Sunday, 18 September 2016

ഈ 17കാരിയെ കണ്ടെത്താന്‍ സഹായിക്കുമോയെന്ന് ചോദിച്ച്‌ പൊലീസ് ഫേസ്ബുക്കില്‍; താന്‍ ബെഡ്റൂമില്‍ തന്നെയുണ്ടെന്ന് പെണ്‍കുട്ടിയുടെ കമന്റ്



ക്യൂന്‍സ്ലാന്‍ഡ് പൊലീസ് ഇപ്പോള്‍ കടുത്ത നാണക്കേടിലായിരിക്കുകയാണ്. എറിയന്‍ തോംസന്‍ എന്ന 17കാരിയെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ സഹിതം പോസ്റ്റിടുകയായിരുന്നു ഇവിടുത്തെ പൊലീസ്. എന്നാല്‍ താന്‍ ബെഡ്റൂമില്‍ തന്നെയുണ്ടെന്ന് കമന്റിട്ട് സാക്ഷാല്‍ എറിയന്‍ തന്നെ രംഗത്തെത്തിയതോടെയാണ് ക്യൂന്‍സ് ലാന്‍ഡ് പൊലീസ് നാണക്കേടിലായിരിക്കുന്നത്.

പൊലീസ് ഈ പോസ്റ്റിട്ടതിനെ തുടര്‍ന്ന് നിരവധി യൂസര്‍മാര്‍ ദുഃഖം രേഖപ്പെടുത്തിയും സഹായസന്നദ്ധത രേഖപ്പെടുത്തിയും പ്രതികരിച്ചിരുന്നു.
അതിനിടയിലാണ് തന്നെ കാണാതായിട്ടില്ലെന്ന് വെളിപ്പെടുത്തി ഈ പെണ്‍കുട്ടി തന്നെ രംഗത്തെത്തിയിരുന്നത്. താന്‍ വീട്ടിലെ ബെഡ്റൂമില്‍ സുഖമായി ഇരിക്കുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് പൊലീസ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്നുമായിരുന്നു എറിയന്റെ പ്രതികരണം.

തന്നെ കാണാതായിട്ടില്ലെന്നും ഇത് അമിതമായ പ്രതികരണമാണെന്നും താന്‍ സഹോദരിക്കൊപ്പം വീട്ടിലെ കിടപ്പ് മുറിയിലിരിക്കുന്നുണ്ടെന്നുമായിരുന്നു പെണ്‍കുട്ടി പ്രതികരിച്ചിരുന്നത്. എന്നാല്‍ തന്നെ കാണാതായിട്ടില്ലെന്ന് പെണ്‍കുട്ടി കമന്റിലൂടെ വ്യക്തമാക്കിയിട്ടും പ്രസ്തുത പോസ്റ്റ് നീക്കം ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഒരു പൊലീസ് ഓഫീസര്‍ക്ക് ഇക്കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്നും അതിനാല്‍ പെണ്‍കുട്ടി സ്റ്റേഷനിലേക്ക് വരണമെന്നുമായിരുന്നു പൊലീസ് പിന്നീട് നിര്‍ദേശിച്ചത്. പെണ്‍കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയെന്നാണ് ക്യൂന്‍സ് ലാന്‍ഡ് പൊലീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിചിത്രമായ പോസ്റ്റ് ഫേസ്ബുക്ക് യൂസര്‍മാര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. 800 പ്രാവശ്യമാണീ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുതല്‍ ഇടിവിലേക്ക്



ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുതല്‍ ഇടിവിലേക്ക് നീങ്ങുന്നു. ബാരലിന് 45.77 ഡോളറിലേക്കു വരെ എത്തി രണ്ടാഴ്ചത്തെ ഏറ്റവും വലിയ നിലയിലാണ് വില ഇപ്പോഴുള്ളത്. വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തിയേക്കുമെന്ന ആശങ്കയിലാണ് വിലയിടിവ് തുടരുന്നത്. 45 ഡോളറിന് താഴേക്ക് വില എത്താനുള്ള സാധ്യതയും നിലവിലുണ്ട്.ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിച്ചതും ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ഉല്‍പാദനം വര്‍ധിച്ചതുമാണ് പുതിയ ഇടിവിന് കാരണം.
കഴിഞ്ഞ ഒരാഴചയ്ക്കിടെ എണ്ണവില ഒമ്ബത് ശതമാനമാണ് ഇടിഞ്ഞത്. അടുത്ത ഒരു വര്‍ഷത്തിനിടെ എണ്ണവില അമ്ബതു ഡോളറിന് മുകളില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് മാര്‍ക്കറ്റ് വിദ്ഗധരുടെ അഭിപ്രായം.എണ്ണവിലയിടിവ് എത്രനാള്‍ തുടരുന്നുവോ അത്രയും കാലം വികസ്വര വിപണികളിലെ നിക്ഷേപം കൂറച്ച്‌ കൊണ്ടുവരാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ മുന്നേറ്റത്തിന് ഇത് വേഗം കുറയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ ഇറാന്റെ ഉപരോധം അടുത്തിടെയാണ് പിന്‍വലിച്ചത്. ഉപരോധം പിന്‍വലിച്ച്‌ ഒരു വര്‍ഷത്തിനകം തന്നെ ഇറാന്‍ എണ്ണ ഉല്‍പാദന ശേഷി ഇരട്ടിയായി വര്‍ധിപ്പിച്ചത് വിപണിയില്‍ വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഇന്ത്യയിലേക്കും യൂറോപ്പിലേക്കുമുള്ള എണ്ണ കയറ്റുമതി ഇറാന്‍ ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഇതിനു പുറമെയാണ് നൈജീരിയയില്‍ നിന്നും ലിബിയയില്‍ നിന്നുമുള്ള എണ്ണ കൂടി ആഗോള വിപണിയിലേക്ക് എത്താന്‍ പോകുന്നത്.സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിന് ഒപെകും റഷ്യയും ഈ മാസം 27ന് യോഗം ചേരുന്നുണ്ട്. വിപണിയിലേക്ക്‌എണ്ണയുടെ കുത്തൊഴുക്ക് തുടരുമ്ബോഴും ആഗോളതലത്തില്‍ എണ്ണയുടെ ഉപഭോഗം കുറഞ്ഞു വരികയാണ് എന്നാണ് റിപോര്‍ട്ടുകള്‍.

പത്മാ ലക്ഷ്മിക്കും ലക്ഷ്മി മേനോനും പിന്‍ഗാമികള്‍ ഏറെ; ലോക ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ മോഡലുകളുടെ നിറവും നടപ്പും തരംഗമാകുന്നു; മദാമ്മമാര്‍ നിറഞ്ഞുനില്‍ക്കുന്ന റാമ്ബില്‍ ചുവടുവെക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് കൈയടി



അന്താരാഷ്ട്ര ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ സുന്ദരിമാരുടെ സാന്നിധ്യം വളരെ വിരളമാണ്. പത്മ ലക്ഷ്മിയെയോ ലക്ഷ്മി മോനോനെയോ പോലെ പേരെടുത്ത മോഡലുകള്‍ കുറവ്. എന്നാല്‍, ആ സ്ഥിതിക്ക് മാറ്റം വരികയാണ്. അന്താരാഷ്ട്ര ഫാഷന്‍ ഷോകളില്‍ ഇന്ത്യന്‍ സുന്ദരിമാരുടെ അഴകളവുകള്‍ തരംഗമായി മാറുകയാണെന്ന് ഈ രംഗത്തുനിന്നുള്ള പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നു.

മുംബൈയിലെയും ഡല്‍ഹിയിലെയും ഫാഷന്‍ സര്‍ക്യൂട്ടില്‍നിന്ന് പാരിസിലെയും മിലാനിലെയും ന്യുയോര്‍ക്കിലെയും റാമ്ബുകളിലേക്ക് കയറിച്ചെല്ലാന്‍ ഇന്ത്യന്‍ മോഡലുകള്‍ക്ക് വലിയ തടസ്സങ്ങളുണ്ടായിരുന്നു.
എന്നാല്‍, ഉജ്വല റൗട്ടിനെയും പത്മയെയും ലക്ഷ്മിയെയും പോലുള്ളവര്‍ ആ തടസ്സങ്ങള്‍ ഇല്ലാതാക്കി.

