പത്തായിരം രൂപയും മള്ളൂര്‍ വക്കീലും എന്ന ചൊല്ലില്‍ നിന്ന് ലക്ഷങ്ങളും ആളൂരും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നു? മാദ്ധ്യമ ശ്രദ്ധനേടാന്‍ വക്കാലത്തെടുത്തു; സുപ്രീംകോടതിയിലെത്തി ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും രക്ഷിച്ചു: ബിജു ആന്റണി ആളൂര്‍ എന്ന വക്കീലിന്റെ കഥ ഇങ്ങനെ
തിരുവനന്തപുരം: മള്ളൂര്‍ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നും, കോടതിയില്‍ മള്ളൂര്‍ വാദിച്ചാല്‍ പുഷ്പം പോലെ ഇറങ്ങിവരാമെന്നുമുള്ള മള്ളൂര്‍ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് സുപരിചിതമാണ്. കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി വെറും ബലാത്സംഗ കേസ് മാത്രമാക്കി ഒതുക്കിയതോടെ ക്രിമിനലുകള്‍ക്ക് വേണ്ടപ്പെട്ട വക്കീലായി ആളൂര്‍ മാറിക്കഴിഞ്ഞു.
മാദ്ധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രമായിരുന്നു അഡ്വ. ആളൂര്‍ ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുത്തത്. എന്നാല്‍ ഈ നീക്കങ്ങളെല്ലാം വിചാരണക്കോടതിയില്‍ ആളൂര്‍ വക്കീല്‍ തിരിച്ചുംമറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. ഏറെ മാദ്ധ്യമവിചാരണ നടന്ന കേസായതിനാല്‍ മാദ്ധ്യമവാര്‍ത്തകളും കോടതി വിധിയെ സ്വാധീനിച്ചിരുന്നു. എന്നാല്‍ സൂപ്രീംകോടതിയില്‍ എത്തിതോടെ കഥമാറി. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് ഊഹം മാത്രമാണെന്ന വാദിച്ചു ആളൂര്‍. ഈ വാദങ്ങളുടെ പിന്നാലെയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകന് ഉത്തരം മുട്ടിയ സാഹചര്യമുണ്ടായത്.
ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെടുക്കാനായതോടെ സൗമ്യ കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായതിലൂടെ കുപ്രസിദ്ധനായി മാറിയ അഡ്വ. ബി എ ആളൂര്‍ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂര്‍ എന്ന തൃശൂര്‍ മുള്ളൂര്‍ക്കരക്കാരന്‍ അഭിഭാഷകന് അത് മള്ളൂര്‍ കഥകളിലെന്നപോലെ ഒരു നേട്ടമായി മാറിയിട്ടുണ്ട്. ജീവിക്കാന്‍പോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാന്‍ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു.
ഈ ഘട്ടത്തിലാണ് അഡ്വ. ആളൂര്‍ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.
ലക്ഷങ്ങള്‍ വാങ്ങി മുംബൈയില്‍ നിന്ന് അഭിഭാഷകപ്പട
ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലംവാങ്ങി മുംബൈയില്‍ നിന്ന് അഭിഭാഷകപ്പട കോടതിയിലെത്തുമെന്നായിരുന്നു പ്രചരണം. എന്നാല്‍, ഇതൊക്കെ തെറ്റാണെന്ന് പിന്നാലവെ തെളിഞ്ഞഉ. അഡ്വ. ബി എ ആളൂര്‍ എന്ന ഉത്തരേന്ത്യന്‍ വക്കീലാണ് എത്തുന്നതെന്ന വിവരം അറിയുന്നത്. പിന്നീടുള്ള അന്വേഷണങ്ങളില്‍ വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കരയിലെ ആളൂര്‍ വീട്ടില്‍ ബിജു ആന്റണിയെന്ന അഡ്വ. ബിഎ ആളൂര്‍ ആണ് ഈ 'ഉത്തരേന്ത്യക്കാരന്‍ വക്കീല്‍' എന്ന് തിരിച്ചറിയുന്നത്.
വര്ഷങ്ങളായി പുനെ കോടതിയില് പ്രവര്‍ത്തിക്കുന്ന ആളൂര്‍ ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂര്‍ണ സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തതോടെ വിചാരണയ്ക്കായി ഇടയ്ക്കിടെ വിമാനത്തില്‍ വന്നുപോകുന്നതിനെപ്പറ്റിയും അന്വേഷണങ്ങള്‍ ഉയര്‍ന്നു. വടക്കാഞ്ചേരി കോടതിയില് മൂന്നര വര്ഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂര് പുണെയില്‍് പ്രമാദമായ നിരവധി കേസുകളില് ഗൗണണിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊലപാതക ലൈംഗിക കൃത്യകേസുകളിലെ പ്രതികള്‍ക്കുവേണ്ടിയായിരുന്നു ഇവയിലേറെയുമെന്ന് അവിടെ ചെന്ന് അന്വേഷണം നടത്തിയ തൃശൂരിലെ പൊലീസുകാര്‍ പറഞ്ഞിരുന്നു. സംഘംചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തില്‍ ഒരുപ്രതിക്കുവേണ്ടി ഹാജരായിരുന്നു.
