Friday, 16 September 2016

അമേരിക്കന്‍ നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു



'ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ്' അടക്കം പ്രശസ്തമായ നിരവധി രചനകളിലൂടെ ലോകമെമ്ബാടുമുള്ള നാടക പ്രേമികള്‍ക്ക് പരിചിതനായിരുന്നു എഡ്വേര്‍ഡ് ആല്‍ബി.

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലണ്ടിലെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മൂന്നു തവണ പുലിസ്റ്റര്‍ പ്രൈസ് നേടിയിട്ടുള്ള എഡ്വേര്‍ഡ് ആല്‍ബി ലോക നാടകത്തിലെ അതികായനായി അറിയപ്പെടുന്നു.

'വെര്‍ജീനിയ വൂള്‍ഫിനെ ആര്‍ക്കാണു പേടി' (ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ്) എന്ന നാടകം അടക്കം പ്രശസ്തമായ നിരവധി രചനകളിലൂടെ ലോകമെമ്ബാടുമുള്ള നാടക പ്രേമികള്‍ക്ക് പരിചിതനായിരുന്നു എഡ്വേര്‍ഡ് ആല്‍ബി.
അദ്ദേഹത്തിന്റെ എ ഡെലിക്കേറ്റ് ബാലന്‍സ്, സീസ്കേപ്, ത്രീ ടോള്‍ വുമണ്‍ എന്നീ നാടകങ്ങള്‍ പുലിസ്റ്റര്‍ പ്രൈസിന് അര്‍ഹമായി.

ആധുനിക ജീവിതത്തിന്റെ യുക്തിരാഹിത്യങ്ങളെയും സങ്കീര്‍ണതകളെയും ആവിഷ്കരിക്കുന്നതായിരുന്നു എഡ്വേര്‍ഡ് ആല്‍ബിയുടെ നാടകങ്ങള്‍. കുടുംബം, വിവാഹം, മതം തുടങ്ങി അമേരിക്കന്‍ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ ആ നാടകങ്ങള്‍ വിമര്‍ശനവിധേയമാക്കി.

സൂ സ്റ്റോറി (1958), സാന്‍ഡ് ബോക്സ് (1959), ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് (1962) തുടങ്ങിയവ ലോകത്തെമ്ബാടും വലിയ സ്വീകാര്യത നേടിയ നാടകങ്ങളാണ്. ആദ്യകാല നാടകങ്ങള്‍ അസംബന്ധ നാടകങ്ങളുടെ (Theatre of the Absurd) ഗണത്തില്‍പ്പെടുന്നവയായിരുന്നു. പരീക്ഷണ നാടകങ്ങളായിരുന്നു അവയില്‍ പലതും.

ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് എന്ന നാടകം കുടുംബ ബന്ധങ്ങളുടെ അസംബന്ധതകള്‍ ഹാസ്യാത്മകമായി ആവിഷ്കരിക്കുന്ന രചനയാണ്. ഈ നാടകം പിന്നീട് ചലച്ചിത്രമായി. മൈക്ക് നിക്കോള്‍സ് സംവിധാനം ചെയ്ത് റിച്ചാര്‍ഡ് ബര്‍ട്ടണും എലിസബത്ത് ടെയ്ലറും അഭിനയിച്ച ഈ ചിത്രവും ഏറെ പ്രശസ്തമായിരുന്നു.

തന്റെ എണ്‍പതാം വയസ്സിലും നാടക രചന തുടര്‍ന്ന എഡ്വേര്‍ഡ് ആല്‍ബിയുടെ അവസാന രചന മി മൈസെല്‍ഫ് ആന്‍ഡ് ഐ (2007) ആയിരുന്നു.

No comments:

Post a Comment