മെലിഞ്ഞുനീണ്ട വെള്ളക്കാാരികള്‍ ക്യാറ്റ് വാക്ക് നടത്തുന്ന റാമ്ബുകളില്‍, ഇരുണ്ട നിറമുള്ള ഇന്ത്യന്‍ സുന്ദരിമാരാണ് ഹരം. നീലം ഗില്‍, കെല്ലി ഗെയ്ല്‍, സബ്രിന ബെഹി, പൂജ മോര്‍, ഭൂമിക അരോറ, നടാഷ രാമചന്ദ്രന്‍, സ്മിത ലസ്രാഡോ, രസിക നവേര്‍ തുടങ്ങിയ ഇന്ത്യന്‍ മോഡലുകള്‍ അന്താരാഷ്ട്ര ഫാഷന്‍ ഷോകളുടെ അവിഭാജ്യ ഘടകമായി മാറിത്തുടങ്ങി.

ഫാഷനെക്കുറിച്ചുള്ള ലോകത്തിന്റെ സങ്കല്‍പ്പങ്ങളും ഏറെ മാറിയെന്ന് ബസാര്‍ ഇന്ത്യയുടെ എഡിറ്റര്‍ നോണിറ്റ കല്‍റ പറയുന്നു. ലോകത്തിന്റെ ഏതുഭാഗത്തുനിന്നുള്ള സൗന്ദര്യവും ഇപ്പോള്‍ സ്വീകരിക്കപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ വരവോടെ, സൗന്ദര്യത്തിന് അതിരുകളില്ലാതായി.

ഐശ്വര്യ റായിയുടെ വരവാണ് ഇന്ത്യന്‍ മോഡലുകളുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമെന്ന് ഫാഷന്‍ കോറിയോഗ്രാഫര്‍ പ്രസാദ് ബിഡപ്പ പറയു്നു. ലോറീലിന്റെ മോഡലായി ഐശ്വര്യ വന്നതോടെ ഇന്ത്യന്‍ സൗന്ദര്യത്തെ അന്താരാഷ്ട്ര വേദികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നാല്‍, റാമ്ബുകളില്‍ ഇപ്പോഴുള്ളവരില്‍ ഏറെയും വിദേശത്ത് ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ വംശജരാണെന്നും ബിഡപ്പ പറയുന്നു.

എന്നാല്‍, പൂജ മോറിനെപ്പോലുള്ള മോഡലുകള്‍ ഈ പ്രവണതയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റെല്ല മക്കാര്‍ട്ടിനി, റോബര്‍ട്ടോ കവേല്ലി, ലൂയിസ് വുയ്ത്തോണ്‍, അലക്സാണ്ടര്‍ മക്വീന്‍ തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തരായ ഡിസൈനര്‍മാര്‍ പൂജയെ അവരുടെ മോഡലാക്കി. ഇറ്റാലിയന്‍ വോഗിന്റെയും ന്യൂമറോ ചൈനയുടെയും എഡിറ്റിന്റെയും മുഖചിത്രമായും പൂജ മാറി. അന്താരാഷ്ട്ര വേദിയില്‍ ഇന്നേറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യന്‍ മോഡല്‍ കൂടിയാണ് ഉത്തര്‍പ്രദേശുകാരിയായ പൂജ.

സിമ്മര്‍മാന്‍, ടെംപെര്‍ലി, പാല്‍മ ഹാര്‍ഡിങ്സ്, എമിലോ ഡി ലാ മോറേന, മിഷ നൂനോ എന്നീ ഡിസൈനര്‍മാരുടെ ഇഷ്ട മോഡലാണ് നടാഷ രാമചന്ദ്രന്‍ എന്ന പുണെക്കാരി. ഗസ്സിയബാദുകാരിയായ രസിക നവേര്‍ സ്മാഷ്ബോക്സ് കോസ്മെറ്റിക്സിന്റെയും സെഫോറ കാനഡയുടെയും മേബെല്ലിന്റെയുമൊക്കെ മോഡലാണ്.

