Friday, 16 September 2016

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷയും സുപ്രീംകോടതി റദ്ദാക്കി; 25 വര്‍ഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കാന്‍ വിധിച്ച്‌ ഡിവിഷന്‍ ബെഞ്ച്



ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കി നല്‍കിയ കോടതി വിധിയില്‍ കേരളത്തില്‍ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുമ്ബോള്‍ നിര്‍ണ്ണായകമായ മറ്റൊരു വിധി കൂടു സുപ്രീംകോടതിയില്‍ നിന്നും പുറത്തുവന്നു. മധ്യപ്രദേശില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. കേസ് 'അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല' എന്ന കാരണം പറഞ്ഞാണ് ഈ വിധി കോടതി പുറപ്പെടുവിച്ചത്.

പ്രതി പഞ്ചം ലോധി എന്ന തട്ടു ലോധി 25 വര്‍ഷം ജീവപര്യന്തം തടവനുഭവിക്കണമെന്നാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, ശിവ കീര്‍ത്തി സിങ്, എ.എം. സാപ്രെ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. 14 വര്‍ഷത്തെ ജീവപര്യന്തം തടവുകഴിഞ്ഞിറങ്ങിയാല്‍ പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടവേളയില്ലാതെ 25 വര്‍ഷത്തെ തടവ് കോടതി വിധിച്ചത്.

2011ലാണ് കേസിന് അടിസ്ഥാനമായ സംഭവം. ലോധിക്ക് അന്ന് 27 വയസ്സായിരുന്നു. 25 വര്‍ഷത്തെ ശിക്ഷാക്കാലം പൂര്‍ത്തിയാകാതെ പ്രതിയെ ജയിലില്‍ നിന്ന് വിട്ടയയ്ക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അതിനീചമായ ഈ കേസില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആദ്യം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി.ജീവപര്യന്തം തടവുവേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

ലോധി കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്നുവെന്ന വിചാരണക്കോടതിയുടെയും മധ്യപ്രദേശ് ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ സുപ്രീം കോടതി അംഗീകരിച്ചു.

No comments:

Post a Comment