Friday, 16 September 2016

സപ്ലൈകോ എംഡി ഡോ. ആശാതോമസിനെ മാറ്റിയേക്കും



തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് സെക്രട്ടറിയ്ക്ക് പിന്നാലെ സപ്ലൈകോ എംഡി ഡോ. ആശാതോമസിനെയും മാറ്റുന്നു. ഇതുസംബന്ധിച്ച്‌ അടുത്തമന്ത്രിസഭായോഗം തീരുമാനമെടുക്കും. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തെ തുടര്‍ന്നാണ് ആശാതോമസിനെ മാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
മുന്‍ വര്‍ഷങ്ങളിലേതുപോലെ ഓണപ്പരീക്ഷയ്ക്ക് മുമ്ബ് എല്ലാ കുട്ടികള്‍ക്കും അഞ്ചുകിലോ അരി വീതം വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് മുന്‍കൂട്ടി നല്‍കാതെ അരി നല്‍കില്ലെന്ന് സപ്ലൈകോ എംഡി ആശാതോമസ് നിലപാടെടുത്തു. മുഖ്യമന്ത്രി ഒരുമാസം മുമ്ബേ പ്രഖ്യാപിച്ചിട്ടും ഫണ്ട് ലഭിച്ചിട്ടേ അരി വാങ്ങൂവെന്ന നിലപാടില്‍ എംഡി ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മിക്ക സ്കൂളുകളിലും അരി വിതരണം മുടങ്ങിയിരുന്നു.
സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകളോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിരുന്നു. സപ്ലൈകോ എംഡിയുടെ പിടിവാശിയാണ് അരിവിതരണം മുടങ്ങാന്‍ കാരണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഭക്ഷ്യവിദ്യാഭ്യാസമന്ത്രിമാരെ അറിയിക്കുകയും ചെയ്തിരുന്നു.
നേരത്തെ ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളും സപ്ലൈകോ എംഡിയും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട് ലെറ്റുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. സമയത്ത് ഓര്‍ഡര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് സാധനങ്ങള്‍ ലഭിക്കാതിരുന്നതായിരുന്നു പ്രതിസന്ധിയുണ്ടാക്കിയത്. തുടര്‍ന്ന് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നേരിട്ട് ആന്ധ്രയിലെ മില്ലുടമകളുമായി സംസാരിച്ചാണ് അരി ഇറക്കുമതി ചെയ്തത്. ഓണക്കാലത്ത് മാവേലി, സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ ക്ഷാമം അനുഭവപ്പെടാതിരുന്നതും സര്‍ക്കാരിന്റെ സജീവശ്രദ്ധയെത്തുടര്‍ന്നാണ്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഇത്തരം ഉദ്യോഗസ്ഥരുമായി ഇനിയും മുന്നോട്ടുപോകുന്നത് സര്‍ക്കാരിന്റെയും പൊതുവിതരണ വകുപ്പിന്റെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്നാണ് ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പിന്റെ വിലയിരുത്തല്‍ . ഇക്കാര്യം മന്ത്രി പി തിലോത്തമന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയും എംഡിയെ മാറ്റാന്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ജൂണ്‍ ഒന്നിന് ഐഎഎസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ഡോ. ആശാതോമസിനെ സപ്ലൈകോ എംഡിയായി നിയമിച്ചത്. ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളും ആശാതോമസും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് ഓഗസ്റ്റ് 11 നാണ് സര്‍ക്കാര്‍ സഞ്ജയ് കൗളിനെ മാറ്റിയത്.

No comments:

Post a Comment