Wednesday, 14 September 2016

ബാംഗ്ലൂരില്‍ നിന്നും സൗരോര്‍ജ്ജ പാളികളാല്‍ നിര്‍മ്മിച്ച പെട്ടി ഓട്ടോയില്‍ ഓട്ടം തുടങ്ങിയ നവീന്‍ ലണ്ടനില്‍ എത്തി; 10,000 കിലോമീറ്റര്‍ തീണ്ടി ഒരു ഇന്ത്യന്‍ യുവാവിന്റെ സാഹസിക യാത്രയ്ക്ക് സമാപനം



ലണ്ടന്‍: ലോകത്തെ അറിയാന്‍ വേണ്ടിയുള്ള യാത്രകളാണ് ഇന്നത്തെ നിലയിലേക്ക് ലോകത്തെ എത്തിച്ചത്. വേണ്ടത്ര സൗകര്യങ്ങളൊന്നുമില്ലാതെ പായ് വഞ്ചിയില്‍ കടല്‍മാര്‍ഗ്ഗം ഉലകം ചുറ്റിയ പ്രമുഖര്‍ മനുഷ്യവംശത്തിന് കുടിയേറി പാര്‍ക്കാന്‍ പുതിയ ഭൂഖണ്ഡങ്ങള്‍ കണ്ടെത്തി. പിന്നീട് കാലാകാലങ്ങളായി ഇത്തരം യാത്രകളുണ്ടായി. കടലിലൂടെയും കരയിലൂടെയും വായുമാര്‍ഗ്ഗത്തിലൂടെയും സഞ്ചരിക്കുക എന്നത് ഇന്ന് ലോകത്തിന്റെ ഹോബിയായി മാറിയിട്ടുണ്ട്. നിരവധി ഇന്ത്യക്കാരാണ് ഇത്തരം യാത്രകളിലൂടെ ലോകത്തെ അറിയാന്‍ ഇറങ്ങിത്തിരിച്ചത്.
ഇന്ത്യയില്‍ നിന്നും പുറപ്പെട്ട് ലണ്ടനില്‍ എത്തിയവരുടെ കഥകള്‍ നാം വായിച്ചറിഞ്ഞതുമാണ്. മലയാളം സംവിധായകന്‍ ലാല്‍ജോസും സംഘവും കാറില്‍ ലണ്ടന്‍ വരെ യാത്ര ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സൗരോര്‍ജ്ജ ഓട്ടോറിക്ഷയില്‍ ലോകം ചുറ്റിയ ഇന്ത്യക്കാരന്‍ യുവ എന്‍ജിനീയര്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.

സൗരോര്‍ജ്ജത്താല്‍ ലോകം ചുറ്റിയ സോളാര്‍ ഇംപള്‍സ് വിമാനം ചരിത്രം സൃഷ്ടിച്ചിടത്താണ് സൗര ഓട്ടോയില്‍ ലോകം ചുറ്റിയ യുവ എന്‍ജിനീയര്‍ പുതുമാതൃക തീര്‍ത്തത്. സൗരോര്‍ജ ഓട്ടോറിക്ഷ ഏഴുമാസം കൊണ്ട് 9978 കിലോമീറ്റര്‍ ഓടിച്ചാണ് ഓസ്ട്രിലേയന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ബാംഗ്ലൂരില്‍ നിന്നും പുറപ്പെട്ട് ലണ്ടന്‍ വരെയായിരുന്നു നവീന് റബേലി എന്ന മുപ്പത്തഞ്ചുകാരന്റെ സാഹസികമായ യാത്ര.

ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നിന്നും യാത്രതിരിച്ച നവീന്‍ റബേലി ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ലണ്ടനിലെത്തിയത്. ഊര്‍ജസംരക്ഷണവും സൗരോര്‍ജത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യത്തോടെയാിരുന്നു നവീന്റെ യാത്രകള്‍. ലോകം മുഴുവന്‍ സോളാര്‍ എനര്‍ജിയിലേക്ക് തിരിയുന്ന വേളയിലാണ് ഇത്തരമൊരു യാത്രയ്ക്ക് നവീന്‍ തുടക്കമിട്ടത്. ബാംഗ്ലൂര്‍ നഗരത്തില്‍ അടുത്തിടെ പരീക്ഷണിടാസ്ഥാനത്തില്‍ സൗരോര്‍ജ്ജ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൂടിയായിരുന്നു നവീന്റെ യാത്ര.

