Thursday, 15 September 2016

ഭാര്യയുടെ മൃതദേഹം ചുമന്നു വാര്‍ത്തയില്‍ ഇടം പിടിച്ചയാള്‍ക്ക് ബഹ്റൈന്‍ രാജാവ് വാഗ്ദാനം ചെയ്ത ഒമ്ബത് ലക്ഷം കിട്ടി; ബഹ്റാന്‍ എംബസ്സിയില്‍നിന്നും കൈപ്പറ്റിയ പണം പെണ്‍മക്കളുടെ പഠനത്തിനായി ബാങ്കില്‍ ഇടുമെന്ന് കര്‍ഷകന്‍



ന്യൂഡല്‍ഹി: ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്ന് കൊണ്ടുപോകേണ്ടിവന്ന ദാന മാജിയുടെ ചിത്രം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യന്‍ ആദിവാസി സമൂഹത്തിന്റെ ദൈന്യതയാര്‍ന്ന ചിത്രമായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം ഇത് വലിയ വാര്‍ത്താ പ്രാധാന്യവും നേടി. ദാന മാജിയുടെ ദൈന്യത കണ്ട് മനസ്സലിഞ്ഞ ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുാമാരന്‍ വാഗ്ദാനം ചെയ്ത ഒമ്ബതുലക്ഷം രൂപ മാജിയെ തേടിയെത്തി.

ന്യൂഡല്‍ഹിയിലെ ബഹ്റൈന്‍ എംബസ്സിയിലെത്തി 8.9 ലക്ഷം രൂപയുടെ ചെക്ക് ദാന മാജി ഏറ്റുവാങ്ങി.
ബഹ്റൈന്റെ മനസ്സലിവ് തന്റെ ജീവിതത്തിലേക്ക് വന്ന പുതിയ പ്രകാശമായാണ് കാലഹന്ദിയില്‍നിന്നുള്ള ഈ കര്‍ഷകന്‍ കാണുന്നത്. മൂന്ന് പെണ്‍മക്കളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി ഈ പണം ബാങ്കില്‍ നിക്ഷേപിക്കുമെന്ന് 45-കാരനായ മാജി പറഞ്ഞു. ക്ഷയരോഗം ബാധിച്ചാണ് മാജിയുടെ ഭാര്യ അമങ്ദേയി ഓഗസ്റ്റ് 24-ന് മരിച്ചത്. മാജിയും 12-കാരിയായ മകള്‍ ചാന്ദിനിയും കരഞ്ഞപേക്ഷിച്ചിട്ടും മൃതദേഹം കൊണ്ടുപോകാന്‍ ആരുടെയും സഹായം ലഭിച്ചില്ല. ഒടുവില്‍, തുണിയില്‍ പൊതിഞ്ഞ മൃതദേഹം തോളിലെടുത്ത് മാജി ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു.

ബഹ്റൈന്‍ എംബസ്സിയിലേക്ക് മാജി വന്നത് ചാന്ദിനിക്കൊപ്പമാണ്. ഇക്കുറി യാത്ര വിമാനത്തിലായിരുന്നുവെന്ന് മാത്രം. എല്ലാം ബഹ്റൈന്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയതാണ്. ഭുവനേശ്വറിലെത്തിയ മാജിയും മകളും ഭവാനിപട്ടണത്തേയ്ക്കുള്ള രാത്രി ബസ്സില്‍ മടങ്ങി. ഈ സഹായം താനൊരിക്കലും മറക്കില്ലെന്ന് ബഹ്റൈന്‍ അധികൃതരോട് മാജി പറഞ്ഞു.

മൃതദേഹവും ചുമന്നുള്ള മാജിയുടെ നടപ്പ് വാര്‍ത്തയായതോടെ ഏറെ സഹായങ്ങള്‍ അവരെ തേടിയെത്തി. ലക്ഷക്കണക്കിന് രൂപയാണ് മാജിയെയും ചാന്ദനിയെയും തേടിയെത്തിയത്. അതിലൊന്നായിരുന്നു ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനം. കിട്ടുന്നതെല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടി പ്രയോജനപ്പെടുത്തുകയാണ് മാജിയുടെ ലക്ഷ്യം. തന്റെ ഭാര്യയുടെ ജീവന്റെ വിലയാണ് ഈ പണമെന്ന് മാജിക്കറിയാം.



മാജിയുടെ മൂന്ന് പെണ്‍മക്കള്‍ക്കും കാലഹന്ദി ജില്ലാ അധികൃതര്‍ പഠന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂവര്‍ക്കും ഹോസ്റ്റില്‍നിന്ന് പഠിക്കാനാകും. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്തൊക്കെയുണ്ടെങ്കിലും, തന്റെ ജീവിതം മാറിമറിയില്ലെന്ന് മാജി പറയുന്നു.

No comments:

Post a Comment