കുറ്റ്യാടിയിലെ മലവെള്ളപ്പാച്ചില്‍ മരിച്ച മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; കടന്തറപ്പുഴയില്‍ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെ



കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പാറയ്ക്കല്‍ രജീഷ് (22) കക്കുഴി കുന്നുമ്മല്‍ കോതോട് മരത്തോങ്കര സ്വദേശി ഷൈന്‍ ശശി (18)എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെടവരെല്ലാം കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തുകളിലെ കോതോട് സ്വദേശികളാണ്. തൃശ്ശൂരില്‍ നിന്ന് എത്തിയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെത്തിയത്.
കാണാതായ മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ച പുലര്‍ച്ചയും തുടരുകയാണ്. മാവട്ടത്തിന് സമീപം കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടെയാണ് അപകടം. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറന്പത്ത് വിഷ്ണു (20), പാറക്കല്‍ രജീഷ് (22), കറ്റോടി അശ്വന്ത് (21), പാറയുള്ള പറന്പത്ത് അക്ഷയ് രാജ് (22), കക്കുഴി പറന്പത്ത് ഷൈന്‍ ശശി (22) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട മൂന്നു പേര്‍ രക്ഷപ്പെട്ടു.

കെട്ടിടനിര്‍മ്മാണത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് വൈകുന്നേരം
പശുക്കടവ് സെന്റര്‍ മുക്കിന് സമീപം പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. പൂഴിത്തോട് മിനിജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിന് സമീപത്തായാണ് അപകടം. കോതോട് ഇവര്‍ കുളിക്കാനിറങ്ങുമ്ബോള്‍ പുഴയില്‍ കുറഞ്ഞ വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പൊടുന്നനെ ജലനിരപ്പ് ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ പെട്ട് ഇവര്‍ താഴേക്ക് ഒലിച്ചു. മരച്ചില്ലകളിലും മറ്റും പിടികിട്ടിയവരാണ് രക്ഷപ്പെട്ടത്.

സംഭവം നടക്കുമ്ബോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ മൊബെല്‍ ഫോണും വസ്ത്രങ്ങളും വെക്കാന്‍ കരയ്ക്ക് കയറിയതുകൊണ്ടാണ് അപകടവിവരം പെട്ടെന്ന് പുറത്തെത്തിയത്.

ഉറി ഭീകരാക്രമണം: പരിക്കേറ്റ മൂന്ന് പേര്‍കൂടി മരിച്ചു മരണസംഖ്യ 20 ആയി



ശ്രീനഗര്‍: ഇന്ത്യയെ ഞെട്ടിച്ച വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ ഉറി സൈനിക ക്യാന്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 20 ആയി. ഇന്നലെ 17 പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരണത്തിന് കീഴടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ മേഖലയിലെ ഉറിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം.

പുലര്‍ച്ചെ സൈനിക ക്യാന്പിലേക്ക് നാലു ഭീകരര്‍ നുഴഞ്ഞു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. ആയുധധാരികളായ ഇവരെ നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ശേഷം സൈന്യം കൊന്നു. പ്രധാനമന്ത്രിക്ക് പ്രതിരോധമന്ത്രി സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കും. ഇതിന് പുറമേ ഇന്ന് ഹോം സെക്രട്ടറി രാജീവ് മെഹ്റിഷി ശ്രീനഗര്‍ സന്ദര്‍ശിച്ച്‌ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥന്മാരുമായി സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തുന്നുണ്ട്.

ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളത് ആരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. തീവ്രവാദ സംഘടനയായ ജെയ്ഷഡ് ഇ മൊഹമ്മദുമായി ബന്ധമുള്ള പാകിസ്താന്‍കാരാണ് ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതിര്‍ത്തിയിലെ മുള്ളുവേലി പൊളിച്ചാണ് തീവ്രവദികള്‍ നുഴഞ്ഞുകയറിയതെന്ന സംശയവും ഉയരുന്നുണ്ട്.

പശുക്കടവ് അപകടം: മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍



കോഴിക്കോട് •പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നുരാവിലെ കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ ശശിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മാവട്ടം ഭാഗത്തുനിന്നാണ് ഷൈനിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി വൈകി കോതോട് പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. ബാക്കിയുള്ള മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളാണ് ഒലിച്ചു പോയത്. മൊത്തം ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ രക്ഷപ്പെടുത്തി. വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.

