Wednesday, 14 September 2016

പണപ്പെരുപ്പം കുത്തനെ കുറഞ്ഞു; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയേറി


പണപ്പെരുപ്പം ആശ്വാസകരമായ നിലയിലെത്തിയതോടെ, പുതിയ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ എന്തു നിലപാടെടുക്കുമെന്നതാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്.

മുംബൈ: ഭക്ഷ്യവസ്തുക്കളുടെ വില ന്യായമായ തോതില്‍ താഴ്ന്നതോടെ രാജ്യത്തെ ചില്ലറവിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പത്തില്‍ വലിയ ആശ്വാസം. ആഗസ്തിലെ ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള പണപ്പെരുപ്പം 5.05 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

ജൂലായിലെ 6.07 ശതമാനമെന്ന ഉയര്‍ന്ന നിലയില്‍ നിന്ന് കുത്തനെയുള്ള ഇറക്കമാണിത്. രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിനടുത്തായിരുന്നു ജൂലായിലെ പണപ്പെരുപ്പം.

2017 മാര്‍ച്ചോടെ പണപ്പെരുപ്പം അഞ്ച് ശതമാനമായി നിലനിര്‍ത്തുകയെന്ന ആര്‍ബിഐയുടെ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുകയാണിപ്പോള്‍. പണപ്പെരുപ്പത്തില്‍ ശുഭവാര്‍ത്തകള്‍ വന്നതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്. ഒക്ടോബര്‍ നാലിനാണ് പുതിയ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ആദ്യ പണ, വായ്പാ നയം. അതേസമയം ജൂലായിലെ വ്യാവസായികോത്പാദനം 2.4 ശതമാനം കുറഞ്ഞിട്ടുമുണ്ട്. ഇത് പലിശ കുറയ്ക്കുന്ന കാര്യത്തില്‍ ഉര്‍ജിത് പട്ടേലിന് സമ്മര്‍ദമുണ്ടാക്കും.

ആഗസ്തിലെ ഭക്ഷ്യ വിലക്കയറ്റം 5.91 ശതമാനമാണ്. ജൂലായില്‍ ഇത് 8.35 ശതമാനമായിരുന്നു. എന്നാല്‍ മൊത്തം ഭക്ഷ്യവസ്തുക്കളുടെ വില താഴ്ന്നപ്പോള്‍ പയര്‍, പരിപ്പ് വര്‍ഗങ്ങളുടെയും പഞ്ചസാരയുടെയും വില വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനവും 25 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റതിനെത്തുടര്‍ന്ന് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് ജീവന്‍ വച്ചിരുന്നു. ഭക്ഷ്യവില ഇനിയും താഴ്ന്നാല്‍ പലിശ കുറയ്ക്കുമെന്നതില്‍ സംശയമില്ലെന്നാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

മൂലധന സാമഗ്രികളുടെയും ഉപയോക്തൃ ഉത്പന്നങ്ങളുടെയും ഉത്പാദനം കുറഞ്ഞതാണ് വ്യാവസായികോത്പാദനം കുറയാന്‍ കാരണമായത്. ജൂണില്‍ 2.1 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്തുനിന്നാണ് ഈ തളര്‍ച്ച.

നിക്ഷേപ വളര്‍ച്ചയുണ്ടാകാന്‍ പലിശ കുറയ്ക്കണമെന്ന ആവശ്യം വ്യവസായ ലോകം ഉയര്‍ത്തുന്നുണ്ട്. അടിസ്ഥാന നിരക്കില്‍ കാല്‍ ശതമാനമെങ്കിലും കുറവാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ 2015 മുതല്‍ പലിശ നിരക്കില്‍ 1.5 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു.

No comments:

Post a Comment