Thursday, 15 September 2016

ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കുന്ന പെണ്‍ജീന്‍സുമായി പതഞ്ജലി ഗ്രൂപ്പ്

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ച ജീന്‍സുമായി പതഞ്ജലി ഗ്രൂപ്പ്. ബാബ രാംദേവിന്റെ സ്വദേശി ജീന്‍സ് ഇന്ത്യന്‍ സംസ്കാരത്തിനും പാരമ്ബര്യത്തിനും ചേര്‍ന്നതായിരിക്കുമെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. സ്ത്രീകള്‍ക്കുള്ള ജീന്‍സ് വളരെ അയഞ്ഞതും ഇന്ത്യന്‍ സംസ്കാരത്തിന് ഇണങ്ങുന്നതുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീന്‍സ് പാശ്ചാത്യ വസ്ത്രമാണ്. പശ്ചാത്യ ആശയങ്ങളുടെ കാര്യത്തില്‍ നമുക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യാം. ഒന്നുകില്‍ അത് വേണ്ടെന്നു വയ്ക്കുക. അല്ലെങ്കില്‍ സ്വീകരിക്കുക. അതുപോലെ തന്നെ നമ്മുടെ പാരമ്ബര്യത്തിന് ഇണങ്ങുന്ന തരത്തില്‍ അവയെ മാറ്റിയെടുക്കുകയും ചെയ്യാം- ആചാര്യ ബാലകൃഷ്ണ പറഞ്ഞു.
സ്വദേശി ജീന്‍സ് സ്റ്റൈലിലും ഡിസൈനിലും തുണിയിലും ഇന്ത്യക്ക് ഇണങ്ങുന്നതായിരിക്കും.

സ്ത്രീകള്‍ക്കുള്ള ഞങ്ങളുടെ ജീന്‍സ് അയഞ്ഞതായിരിക്കും. അത് ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കുന്നതും സ്ത്രീകള്‍ക്ക് ധരിക്കാന്‍ സുഖകരവുമായിരിക്കും. ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വദേശി ജീന്‍സ് ഏറ്റെടുക്കും. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ പറ്റാത്തവിധം ജീന്‍സ് ജനകീയമായിക്കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ജീന്‍സ് ധരിക്കാന്‍ ഇഷ്ടപ്പെടുകയാണ്. പ്രത്യേകിച്ച്‌ സ്ത്രീകള്‍. പ്രായഭേദമന്യേ ജീന്‍സ് ഇന്ത്യന്‍ ജനതയ്ക്കിടയില്‍ പ്രിയം നേടിക്കഴിഞ്ഞു.

വിപണിയിലെത്തുന്ന പല ജീന്‍സുകളും പടിഞ്ഞാറന്‍ കമ്ബനികളുണ്ടാക്കുന്നതാണ്. അവ അവിടുത്തെ സംസ്കാരത്തിന് യോജിച്ച രീതിയിലാണ് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അത് ഇന്ത്യന്‍ സംസ്കാരത്തിനു ചേരുന്നതല്ല. തങ്ങളുടെ ജീന്‍സ് മറ്റ് ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് സമാനമായിരിക്കും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ പതഞ്ജലിയുടെ ജീന്‍സ് വിപണിയില്‍ എത്തുമെന്ന് രാംദേവ് പറഞ്ഞു. യുവാക്കളുടെ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിദേശ ബ്രാന്‍ഡുകളുമായി കിടപിടിക്കുന്ന രീതിയില്‍ ലോക മാര്‍ക്കറ്റിലേക്ക് സ്വദേശി ജീന്‍സുമായി ഇറങ്ങാന്‍ തീരുമാനിച്ചതെന്നും രാംദേവ് കഴിഞ്ഞദിവസം പറഞ്ഞു.

No comments:

Post a Comment