കോതോട് സ്വദേശികളായ പാറയുള്ളപറമ്ബത്ത് രാജന്റെ മകന്‍ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത്, പാറയുള്ള പറമ്ബത്ത് രാജീവന്റെ മകന്‍ അക്ഷയ് രാജ്, കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ ദാസ് എന്നിവരെയാണ് കാണാതായത്. അപകടം നടന്ന കൂട്ടിക്കല്‍ മേഖലയില്‍ മഴയുണ്ടായിരുന്നില്ല.

കുട്ടിക്കുന്നുമ്മല്‍ വിനീഷ്, പാറയുള്ള പറമ്ബത്ത് അമല്‍, പാറയുള്ള പറമ്ബത്ത് ജിഷ്ണു എന്നിവരാണ് രക്ഷപ്പെട്ടത്. കടന്തറപ്പുഴയുടെ ഭാഗത്ത് വൈകുന്നേരം ഓട്ടോയിലും ബൈക്കിലുമായിട്ടാണ് ഇവര്‍ ഇന്നലെ കുളിക്കാനെത്തിയത്. നീന്തല്‍ വശമില്ലാത്തതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിന്‍ ദാസ് പുഴയില്‍ ഇറങ്ങിയില്ല. ജിഷ്ണു, അമല്‍ എന്നിവര്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ നീങ്ങിയപ്പോഴാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടതിനു തൊട്ടു താഴെ നിന്നാണ് രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെട്ട മൂന്നുപേരെയും രാത്രി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനത്തിലെ നൈനാന്‍പാടി പുഴയില്‍ നിന്നാണു മലവെള്ളപ്പാച്ചിലുണ്ടായത്. കടന്തറ പുഴയും ഇല്യാനി പുറയും സംഗമിക്കുന്ന വെള്ളച്ചാട്ടവും തടാകവുമുള്ള ഇവിടെ കുളിക്കുന്നതിനിടയിലാണു വെള്ളപ്പാച്ചില്‍. 2006-ല്‍ ഉരുള്‍പൊട്ടലുണ്ടായതും ഈ ഭാഗത്താണ്.

പ്രവാസി മലയാളികളെ പിഴിഞ്ഞ് വിമാനക്കമ്ബനികളുടെ തീവെട്ടിക്കൊള്ള



കൊച്ചി • ഉല്‍സവ സീസണ്‍ കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്ബനികളുടെ തീവെട്ടിക്കൊളള. സൗദി സെക്ടറിലേക്ക് റെക്കോര്‍ഡ് ചാര്‍ജാണ് വിമാനകമ്ബനികള്‍ ഈടാക്കുന്നത്. ഒാണം, ബക്രീദ് ആഘോഷങ്ങള്‍ക്ക് ശേഷം ജോലി സ്ഥലങ്ങളിലേക്ക് തന്നെ മടങ്ങുന്നവരെ ലക്ഷ്യമിട്ടാണ് വിമാനക്കൂലി നാലിരട്ടി വരേയായി വര്‍ധിപ്പിച്ചത്.

അവധിക്ക് ശേഷം ഗള്‍ഫിലെ സ്കൂളുകളില്‍ അധ്യായനം ആരംഭിക്കുന്നതും വിമാനക്കമ്ബനികള്‍ മുതലെടുക്കുകയാണ്. പതിനയ്യായിരം മുതല്‍ പതിനെട്ടായിരം രൂപ വരേയുണ്ടായിരുന്ന സൗദി സെക്ടറിലേക്ക് ടിക്കറ്റ് ഒന്നിന് 62000 രൂപ വരെ വിമാനകമ്ബനികള്‍ ഈടാക്കുന്നുണ്ട്. ആറായിരവും ഏഴായിരവും ഉണ്ടായിരുന്ന യുഎഇ സെക്ടറിലേക്ക് ഇരുപതിനായിരം മുതല്‍ ഇരുപത്തിഏഴായിരം വരേയാണ് ടിക്കറ്റ് നിരക്ക്.


ഇനി ചോദിക്കുന്ന പണം കൊടുത്താലും ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടാനുമില്ല. മലയാളികള്‍ ആശ്രയിക്കുന്ന മംഗലുരു, കോയമ്ബത്തൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. ടിക്കറ്റ് കൊള്ള അല്‍പമെങ്കിലും കുറയാന്‍ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.