Wednesday, 14 September 2016

ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടു നിര്‍ത്തി; നെഞ്ചു പൊട്ടിപ്പോകുന്നു, നീതിക്കായി ഏതറ്റംവരെയും പോകും പൊട്ടിക്കരഞ്ഞ് സൗമ്യയുടെ അമ്മ



ഷൊര്‍ണൂര്‍: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍നിന്ന് ഉണ്ടായത് നെഞ്ച് പൊട്ടുന്ന വിധിയെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു പ്രതികരണം.
നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുംവരെ കേസിന് പിന്നാലെ പോകും. ഗോവിന്ദച്ചാമിക്കെതിരെ തെളിവുകള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കിയ നടപടി സര്‍ക്കാരിന്റെ വീഴ്ചയാണ്.

സര്‍ക്കാരിന്റെ ഇടപെടലിലുള്ള വീഴ്ചയാണ് വിധി ഇങ്ങനെയായിത്തീരാന്‍ കാരണമെന്ന് സുമതി ആരോപിച്ചു. ഇതിനു പിന്നില്‍ ആരൊക്കെയോ ഉണ്ട് എന്നും സുമതി പറയുന്നു.
നീതി കിട്ടാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഭരണം മാറിയപ്പോള്‍ വക്കീലിനെ മാറ്റി. എന്നാല്‍ ഇതൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല. ഒന്നുമറിയാത്ത വക്കിലിനെയാണ് കൊണ്ടു നിര്‍ത്തിയത്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ കാണുമെന്നും സുമതി പറഞ്ഞു. സുപ്രീം കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശരീരം തളര്‍ന്നുപോകുന്ന അവസ്ഥയിലാണ് സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നതെന്നും പറഞ്ഞിരുന്നു.

വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി വനല്‍കിയ അപ്പീലിലാണ് വിധി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പ്രതികരിച്ചിരുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏതാനും വരികള്‍ മാത്രമായിരുന്നു വിധി പ്രസ്താവത്തിലുണ്ടായിരുന്നത്.

ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഇത് പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. ഗോവിന്ദച്ചാമി ഇതിനോടകം ജയിലില്‍ കഴിഞ്ഞ കാലയളവും ശിക്ഷാ കാലയളവായി പരിഗണിക്കും. അങ്ങനെയെങ്കില്‍ ഇനി ഒന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ ഗോവിന്ദച്ചാമി ജയില്‍ മോചിതനാകും.

No comments:

Post a Comment