നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ഭയപ്പെടുന്നു: യുഎന്നിലെ ബലൂച്ച് പ്രതിനിധി
ന്യൂഡല്‍ഹി• ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് നരേന്ദ്ര മോദി തുടക്കം കുറിച്ചതുമുതല്‍ പാക്കിസ്ഥാന്‍ ഭയപ്പാടിലാണെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ബലൂച്ചിസ്ഥാന്‍ പ്രതിനിധി മെഹ്റാന്‍ മാരി. ഇതേത്തുടര്‍ന്ന് അടുത്തിടെയായി ബലൂചിസ്ഥാന്റെ പല പ്രദേശങ്ങളിലും സൈനിക നടപടികള്‍ പാക്ക് സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയതായും മാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ബലൂചിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലേയും മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യാന്തര വേദികളില്‍ ഉന്നയിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമാക്കിയിരുന്നു.
മാത്രമല്ല, ഐക്യരാഷ്ട്ര സഭയില്‍ ഈ വിഷയം ഇന്ത്യ അവതരിപ്പിക്കുകയും ചെയ്തു. അടുത്തിടെ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 33-ാം സമ്മേളനത്തിലാണ് യുഎന്നിലെ ഇന്ത്യന്‍ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ അജിത്കുമാര്‍, ബലൂചിസ്ഥാനില്‍ പാക്ക് സര്‍ക്കാരും സൈന്യവും നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ എടുത്തുകാട്ടിയത്.
സ്വാതന്ത്ര്യദിന സന്ദേശത്തിലും അടുത്തിടെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ സമ്മേളനത്തിലുമായി ബലൂചിസ്ഥാന്‍ വിഷയം രാജ്യാന്തര ശ്രദ്ധയിലേക്കെത്തിച്ചതിന് താനും ബലൂചിസ്ഥാനിലെ ജനങ്ങളും ഇന്ത്യയോട് കടപ്പെട്ടവരാണെന്ന് മാരി പറഞ്ഞു. ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന് ഇന്ത്യയ്ക്കു കഴിയുമെന്ന വിശ്വാസമാണ് അവിടുത്തെ ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്ക് സര്‍ക്കാരും വിവിധ പാക്ക് ഏജന്‍സികളും ബലൂചിസ്ഥാനില്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളെക്കുറിച്ച് യുഎസിനും അറിവുള്ളതാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനോടുള്ള നയത്തില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തീര്‍ച്ചയായും യുഎസിനോട് ആവശ്യപ്പെടും. ഇപ്പോള്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനോട് കൈക്കൊണ്ടിരിക്കുന്ന അതേ നിലപാടിലേക്ക് യുഎസും വരുമെന്നാണ് പ്രതീക്ഷയെന്നും മാരി വ്യക്തമാക്കി.
No comments:
Post a Comment