അള്‍ത്താരയില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് വൈദികന്‍ വിശുദ്ധനാക്കപ്പെടുമെന്ന് സൂചിപ്പിച്ച് പോപ്പ് ഫ്രാന്‍സിസ്; ഫാ.ജാക്യൂസ് ഹാമലിന്റെ കല്ലറയില്‍ പ്രാര്‍ത്ഥനയുമായി അനേകം വിശ്വാസികള്‍
പാരിസ്: ഇക്കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നോര്‍മാഡിയിലുള്ള റൗയനിലെ സബര്‍ബായ സെയിന്റ്‌എറ്റിന്നെഡുറൗവറിയിലെ ചര്‍ച്ചിലെ അള്‍ത്താരയില്‍ ഐസിസുകാരാല്‍ കഴുത്തറത്തുകൊല ചെയ്യപ്പെട്ട ഫ്രഞ്ച് വൈദികന്‍ ഫാ.ജാക്യൂസ് ഹാമലിനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന സൂചനയുമായി പോപ്പ് ഫ്രാന്‍സിസ് രംഗത്തെത്തി. ഈ ഫാദറിന്റെ കല്ലറയില്‍ പ്രാര്‍ത്ഥനയുമായി അനേകം വിശ്വാസികള്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഫാ.ഹാമല്‍ ഒരു രക്തസാക്ഷിയാണെന്ന നിര്‍ണായക പ്രഖ്യാപനം പോപ്പ് ഇപ്പോള്‍ നടത്തിയിരിക്കുകയാണ്.
ഫ്രഞ്ച് നഗരമായ റൗയനില്‍ കൂടിയ അനേകം വിശ്വാസികളോട് സംസാരിക്കവെയാണ് പോപ്പ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.അബ്ദെല്‍ മാലിക്ക്, അഡെല്‍ കെര്‍മിച്ചെ എന്നീ ഐസിസ് ഭീകരരായിരുന്നു വൈദികനെ അള്‍ത്താരയില്‍ വച്ച് വകവരുത്തിയിരുന്നത്. തുടര്‍ന്ന് ഇവര്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ച് കന്യാസ്ത്രീകളെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.
ഹാമലിന്റെ വധത്തിന് ശേഷമായിരുന്നു ഫ്രാന്‍സിലെ നേതാക്കന്മാര്‍ ഇവിടെ വളര്‍ന്ന് വരുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള നടപടികള്‍ കര്‍ക്കശമാക്കിയിരുന്നത്. പടിഞ്ഞാറന്‍ യൂറോപ്പിലെ ചര്‍ച്ചില്‍ ഇസ്ലാമിക് ഭീകരര്‍ നടത്തിയ ആദ്യ ആക്രമണമായി ഇത് അറിയപ്പെടുന്നു. ഫ്രാന്‍സിലെ നൈസില്‍ ബാസ്റ്റില്ലെ ഡേ ആഘോഷത്തില്‍ ഏര്‍പ്പെട്ടിരുന്ന ജനക്കൂട്ടത്തിന് നേരെ ലോറി ഓടിച്ച് കയറ്റി ഐസിസ് അനുഭാവി നടത്തിയ വെടിവയ്പില്‍ 84 പേര്‍ കൊല്ലപ്പെട്ട് 12 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വൈദികന്‍ ഇത്തരത്തില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടിരുന്നത്. ദൈവത്തിന്റെ പേരില്‍ ജനങ്ങളെ കൊല്ലുന്നത് പൈശാചികമാണെന്നും റൗയനില്‍ വച്ച് പോപ്പ് പ്രസ്താവിച്ചു. ഫാ. ഹാമല്‍ അദ്ദേഹത്തിന്റെ ജീവന്‍ നമുക്കായി സമര്‍പ്പിച്ച് രക്തസാക്ഷിയായെന്നും പോപ്പ് വിശ്വാസികളെ ഓര്‍മിച്ചിരുന്നു.
സങ്കീര്‍ണമായ പ്രക്രിയകളിലൂടെ മാത്രമേ കത്തോലിക്കാ സഭ ഒരാള്‍ക്ക് വിശുദ്ധപദവി നല്‍കാറുള്ളൂ. ഒരാള്‍ അത്ഭുത പ്രവര്‍ത്തികള്‍ ചെയ്തുവെന്ന് തെളിഞ്ഞാല്‍ മാത്രമേ വിശുദ്ധ പദവി ചാര്‍ത്തിക്കൊടുക്കുകയുമുള്ളൂ. എന്നാല്‍ രക്തസാക്ഷിയായി പ്രഖ്യാപിക്കപ്പെടുന്നവര്‍ക്ക് ഇത് ആവശ്യമില്ല. ലാളിത്യവും മനുഷ്യത്വവുമുള്ള വൈദികനായിരുന്നു ഫാ. ഹാമലെന്ന് പോപ്പ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഒരു ചിത്രം പ്രസ്തുത ചര്‍ച്ചിന്റെ അള്‍ത്താരയില്‍ സ്ഥാപിക്കണമെന്നും പോപ്പ് ഉത്തരവിട്ടിരുന്നു. ദൈവവുമായി അടുത്തിടപഴകാന്‍ കഴിയുന്നവരും അതിനാല്‍ അത്യത്ഭുതങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നവരുമായവരെയാണ് സാധാരണ വിശുദ്ധരായി പ്രഖ്യാപിക്കാറുള്ളത്.
സാത്താന്റെ സ്വാധീനത്തില്‍ അകപ്പെട്ടിട്ടാണ് ഇസ്ലാമിക് തീവ്രവാദികള്‍ ഫാ. ഹാമലിനെ വധിച്ചതെന്നാണ് റൗയാനിലെ ബിഷപ്പായ ഡോമിനിക് ലെബ്റന്‍ റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചിരിക്കുന്നത്. തന്റെ സഹോദരനെ കൊല ചെയ്തതിന് താന്‍ ഇസ്ലാമിനെ കുറ്റപ്പെടുത്തില്ലെന്നാണ് ഫാ.ഹാമലിന്റെ സഹോദരിയായ റോസ്ലിന്‍ പ്രതികരിച്ചിരിക്കുന്നത്. മുസ്ലിം സഹോദരന്മാര്‍ സ്നേഹത്തിന്റെ ദൈവത്തെയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും അത് നമ്മുടെ ദൈവമാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഭീകരര്‍ കൊല നടത്തിയത് ഇസ്ലാമിന്റെ ദൈവത്തിന്റെ പേരിലല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
No comments:
Post a Comment