മുംബൈ പനവേലില്‍ പൊലീസ് സ്്റ്റേഷന്‍ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂര്‍ വാദിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ ഗോവിന്ദച്ചാമിയും ഇത്തരത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസില്‍ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനാണ് ഇപ്പോള്‍ കൂടുതല്‍ സ്ഥിരീകരണം ഉള്ളതും. അതേസമയം, പത്രക്കാര്‍ക്കുമുന്നിലും കോടതിയിലും വ്യത്യസ്ത നിലപാടാണ് വക്കാലത്തിന്റെ കാര്യത്തില്‍ ആളൂര്‍ കൈക്കൊണ്ടത്.
സൗമ്യ കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരികയെന്ന സാമൂഹ്യ താല്‍പര്യമാണ് തനിക്കെന്ന് പറഞ്ഞെങ്കിലും ഗോവിന്ദച്ചാമിയുടെ കുടുംബാംഗങ്ങളാണ് കേസ് ഏല്‍പിച്ചതെന്നായിരുന്നു വടക്കാഞ്ചേരി കോടതിയില്‍ പറഞ്ഞത്. കേസ് ജില്ലാ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ സുഹൃത്തുക്കളാണ് കേസ് ഏല്‍പിച്ചതെന്നായി. ചെന്നൈ കേന്ദ്രീകരിച്ചുള്ള പിടിച്ചുപറിക്കാരാണ് കേസ് തന്നെ ഏല്‍പിച്ചതെന്നും ഒരുതവണ വിവരിച്ചു.
പക്ഷേ, മറ്റൊരു കഥയാണ് തൃശൂരിലെ ചില അഭിഭാഷകര്‍ക്ക് പറയാനുള്ളത്. പൂനയില്‍ സഹപാഠിയായ തൃശൂരിലെ അഡ്വക്കേറ്റ് എന്‍ ജെ നെറ്റോയെയാണ് ആളൂര്‍ ഗോവിന്ദച്ചാമി വിഷയത്തില്‍ ആദ്യം സമീപിച്ചതെന്ന് അവര്‍ പറയുന്നു. പക്ഷേ, നെറ്റോ അതിന് വഴങ്ങാതെ വന്നതോടെ ആളൂര്‍ നേരിട്ടെത്തി. പ്രതിക്കായി ജാമ്യാപേക്ഷ നല്‍കി. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാണെന്ന് മനസ്സിലാക്കിയതോടെ മുംബൈയില്‍ നിന്ന് അംഗരക്ഷകരെന്ന പേരില്‍ ഒരു സംഘത്തെയും കൂടെ കൊണ്ടുനടന്നിരുന്നു. മുംബൈ കോടതിയില്‍ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനാണ് എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
തനിക്ക് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ആളൂര്‍ സ്വീകരിച്ചിരുന്നത്. റെയില്‍വെയിലും പൊതുനിരത്തുകളിലും വിലസുന്ന നിരവധി ക്രിമിനലുകളെ മതംമാറ്റുകയും അതിന്റെ പേരില്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നതോടെ ആളൂരിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.
ഏതായാലും സ്വന്തമായി കേസ് നടത്താന്‍ കുടുംബപരമായി കഴിവില്ലാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് കേരള പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തൃശൂരുള്ള പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ തമിഴ്നാട് കടലൂര്‍ ജില്ലയിലെ വിരുതാചലത്തെ വിമുക്ത ഭടനായിരുന്ന അറുമുഖന്റെ മകനാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായി. അമ്മയും അച്ഛനും നേരത്തേ മരിച്ചെന്നും ജ്യേഷ്ഠന്‍ സുബ്രഹ്മണി കൊലപാതകക്കേസില്‍ പ്രതിയായി സേലം ജയിലിലാണെന്നും മനസ്സിലായി. വിരുതാചലം സമത്വപുരത്ത് ഐവത്തുകുടിയില്‍ സര്‍ക്കാര്‍ ഭവനിര്‍മ്മാണ പദ്ധതി പ്രകാരം വച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം.
സൈനികസേവനകാലത്ത് കിട്ടിയ ശമ്ബളവും പിന്നീട് ലഭിച്ച പെന്‍ഷനുമെല്ലാം ചേര്‍ത്ത് അറുമുഖന്‍ പത്തുലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ തുക മക്കള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. പക്ഷേ, രണ്ടുപേരും ജയിലിലായതോടെ പണം അക്കൗണ്ടില്‍ത്തന്നെ കിടന്നു. പക്ഷേ, സൗമ്യ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം സാക്ഷിയായി സുബ്രഹ്മണിയെ കൊണ്ടുവരാന്‍ ആളൂര്‍ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസുമായി അയാള്‍ക്കെന്താണ് ബന്ധമെന്നും ജയിലിലുള്ള ആളെ എന്തിന് വിസ്തരിക്കണമെന്നും കോടതി ആരാഞ്ഞപ്പോള്‍ ഗോവിന്ദച്ചാമി അറസ്റ്റുചെയ്യപ്പെട്ട വിവരം വീട്ടില്‍ അറിഞ്ഞില്ലെന്നും അതിനാണെന്നും ആളൂര്‍ വാദിച്ചു. പക്ഷെ, കോടതി അത് അനുവദിച്ചില്ല. സുബ്രഹ്മണിയെ പുറത്തിറക്കി ബാങ്ക് അക്കൗണ്ടിലുള്ള പണം ചേട്ടനും അനുജനും വീതിച്ചെടുക്കാനായിരുന്നു ഈ നീക്കമെന്ന സംശയമാണ് അക്കാലത്ത് ഉയര്‍ന്നത്.
