പ്രസ്താവനാ യുദ്ധം അവസാനിപ്പിച്ച് സിപിഐയും സിപിഎമ്മും മുഷ്ടി യുദ്ധത്തിലേക്ക്; ഓണനാളിലും തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍; കൊച്ചിയില്‍ തുടങ്ങിയ വാക്കേറ്റം ഇപ്പോള്‍ ആലപ്പുഴയില്‍ സംഘട്ടനത്തിലേക്കെത്തി; ഒന്നും കണ്ടില്ലെന്നു നടിച്ച് നേതാക്കള്‍; അക്രമമേഖല വി എസിന്റെ മൂക്കിന് താഴെ
ആലപ്പുഴ : സിപിഐ - സിപിഐ-എം പോര് തെരുവിലേക്ക്. നേരത്തെ പ്രസ്താവന വഴി ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പോരടിച്ചെങ്കില്‍ രണ്ടുദിവസം മുമ്ബ് തെരുവില്‍ പടവെട്ടിയാണ് ഇരു പാര്‍ട്ടികളുടെയും പ്രദേശികനേതൃത്വം തങ്ങളുടെ വിയോജിപ്പ് പുറത്തറിയിച്ചത്. കഴിഞ്ഞ തിരുവോണ ദിവസം പുലര്‍ച്ചെയാണ് ആലപ്പുഴ പുന്നപ്രയില്‍ സിപിഐ നേതാവിനെ ഒരു സംഘം ഗുണ്ടകള്‍ വീടുകയറി ആക്രമിച്ച് കഴുത്തില്‍ മാരക മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞത്. പരുക്കേറ്റ് നേതാവിനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേതാവിനെ ആക്രമിച്ചതിനു പിന്നാലെ പാര്‍ട്ടി അനുഭാവികളുടെ വീടുകളും ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. തിരൂവോണ പുലര്‍ച്ചെ നാലോളം വീടുകളാണ് ഗുണ്ടാസംഘം അടിച്ചു തകര്‍ത്തത്. അമ്ബലപ്പുഴ തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കട്ടക്കുഴി മാമ്ബലത്തറ കുമ്മനാട്ടുവേലി സുരേഷിനെയാണ് അജ്ഞാത സംഘം വീടു കയറി ആക്രമിച്ചത്. കഴുത്തിലെ ഞരമ്ബിന് ഗുരുതര പരുക്കേറ്റ സുരേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. സുരേഷിന്റെ വീട് ആക്രമിച്ചതിനു പിന്നാലെ സംഘം പുന്നപ്രയിലെ പറവൂര്‍ തയ്യില്‍ ജോസഫിന്റെയും പനയ്ക്കല്‍ പുരയിടത്തില്‍ മേരി തോമസിന്റെയും വീടുകള്‍ അടിച്ചു തകര്‍ത്തു.
ഓണം അവധി പ്രമാണിച്ച് ഇരുവീട്ടുകാരും ബന്ധുവീടുകളിലായിരുന്നതിനാല്‍ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടു. എങ്കിലും വീടുകള്‍ അടിച്ചു തകര്‍ത്താണ് അക്രമികള്‍ സ്ഥലം വിട്ടത്. സംഘട്ടനം പതിവാകുന്ന പ്രാദേശീക യൂണിറ്റ് മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്ചുതാനന്ദന്റെ വീടും പരിസരവും സ്ഥിതി ചെയ്യുന്ന ഇടമാണ്. വര്‍ഷങ്ങളായി ഇവിടെ സി പി എം - സിപിഐ പോര് തുടരുന്ന മേഖലയും. സി പി എമ്മില്‍നിന്നും കൂട്ടരാജിവച്ച് സി പി എമ്മിനെ തകര്‍ത്ത് പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഒഞ്ചിയം മോഡല്‍ സംവിധാനം രൂപപ്പെട്ട സ്ഥലവും കൂടിയാണ് പുന്നപ്ര. സംസ്ഥാനത്തെ സി പി എം നേതൃത്വത്തെ ഞെട്ടിച്ച് ആദ്യമായി സി പി എം വിമതന്‍ പഞ്ചായത്ത് പ്രസിഡന്റായ മേഖലയെന്ന ഖ്യാതിയും പുന്നപ്രയ്ക്കുണ്ട്. കൂടാതെ സാക്ഷാല്‍ ജി സുധാകരന്‍ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലവും രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന നാടുമാണ് പുന്നപ്ര.
അമ്ബലപ്പുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും അക്രമികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്ക് മുമ്ബ് കായംകുളത്തും സിപിഐ മണ്ഡലം കമ്മിറ്റി അംഗത്തിന് സി പി എം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കായംകുളം ബോട്ട് ജെട്ടിക്ക് സമീപം പുത്തന്‍കണ്ടത്തില്‍ എ ഷിജിക്കാണ് ഗുരുതര പരിക്കേറ്റത്. ഷിജിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഡി വൈ എഫ് ഐ നേതാവ് അരുണിനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറയുന്നു.
ഷിജിയെ ആക്രമിച്ച കേസില്‍ ഇനിയും മൂന്നുപേരെ പിടികൂടാനുണ്ട്. സംസ്ഥാനത്ത് ഇടതുഭരണം ഉറപ്പിച്ചശേഷം സി പി എമ്മില്‍നിന്നും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് സി പി എം വിട്ട് സിപിഐയില്‍ ചേക്കേറിയത്. നിരുപാധികം സിപിഐയില്‍ ചേരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സി പി എമ്മും സിപിഐ പ്രവര്‍ത്തകരെ ചാക്കിട്ടു പിടിച്ച് നഷ്ടം നികത്താന്‍ നോക്കിയെങ്കിലും പദ്ധതി പൊളിഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെയും വടംവലികളുടെയും ഇരകളായാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതെന്ന തിരിച്ചറിയല്‍ സി പി എമ്മിനുണ്ടായതോടെയാണ് ഒഴുക്ക് തടയാന്‍ മുന്നറിയി്പ്പെന്നോണം സിപിഐ നേതാക്കളെ ആക്രമിക്കാന്‍ തുടങ്ങിയത്.
എറണാകുളത്തും ആലപ്പുഴയിലും സിപിഐയില്‍നിന്നും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിടുന്നവരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടെത്തി അംഗത്വം നല്‍കി സ്വീകരിക്കുന്നത് സി പി എം സംസ്ഥാന നേതൃത്വത്തെ തന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. പാര്‍ട്ടി വിടുന്നവരെ കര്‍ശനമായി ചെറുക്കാന്‍ സംസ്ഥാനനേതൃത്വം പ്രാദേശിക ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കര്‍ശനനിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് ആക്രമണം തുടരുന്നതെന്നാണ് സിപിഐ പ്രാദേശിക ഘടകത്തിന്റെ ആരോപണം.
No comments:
Post a Comment