Wednesday, 14 September 2016

മലയാളികളുടെ ഓണക്കുടി ഇക്കുറിയും പൊടിപൊടിച്ചു..! ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രം വിറ്റത് 410 കോടിയുടെ മദ്യം; ഓണക്കാല വില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവ്; ചാലക്കുടിയിലെ കുടിയന്മാരെ പിന്തള്ളി ഇരിങ്ങാലക്കുടക്കാര്‍ ഉപഭോഗത്തില്‍ മുമ്ബില്‍



തിരുവനന്തപുരം: മാവേലിയുടെ ഓണമാണോ അതോ വാമനന്റെ പേരിലുള്ള ഓണമാണോ ഇത്തവണത്തേത് എന്നതായിരുന്നു സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളായി ചൂടായി നിന്ന വിവാദം. എന്നാല്‍, ഈ തര്‍ക്കമെല്ലാം ഓണത്തിന് കുപ്പി പൊട്ടിച്ചതോടെ ഇല്ലാതെയായി. പതിവുപോലെ മദ്യലഹരിയില്‍ തന്നെയാണ് മലയാളികള്‍ ഇത്തവണയും ഓണം ആഘോഷിച്ചത്. ബാറുകള്‍ പൂട്ടി ബിയര്‍പാര്‍ലറായി മാറിയെങ്കിലും അതൊന്നും മദ്യഉപഭോഗത്തെ ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാനത്തെ ഓണക്കുടി ഇത്തവണയും കൊഴുത്തത്.

ഓണക്കാലത്തെ മദ്യവില്‍പനയില്‍ പതിവുപോലെ ഇത്തവണയും വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. എട്ടു ദിവസങ്ങളിലായി 409.55 കോടി രൂപയുടെ മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 16 ശതമാനം വര്‍ധനയാണ് ഇത്തവണ മദ്യവില്‍പനയിലൂടെയുള്ള വരുമാനത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 353.08 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.
ഈ മാസം ഒന്നു മുതല്‍ ഉത്രാടദിനമായ ഇന്നലെ വരെയുള്ള 13 ദിവസംകൊണ്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തവണ ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 59 കോടിയായിരുന്നു.

ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. കാലങ്ങളായി ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിലാണ് ഓണക്കാലത്ത് ഏറ്റവും കൂടുതലായി മദ്യം വില്‍ക്കുന്നത്. ഇത്തവണ ചാലക്കുടിയെ പിന്തള്ളിയ ഇരങ്ങാലക്കുടയില്‍ ഓണക്കാലത്ത് 53.84 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മദ്യം വിറ്റ ചാലക്കുടിയില്‍ ഇത്തവണ 40 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.

അതേസമയം, കഴിഞ്ഞ തവണത്തേതില്‍ നിന്നും മദ്യവിലയില്‍ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ മദ്യ ഉപഭോഗത്തില്‍ വര്‍ധന ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല. ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ വിറ്റ മദ്യത്തിന്റെ കണക്കുകള്‍ കൂടിു പരിശോധിക്കുമ്ബോള്‍ പതിവുപോലെ ഇത്തവണയും ഓണക്കുടിയുടെ കാര്യത്തില്‍ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

No comments:

Post a Comment