ഏതായാലും ഇത്തരത്തില്‍ ആളൂര്‍ ഉന്നയിച്ച വാദങ്ങളില്‍ പലതും കോടതി തള്ളുകയും ചില വിചിത്രമായ വാദങ്ങളില്‍ കോടതി ആളൂരിനെ ശാസിക്കുകയും ചെയ്തിരുന്നു. അനാവശ്യ ചോദ്യങ്ങളാല്‍ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന താക്കീതും പലപ്പോഴുമുണ്ടായി. പക്ഷേ, ഇതെല്ലാം താണ്ടി ആളൂര്‍ ഇപ്പോഴും ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ചു. ഒടുവില്‍ അതില്‍ വിജയം കാണുകയും ചെയ്തു.
മാദ്ധ്യമശ്രദ്ധ നേടാന്‍ കേസെടുത്തു, ഗോവിന്ദച്ചാമിയെ രക്ഷിച്ചതോടെ ഗ്ലാമര്‍ പരിവേഷവും
മാദ്ധ്യമശ്രദ്ധ നേടാന്‍ വേണ്ടായായിരുന്നു ആളൂര്‍ ഗോവിന്ദച്ചാമിയുടെ കേസെടുത്തത്. ഒന്നുമല്ലാത്ത വക്കീലിനെ പൊക്കിക്കാണിക്കുന്നതിനു വേണ്ടി നടന്ന പ്രചരണമാണ് ആളൂര്‍ വലിയ വക്കീലാണെന്ന മട്ടിലുണ്ടായതെന്നാണ് സോഷ്യല്‍ മീഡയിയിലൂടെ മിക്കവരും അഭിപ്രായപ്പെട്ടത്. ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നതിനുവേണ്ടി ആളൂര്‍ ആദ്യം പത്രക്കാരെ കയ്യിലെടുക്കുകയും അതിലൂടെ പ്രസിദ്ധി നേതാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി അവര്‍ ചര്‍ച്ചചെയ്തു. ഈ വാദങ്ങളില്‍ കഴമ്ബുണ്ടെന്ന സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തു. 2011 സെപ്റ്റംബറില്‍ മണിചെയിന്‍ തട്ടിപ്പുകേസിലെ പ്രതി മദിനീനിയെ തൃശൂരിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാവിലെ മദനീനിയുടെ വക്കീല്‍ എന്നു പരിചയപ്പെടുത്തി ആളൂരിന്റെ അഭിഭാഷക സംഘത്തിലെ ഒരാള്‍ കോടതിയിലെത്തി.
ഹൈദരാബാദിലെ ഉന്നതബന്ധം വഴി നാനോ എക്സല്‍ കേസുകളില്‍ ഇനി ആളൂരിന്റെ അഭിഭാഷക സംഘം ഹാജരാകുമെന്നായിരുന്നു പ്രചരണം. ഉച്ചയോടെ ആളൂര്‍ തന്നെ ഹാജരായി. പക്ഷേ അപ്പോള്‍ മദനീനി പറഞ്ഞത് എനിക്ക് നിങ്ങളെ അറിയില്ലെന്നും എനിക്ക് വേറെ വക്കീല്‍ ഉണ്ടെന്നും ആയിരുന്നു. ഇതോടെ ആളൂര്‍ മിണ്ടാതെ സ്ഥലംവിടുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകേസുകളില്‍ ഹാജരായി പേരെടുക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ മാത്രമാണ് ആളൂര്‍ എന്നും ഇയാള്‍ വലിയ സംഘത്തിന്റെ പ്രതിനിധിയാണെന്ന മട്ടില്‍ നടക്കുന്ന പ്രചരണങ്ങളില്‍ ഒരു കഴമ്ബുമില്ലെന്നുമുള്ള വാദവും ഉയരുന്നുണ്ട്.
സമാനമായ രീതിയില്‍ അടുത്തിടെ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസല്‍മിന്റെ വക്കാലത്ത് ഏറ്റെടുക്കാനും ആളൂര്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനുപോലും സാധാരണഗതിയില്‍ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നുംവരെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്തായലും ഗോവിന്ദച്ചാമിയെ തൂക്കു കയറില്‍ നിന്നും രക്ഷിച്ചതോടെ അഡ്വ. ആളൂരിന് ക്രിമിനലുകള്‍ക്കിടയില്‍ ഗ്ലാമര്‍ പരിവേഷമാണ് ഉണ്ടായിരിക്കുന്നത്.
No comments:
Post a Comment