Thursday, 15 September 2016

മരണക്കിടക്കയില്‍ കിടന്നു അച്ഛന്‍ മകളോടു പറഞ്ഞു; എനിക്കൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ നേരിട്ടുകാണണം; മകളുടെ ഫേസ്ബുക്ക് പോസ്റ്റുകണ്ട് വയോധികനെ കാണാന്‍ എത്തിയത് നാല് താരങ്ങള്‍; മടങ്ങിയ ഉടന്‍ മരണവും



'മരിക്കുന്നതിന് മുമ്ബ് എനിക്കൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരത്തെ നേരിട്ടുകാണണം' - പാഡിലോലര്‍ എന്ന 73-കാരന്റെ ആഗ്രഹം അതായിരുന്നു. ജീവിതകാലം മുഴുവന്‍ താന്‍ ആരാധിച്ച ക്ലബ്ബിലെ ഒരു താരത്തെയെങ്കിലും നേരിട്ട് കണ്ടശേഷം കണ്ണടയ്ക്കുക എന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

തന്റെ അവസാനത്തെ ആഗ്രഹം മകളോടും പേരക്കുട്ടികളോടും പറയുമ്ബോഴും അത് സാധിക്കുമെന്ന് പാഡി ലോലര്‍ കരുതിയിരുന്നില്ല. മുത്തച്ഛന്റെ ആഗ്രഹത്തെക്കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പേരക്കുട്ടി കെയ്ലി ലോലറും അത് സത്യമാകും എന്ന് കരിതിയില്ല.
എന്നാല്‍ മാഞ്ചസ്റ്ററിലെ വിതന്‍ഷോയിലുള്ള വീട്ടിലേക്ക് അവരെത്തി.

ഒരാളെ കാണണം എന്നാണ് പാഡി ലോലര്‍ ആഗ്രഹിച്ചത്. എന്നാല്‍, പാഡി ലോവറെ കാണാന്‍ നാല് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളെത്തി. ആഷ്ലി യങ്, ജെസി ലിംഗാര്‍ഡ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, തിമോത്തി ഫോസു മെന്‍സ എന്നിവര്‍. നാലുപേരും പാഡി ലോലറിന്റെ മരണക്കിടയ്ക്ക് ചുറ്റുംനിന്ന് അദ്ദേഹത്തെ സന്തോഷിപ്പിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്റെ ആഗ്രഹത്തിലായിരുന്നു പാഡി ലോലര്‍ ആ നിമിഷങ്ങളില്‍. താരങ്ങള്‍ പോയി മുക്കാല്‍ മണിക്കൂറിനകം ആ വയോധികന്‍ ലോകത്തോട് വിടപറയുകയും ചെയ്തു. ജീവിതകാലമത്രയും ആരാധിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരങ്ങള്‍ തന്നെ കാണാനെത്തുന്നതിലും അപ്പുറം മറ്റൊന്നും സാധിക്കാനില്ലെന്ന ചാരിതാര്‍ഥ്യത്തോടെ അദ്ദേഹം കണ്ണടച്ചു.

പാഡി ലോലറുടെ ആഗ്രഹത്തെക്കുറിച്ച്‌ പേരക്കുട്ടി കെയ്ലി ലോലറാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ലിംഗാര്‍ഡിന്റെ കസിന്‍ റോബര്‍ട്ട് കില്‍സോ ഈ പോസ്റ്റ് കണ്ടു. ലോലറുടെ ആഗ്രഹത്തെക്കുറിച്ച്‌ തന്റെ കസിനോട് കില്‍സോ പറഞ്ഞു. ഇതറിഞ്ഞപ്പോള്‍ മറ്റു മൂന്നു താരങ്ങള്‍കൂടി ലിംഗാര്‍ഡിനൊപ്പം ചേരുകയായിരുന്നു.

ആഡംബര കാറുകളില്‍ അവര്‍ ലോലറുടെ വീട്ടിലേക്കെത്തി. അരമണിക്കൂറോളം അവിടെ ചെലവിട്ടു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ക്ലബ് ടി ഷര്‍ട്ടുകളില്‍ ഒപ്പിട്ടുനല്‍കിയും അവര്‍ സമയം ചെലവിട്ടു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധയെത്തുടര്‍ന്ന് നാലുവര്‍ഷമായി മരണക്കിടക്കയിലായിരുന്നു ലോലര്‍.

No comments:

Post a Comment