദാര്യംകൊണ്ടല്ല കവിത ജീവിക്കുന്നത്. അവസാനത്തെ മനുഷ്യന്‍ മരിക്കുന്നിടത്തോളം കാലം അതു ജീവിക്കും. അദ്ധ്യക്ഷന്‍ പി കെ ഗോപി (P.k. Gopi) പറഞ്ഞതു പോലെ കൂടുതല്‍ ശക്തമായി തിരിച്ചു വരാന്‍ ഒന്നു പിന്‍വലിഞ്ഞെന്നിരിക്കാം, അത്രമാത്രം.

കലക്ടര്‍ ബ്രോ, സാഹിത്യത്തെ ആദരിക്കണമെന്ന് പറയുന്നില്ല, ഇങ്ങനെ അപമാനിക്കരുത്...പ്ലീസ്.... ഞങ്ങള്‍ കവിത ചൊല്ലിയും മനുഷ്യനെ കുറിച്ചു ചിന്തിച്ചും ജീവിതത്തിന്റ ഓരം പറ്റിയിങ്ങനെ ജീവിച്ചു പോയിക്കൊള്ളട്ടെ...
എന്ന്
സ്നേഹത്തോടെ,
കോഴിക്കോട്ടെ കവികള്‍ക്കും സാഹിത്യാസ്വാദകര്‍ക്കും വേണ്ടി
ആര്യാഗോപി.

എന്നാല്‍ ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ കമന്റ് ബോക്സില്‍ ഒഫിഷ്യല്‍ പേജിലൂടെ കലക്ടര്‍ മറുപടിയും നല്‍കിയിരിക്കുന്നു.

പ്രിയപ്പെട്ട ആര്യ,
താങ്കളുടെ വികാരം പൂണ്ണമായും ഉള്‍ക്കൊള്ളുന്നു. പരിപാടികളുടെ വേദിയും മറ്റും കലക്ടര്‍ നേരിട്ടാണ് തീരുമാനിക്കുന്നതെന്ന ധ്വനി കണ്ടു. തുടക്കക്കാരി ആയതുകൊണ്ടായിരിക്കം. അറിവിലേക്ക് പറയട്ടെ, കലാകാര്‍ന്‍ന്മാരുടെ തന്നെ കൂട്ടായ്മയാണ് ഇതൊക്കെ സംഘടിപ്പിക്കുന്ന കമ്മിറ്റികള്‍. പ്രോഗ്രാം കമ്മിറ്റിക്കും വിവിധ മേഖലകള്‍ക്കുള്ള കമ്മിറ്റികള്‍ക്കും പൂര്‍ണ്ണമായ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചാണ് സബ്കലക്ടരുടെ നേതൃത്വത്തില്‍ ഇത്തവണ ഡി.ടി.പി.സി. ഓണം വാരാഘോഷം സംഘടിപ്പിച്ചത്. സാഹിത്യം, ശാസ്ത്രീയ സംഗീതം, നാടകം തുടങ്ങിയ കമ്മിറ്റികള്‍ ടൗണ്‍ ഹാള്‍ ഉള്‍പ്പെടെയുള്ള വേദികള്‍ക്കായി ശക്തമായി ഡിമാണ്ട് വച്ചിരുന്നു. ടൗണ്‍ ഹാള്‍ നാടകത്തിനോ ശാസ്ത്രീയസംഗീതത്തിനോ അനുവദിക്കുമ്ബോള്‍ സംഘാടകര്‍ അത് administrative convenience കൊണ്ട് ചെയ്യുന്നതാവാനേ തരമുള്ളൂ. ഊണും ഉറക്കവും ഇല്ലാതെ ഓണം അവധിക്കാലത്ത് ഇതെല്ലാം സംഘടിപ്പിച്ച്‌ നടക്കുന്ന ആ പാവം സബ് കലക്ടര്‍ ഭരണകൂട ഫാസിസം നടപ്പാക്കുന്നു എന്നൊക്കെ പറയുന്നത് കുറച്ച്‌ കഷ്ടമാണ്. ഏതായാലും മറ്റ് കലാരൂപങ്ങളെയും കലാകാരെയും ചെറുതായി കാണേണ്ടതില്ല. അതിനി മിമ്മിക്രി ആയാലും ശരി. ഒരു കൂട്ടരുടെ കാര്യം മാത്രം നന്നായാല്‍ മതി എന്നല്ല, ഉള്ള സൗകര്യങ്ങളില്‍ നിന്ന് പരമാവധി നന്നാക്കാനാണ് ശ്രമം. ഇത് കൂട്ടായ്മയാണ്. കമിറ്റികളില്‍ സജീവമായ കലാകാരന്മാര്‍ക്ക് അറിയാം. മാറി നിന്ന് കുറ്റപ്പെടുത്താനുള്ളവര്‍ക്ക് അതാവാം. ക്രിയാത്മകമായി നന്നാക്കാനുള്ള ആശയങ്ങള്‍ ഉള്ളവര്‍ക്ക് സബ് കലക്ടറുമായി ബന്ധപ്പെടാം.
സ്നേഹപൂര്‍വം
പ്രശാന്ത്

No comments:

Post a Comment