ഓട്ടോറിക്ഷയില്‍ ലോകത്തിന്റെ വൈവിധ്യങ്ങള്‍ ഈ യാത്രയില്‍ അറിയാന്‍ സാധിച്ചു എന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് നവീന്‍ പറയുന്നു. സാധാരണ പെട്ടി ഓട്ടോറിക്ഷയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചു കൊണ്ടായിരുന്നു നവീന്‍ യാത്ര നടത്തിയത്. ഫ്രാന്‍സില്‍ വച്ച്‌ പാസ്പോര്‍ട്ടും അത്യാവശ്യവസ്തുക്കളും മോഷണം പോയതൊഴിച്ചാല്‍ യാത്ര ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ചു. യാത്രയിലുടനീളം സൗരോര്‍ജറിക്ഷയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചതെന്നും നവീന്‍ പറഞ്ഞു. ഇന്ത്യന്‍ സ്റ്റൈലിലുള്ള ഓട്ടോ യൂറോപ്യന്‍ നിരത്തില്‍ ഇറങ്ങിയപ്പോള്‍ പലര്‍ക്കും കൗകുതമായിരുന്നു. അടിയന്തര പാസ്പോര്‍ട്ട് സംഘടിപ്പിച്ചായിരുന്നു യാത്ര.



ഓട്ടോറിക്ഷയുമായി ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി യാത്ര അവസാനിപ്പിക്കണമെന്നാണ് നവീന്റെ ആഗ്രഹം. സ്വന്തമായി രൂപകല്പന ചെയ്ത ഓട്ടോറിക്ഷയില്‍ കിടക്ക, സഹയാത്രികനുള്ള ഇരിപ്പിടം, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള അലമാര, ആഹാരം പാകം ചെയ്യാനുള്ള സൗരോര്‍ജ കുക്കര്‍ എന്നിവ ഒരുക്കിയിരുന്നു. ഓട്ടോയുടെ മുകളിലും സൈഡിലുമായാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. സാധാരണ ഡീസല്‍ എന്‍ജിന്‍ ഓട്ടോറിക്ഷ 1500 ഡോളറിന വാങ്ങി 11,500 ഡോളര്‍ കൂടി മുടക്കിയാണ് നവീന്‍ ഈ യാത്രയ്ക്ക് വാഹനം ഒരുക്കിയത്. മില്‍ബ്രൂക്കില്‍ നടക്കുന്ന ലോ കാര്‍ബണ്‍ വെഹിക്കിള്‍ ഇവെന്റില്‍ പങ്കെടുക്കുക എന് ആഗ്രഹവും ഈ യുവാവിനുണ്ട്.

ഇറാന്‍, തുര്‍ക്കി, ബള്‍ഗേറിയ, സെര്‍ബിയ, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയായിരുന്നു യാത്ര. റോഡില്ലാത്ത സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ ഫെറികളിലാണ് എത്തിച്ചത്. ഓസ്ട്രേലിയന്‍ പൗരത്വമുള്ള നവീന്‍ അവിടെ ഓട്ടോമൊബൈല്‍ എന്‍ജിനീയറാണ്. തന്റെ ഓട്ടോയാത്രയ്ക്ക് പണം സ്വരൂപിക്കാനും മറ്റുമായി ഒരു വെബ്സൈറ്റും നവീന്‍ തുടങ്ങിയിരുന്നു. ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ട് എന്ന ആശയത്തിന്റെ പ്രചരണം കൂടിയാണ് ഇതിലൂടെ നവീന്‍ ലക്ഷ്യമിട്ടത്.

No comments:

Post a Comment